“ഈ മൃതദേഹങ്ങളാണ് ഞങ്ങളുടെ അടുപ്പുകളെ കത്തിക്കുന്നത്,” വാരാണസിയിലെ രാജ ഹരിശ്ചന്ദ്ര ഘട്ടിലെ ആ ദിവസത്തെ രണ്ടാമത്തെ ശവദാഹം നടത്താനൊരുങ്ങുന്ന വിജയ് പറയുന്നു. പുകയും ചാരവും അയാളുടെ മൂക്കും കണ്ണും നീറ്റുന്നുണ്ട്. എന്നിട്ടും, കൈകൊണ്ട് അത് വകഞ്ഞുമാറ്റി അദ്ദേഹം തനിക്ക് പോകാനുള്ള വഴിയൊരുക്കുന്നു.
ബനാറസിലെ പട്ടികജാതിയിൽപ്പെട്ട ഡോം സമുദായക്കാരനാണ് 35-കാരനായ വിജയ് ചൗധുരി തൻ്റെ കുടുംബത്തിൽ ഈ ജോലിയിലേർപ്പെടുന്ന മൂന്നാം തലമുറക്കാരനാണ്. അവിടെ കൊണ്ടുവരുന്ന മൃതദേഹങ്ങൾക്ക് യഥാവിധി അന്ത്യകർമ്മങ്ങൾ നൽകി അവയെ സംസ്കരിക്കലാണ് ജോലി.
അവിടെയുള്ള മറ്റുള്ളവരെപ്പോലെ അദ്ദേഹത്തിനും വീട്ടിൽ ദ്രവീകൃത പെട്രോളിയം വാതക (എൽ.പി.ജി) കണക്ഷനുണ്ടെങ്കിലും കഴിഞ്ഞ 25 ദിവസമായി അത് കിട്ടുന്നില്ല. “റീഫിൽ ചെയ്യാൻ നോക്കിയെങ്കിലും ആരും ഫോണെടുക്കുനില്ല. 14.2 കിലോഗ്രാം വരുന്ന 1,000 രൂപയുടെ സിലിണ്ടറിന് 2,000 രൂപ കൊടുക്കാനൊന്നും ഞങ്ങൾക്ക് കഴിവില്ല. അതിനാൽ, പഴയ രീതിയിലേക്ക് മാറിക്കഴിഞ്ഞു ഞങ്ങൾ. ശവസംസ്കാരം കഴിഞ്ഞ് ബാക്കിവരുന്ന വിറകുകൊണ്ട് അടുപ്പുകൾ കത്തിക്കുക. എല്ലാദിവസവും കുറച്ച് വിറക് ഞങ്ങളെടുക്കും,” വിജയ് പാരിയോട് പറയുന്നു.















