അഞ്ജലി അവളെ എന്നും അഭിസംബോധന ചെയ്തിരുന്നത് അമ്മ എന്നാണ്. ഇത് പറയുമ്പോൾ അഭിമാനത്തോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു തുളസി. ചുരുൾമുടികൾ കെട്ടിവെച്ച്, പിങ്ക് സാരി ചുറ്റിയ അവർ ഒരു ട്രാൻസ് വുമണാണ്. ഒമ്പത് വയസ്സുള്ള ഒരു മകളുമുണ്ട് അവർക്ക്.
‘കാർത്തിഗ’എന്ന് തുളസി സ്വയം വിളിച്ചുതുടങ്ങിയത് കൗമാരത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. പിന്നീട് ഒരു ഉദ്യോഗസ്ഥൻ വരുത്തിയ പിഴവ് കാരണം റേഷൻ കാർഡിൽ ‘തുളസി’എന്നായിപ്പോയി. തമിഴിൽ ഇരുലിംഗങ്ങൾക്കും ഇടാറുള്ള പൊതുവായ ഒരു പേരായിരുന്നു അത്. സന്തോഷത്തോടെ ആ പേര് സ്വീകരിച്ച് രണ്ട് പേരുകൾക്കും വിളി കേൾക്കാൻ തുടങ്ങി തുളസി.
തമിഴ് നാട്ടിലെ തിരുപോരൂർ താലൂക്കിലെ ദർഗാസ് എന്ന ഒരു ഇരുള കോളനിയിലാണ് തന്റെ മകൾ അഞ്ജലിയോടൊപ്പം അവർ താമസിക്കുന്നത്. അഞ്ജലി ചെറിയ കുട്ടിയായിരുന്നപ്പൊഴേ തുളസിയുടെ ഭാര്യ അവരിൽനിന്ന് വിവാഹമോചനം നേടി. 2016-ലെ വർധയിലെ കൊടുങ്കാറ്റിലാണ് ആ ദമ്പതികൾക്ക് അവരുടെ ഒമ്പത് വയസ്സായ ആദ്യത്തെ കുട്ടിയെ നഷ്ടമായത്.
നാല്പതുകളിലെത്തിനിൽക്കുന്ന തുളസി ഇപ്പോൾ കുറേ വർഷങ്ങളായി തിരുനംഗൈ (ട്രാൻസ് വുമണിനുള്ള തമിഴ് വാക്ക്) സമുദായത്തിന്റെ ഭാഗമാണ്. മടിയിലിരിക്കുന്ന അഞ്ജലിയെ അരുമയോടെ നോക്കി അവർ പറയുന്നു, “ഞാൻ ഒരു പാൽക്കുപ്പിയുമെടുത്ത് ഇവളേയും കൂട്ടി, ഞങ്ങളുടെ തിരുനംഗൈ സമ്മേളനങ്ങൾക്ക് പോകാറുണ്ട്”.


















