"ഷോലെ സിനിമയിലെ താക്കൂറിനെപ്പോലെയാണ് ഞാൻ."
രവീന്ദ്ര ഷിൻഡെ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു; ഷോലെ എന്ന സുപ്രസിദ്ധ ഹിന്ദി സിനിമയിൽ സഞ്ജീവ് കുമാർ അവതരിപ്പിച്ച കഥാപാത്രവുമായി തന്നെ ഉപമിച്ചു പറഞ്ഞ തമാശ അദ്ദേഹത്തിന് സ്വയം ബോധിച്ചിട്ടുണ്ട്. പക്ഷെ പൊടുന്നനെ അദ്ദേഹം നിശബ്ദനായി. "ഒരുപക്ഷെ ഞാൻ ആ കഥാപാത്രത്തേക്കാൾ ഭാഗ്യവാനാണ്. അയാൾക്ക് ഇരുകൈകളും നഷ്ടപ്പെട്ടിരുന്നുവല്ലോ."
ഷിൻഡെയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഒരുപക്ഷെ ജീവിതത്തെക്കുറിച്ച് തമാശ പറയുന്നത് പോയിട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻപോലും കഴിയാതെ തകർന്നുപോയേനെ. എന്നാൽ 47 വയസ്സുകാരനായ ഷിൻഡെ ഇപ്പോഴും നർമ്മബോധത്തോടെ ജീവിതത്തെ നോക്കിക്കാണുന്നു.
മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലുള്ള ഉംറി ഗ്രാമത്തിൽ സ്വന്തമായുള്ള 16 ഏക്കർ നിലത്ത് കൗമാരകാലംതൊട്ടേ മുടങ്ങാതെ കൃഷിചെയ്തുവരികയാണ് ഈ കർഷകൻ. ദശാബ്ദങ്ങളായി ഈ പ്രദേശത്തെ ഒന്നാകെ ഗ്രസിച്ചിരിക്കുന്ന കാർഷിക പ്രതിസന്ധിയുടെ തുടക്കകാലത്താണ് നിർഭാഗ്യവശാൽ അദ്ദേഹം കാർഷികവൃത്തിയിലേയ്ക്ക് തിരിഞ്ഞതും.
ഷിൻഡെയുടെ പിതാവിന് കൃഷിയിൽനിന്നുള്ള വരുമാനംകൊണ്ട് കുടുംബം പുലർത്താൻ കഴിയുമായിരുന്നു; എന്നാൽ ഷിൻഡെ വിവാഹിതനായി മക്കളുമൊക്കെയായ കാലമായപ്പോഴേയ്ക്കും സ്ഥിതി മാറി. കുതിക്കുന്ന പണപ്പെരുപ്പം, വിളകൾക്ക് ലഭിക്കുന്ന വിലയിലെ ഇടിവ്, കടുത്ത വരൾച്ച ഉൾപ്പെടെ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവ കർഷകരെ കടക്കെണിയിലാക്കാൻ തുടങ്ങി.
മഹാരാഷ്ട്രയിൽ കൃഷിയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ മാസവരുമാനം വെറും 11, 492 രൂപയാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലും ഈ പ്രതിസന്ധി പ്രതിഫലിക്കുന്നു- 2024-ൽ ഇന്ത്യയിൽ 10,546 കർഷകർ ആത്മഹത്യ ചെയ്യുകയുണ്ടായി. അതായത് ദിവസേന 29 കർഷക ആത്മഹത്യകൾ. ഇത്തരം കണക്കെടുപ്പുകളിൽ സ്ത്രീകൾ, ദളിത് സമുദായക്കാർ, ആദിവാസികൾ എന്നിവർ ഉൾപ്പെടാൻ സാധ്യത കുറവായതുകൊണ്ടുതന്നെ യഥാർത്ഥ മരണസംഖ്യ ഇതിന്റെ പലമടങ്ങാകാനാണ് സാധ്യത. രേഖകൾപ്രകാരം ഇക്കൂട്ടരുടെ പേരിൽ ഭൂമി ഇല്ലെന്ന കാരണത്താൽ, അവരുടെ ആത്മഹത്യകൾ "കർഷക" ആത്മഹത്യകളായി കണക്കാക്കപ്പെടാറില്ലെന്നതിനാലാണത്.
സംസ്ഥാനം തിരിച്ച് കണക്കെടുത്താൽ, 3,824 കർഷക ആത്മഹത്യകൾ, അതായത് ആകെ മരണത്തിന്റെ 36 ശതമാനവുമായി മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളിൽ നല്ലൊരു പങ്കും വിദർഭ മേഖലയിലാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഷിൻഡെയുടെ ഗ്രാമം ഉൾപ്പെടുന്ന ഈ പ്രദേശം ഗുരുതരമായ കാർഷിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
എന്നാൽ തന്റെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകാൻ പോകുകയാണെന്ന് ഷിൻഡെ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ല.














