എവിടെവെച്ചാണ് ഞാനവളെ ആദ്യമായി കണ്ടത്? വായിച്ച ഏതെങ്കിലും പുസ്തകത്തിലായിരുന്നോ, അതോ ഡോക്യുമെൻ്ററിയിലോ, അതുമല്ല ടെലിവിഷനിലോ, അതോ, മുഷ്ടി ചുരുട്ടിക്കൊണ്ട്, തെരുവിൽ, അനീതിക്കെതിരെ പാഞ്ഞുചെല്ലുന്നതായിട്ടോ? ഒരുപക്ഷേ അവളൊരു കവിതയായിരുന്നിരിക്കണം. ചിലപ്പോൾ, എന്നെ നിർവൃതി കൊള്ളിക്കുന്ന ഒരു സ്വാതന്ത്ര്യ മുദ്രാവാക്യവുമാവാം അവൾ.
എവിടെവെച്ചാണ് അവളെ കണ്ടതെന്ന്, സത്യമായും എനിക്ക് ഓർമ്മ വരുന്നില്ല.
അവൾ തൻ്റെ മുഖവും പേരുകളും പല തവണ മാറ്റിയിട്ടുണ്ട്. എനിക്ക് ഓർത്തെടുക്കാൻ കഴിയാത്തത്രയും തവണ. ചിലപ്പോൾ ദിണ്ഡിഗലിലെ ഒരു തൊഴിലിടത്തിൽ, നിശ്ശബ്ദത തകർത്ത്, അവശിഷ്ടങ്ങളിൽനിന്ന് ഒരു സംഘടന നിർമ്മിക്കുന്ന തയ്യൽക്കാരിയായി. മറ്റ് ചിലപ്പോൾ, തൻ്റെ അവകാശങ്ങൾക്കായി, ഒരു പ്രകടനത്തിൽ പങ്കെടുത്തുകൊണ്ട്, വാടകയ്ക്കെടുത്ത ഒരു ട്രാക്ടറിൽ, ഹുബ്ബല്ലിയിൽനിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന കർഷകത്തൊഴിലാളിയായും. ഇനി, അതല്ലെങ്കിൽ, ആരും വിശന്നിരിക്കരുതെന്ന് ആഗ്രഹിച്ച്, ഓരോ വാതിൽക്കലും മുട്ടിവിളിച്ച്, ശേഖരിക്കാവുന്നവയെല്ലാം ശേഖരിക്കുന്ന, കേരളത്തിലെ ഒരു സഖാവ്. നിരന്തരം രൂപം മാറുന്ന ഒരു മായാവി. കീഴടങ്ങാൻ വിസമ്മതിച്ച്, എവിടെയും എപ്പോഴും ഒരേ ധൈര്യത്തോടെ തിരിച്ചുവരുന്ന ഒരുവൾ.
അതാ! എനിക്കവളെ വീണ്ടും കാണാൻ കഴിയുന്നുണ്ട്. ബാരിക്കേഡുകൾ ചാടിക്കടക്കുന്ന ഒരു ചെറുപ്പക്കാരി. വീണുകിടക്കുന്ന ഒരാളെ താങ്ങുന്ന മറ്റൊരാൾ. കീഴടങ്ങാൻ വിസമ്മതിക്കുന്ന പ്രതീക്ഷപോലെ തോന്നിച്ചു അവൾ.
ഇത്, എല്ലാക്കാലത്തും അവളുടെ നാടായിരുന്നു. സ്വാതന്ത്ര്യം.


