“ശേഖരിക്കുന്ന മരക്കഷണങ്ങൾ ഇപ്പോൾ ആരും വിൽക്കുന്നില്ല, സ്വന്തം അടുപ്പിൽ ഉപയോഗിക്കുകയാണ്,” വാതിലായി ഉപയോഗിച്ചിരുന്ന പഴയൊരു ഉരുപ്പിടി പൊളിച്ചുകൊണ്ട്, തൻ്റെ കുടിലിൻ്റെ വെളിയിലിരുന്ന് റൂബിന ബീബി പറയുന്നു.
തൻ്റെ അഞ്ചംഗ കുടുംബത്തെ പോറ്റാൻ “ഇതുപോലുള്ള രണ്ട് മരക്കഷണങ്ങൾ മതിയാകും,” എന്ന് പറയുന്നു അവർ. 2026 ഫെബ്രുവരിയിൽ ഇറാനുനേരെയുള്ള അമേരിക്കൻ-ഇസ്രായേലി യുദ്ധം ആരംഭിച്ചതിൽപ്പിന്നെ എൽ.പി.ജി.യുടെ വില കുതിച്ചുയർന്നു. രണ്ട് കിലോ വരുന്ന സിലിണ്ടറിന് ഇപ്പോൾ 440-500 രൂപയാണ് വില. യുദ്ധത്തിന് മുമ്പ്, കരിഞ്ചന്തയിൽ കൊടുത്തിരുന്നതിൻ്റെ രണ്ടിരട്ടി.
ആക്രി വിറ്റ് ജീവിക്കുന്ന ഈ കുടുംബത്തിന് ഇത്തരം മരക്കഷണങ്ങൾ അത്യാവശ്യമാണ് പാചകം ചെയ്യാൻ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് കിലോഗ്രാം ശേഖരിക്കാൻ കഴിഞ്ഞു. “അല്ലെങ്കിൽ ഒരു കിലോ മരത്തിന് അഞ്ച് രൂപ കൊടുക്കണം,” അവർ സൂചിപ്പിക്കുന്നു.
വടക്ക്-പടിഞ്ഞാറ് ദില്ലിയിലുള്ള ഭൽസ്വയിലെ ആക്രി ശേഖരിക്കുന്നവരുടെ സമുദായത്തിലാണ് അവർ ജീവിക്കുന്നത്. പശ്ചിമ ബംഗാളിലെ പശ്ചിം മേദിനീപുർ ജില്ലയിൽനിന്ന് കുടിയേറ്റം നടത്തിയവരുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ തലമുറക്കാരാണ് ഇവരിൽ മിക്കവരും.














