ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ലൈബ്രറി അടച്ചുപൂട്ടാൻ പോലീസ് ശ്രമിച്ചത്, എന്നാൽ ഓരോ തവണയും പൂർവാധികം ഊർജ്ജസ്വലമായി ലൈബ്രറി തുടർന്നു.
ഒരു മീം പേജിൽനിന്ന് തുടങ്ങി അതിവേഗം ഒരു യുവജന മുന്നേറ്റമായി വളർന്ന കോക്രോച്ച് ജനതാ പാർട്ടി 2026 ജൂൺ 20-ന് ഡൽഹിയിലെ ജന്തർ മന്തറിൽ ഒരു പ്രതിഷേധസമരം സംഘടിപ്പിച്ചു. ചോദ്യപ്പേപ്പർ ചോർച്ചയിലും മറ്റ് ക്രമക്കേടുകളിലും നടന്ന അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധത്തോടനുബന്ധിച്ച് സമരവേദിയ്ക്ക് സമീപം ഒരു ലൈബ്രറി തുടങ്ങാൻ ഓൾ ഇന്ത്യാ സ്റ്റുഡന്റസ് ഫെഡറേഷൻ (എ.ഐ.എസ്.എഫ്) തീരുമാനിച്ചു. അതിനു പിന്നിലെ ലക്ഷ്യം വളരെ ലളിതമായിരുന്നു.
"അടുത്ത കുറച്ച് ദിവസത്തേയ്ക്ക് പ്രതിഷേധക്കാരുടെ ആസ്ഥാനം ജന്തർ മന്തറായിരിക്കും," എ.ഐ.എസ്.എഫിന്റെ ദേശീയ പ്രസിഡന്റായ വിരാജ് ദേവാംഗ് പറഞ്ഞു. "ദിവസത്തിലുടനീളം എല്ലാവരും മുദ്രാവാക്യം വിളിക്കുകയും പ്രസംഗങ്ങൾക്ക് കാതോർക്കുകയും ചെയ്യും. എന്നാലും അവിടെയുള്ളവർക്ക് ഒരുപാട് ഒഴിവുസമയവും ലഭിക്കും. അത്തരം സാഹചര്യങ്ങളിൽ പുസ്തകങ്ങളേക്കാൾ മികച്ച കൂട്ടുകാർ വേറെയില്ല. സമരക്കാർക്കും വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ ലഭ്യമാക്കി അവരുടെ സാമൂഹിക, രാഷ്ട്രീയ അവബോധം മെച്ചപ്പെടുത്താൻ സഹായിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം."
ഇതിനുപിന്നാലെ, വിദ്യാർത്ഥി പ്രവർത്തകർ ഒരു തടിമേശ സമരസ്ഥലത്തെത്തിച്ച് അതിന്മേൽ "പ്രധാൻ പടിയിറങ്ങണം' എന്ന് എഴുതിയ ഒരു ചുവന്ന തുണി വിരിച്ചിട്ടു. ലൈബ്രറി തുടങ്ങി ആദ്യത്തെ ദിവസം, "ഞങ്ങളുടെ പക്കൽ ശിവാജി മഹാരാജ്, ഭഗത് സിംഗ്, ബാബാസാഹേബ് അംബേദ്ക്കർ എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്," ലൈബ്രറിയുടെ ദൈനംദിനപ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന വിദ്യാർത്ഥി പ്രവർത്തകരിൽ ഒരാളായ 20 വയസ്സുകാരൻ മോഹിത് പറഞ്ഞു. "വിപ്ലവാത്മക സാഹിത്യത്തിൻ്റെ അകമ്പടിയില്ലാത്ത ഒരു സമരം എന്നത് പ്രത്യയശാസ്ത്രത്തിന്റെ പിൻബലമില്ലാത്ത ഒരു നേതാവിനെ പോലെയാണ്. എങ്ങനെ പ്രതിരോധിക്കണം, എന്തിനെതിരെ പ്രതിഷേധിക്കണം എന്ന് സമരക്കാർ മനസ്സിലാക്കുന്നത് സാഹിത്യത്തിലൂടെയാണ്."









