നാഗാലൻഡിൻ്റെ അതിർത്തിയോട് ചേർന്നുള്ള അസമിലെ ജോർഹത് ജില്ലയിലെ പൊഹുകൊടിയ ശ്യാമിലാണ് ശാന്തമായ കൊച്ച് തായ് തുരുംഗ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഔദ്യോഗികരേഖകളിൽ തിപോമിയ ഹബി ഗാംവ് എന്നാണ് പേര്. വളഞ്ഞുപിരിഞ്ഞ മൺപാതകളും, സമൃദ്ധമായ സസ്യങ്ങളും, ചെറിയ ഉദ്യാനങ്ങളും മുളവേലികളുമുള്ള, പൊയ്ക്കാലിൽ സ്ഥാപിച്ച വീടുകളുമാണ് നിർമ്മലമായ ഈ ഭൂഭാഗത്തുള്ളത്. ഈ ഗ്രാമത്തിലാണ് 77 വയസ്സുള്ള അനന്ത തുരുംഗ് താമസം. തൻ്റെ മാതൃഭാഷയായ തായ് തുരുംഗിൽ ‘അക്ഷരങ്ങളുടെ ഒരു സവിശേഷമായ ധാന്യപ്പുര’ നിർമ്മിക്കുന്ന ഒരാൾ.
“ഭാഷ വെള്ളം പോലെയാണ്. ഒഴുകുന്ന ഒരു പുഴ – ഒരിക്കലും ഒരേപോലെ ഇരിക്കുന്നില്ല അത്. പക്ഷേ പെട്ടെന്ന് ഗതി മാറി മരിക്കുകയും ചെയ്യരുത്,” അദ്ദേഹം പറയുന്നു. ഈ ഒരു ബോദ്ധ്യത്തോടെയാണ്, ഈ ചെറുകിട കർഷകൻ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾ ഈ മാതൃഭാഷയെ രേഖപ്പെടുത്തി സൂക്ഷിക്കാൻ ചിലവിട്ടത്. തൻ്റെ തുരുംഗ് ഗോത്രത്തിൻ്റെ വേരുകൾ ഗവേഷണം ചെയ്ത്, വാക്കുകൾ ശേഖരിച്ച്, അതിൻ്റെ വ്യാകരണം ഭാഷാവിജ്ഞാനവും മനസ്സിലാക്കി, വിവിധ കുടിയേറ്റങ്ങളും സാംസ്കാരിക സ്വാംശീകരണങ്ങളും അതിൻ്റെ രൂപത്തിലും ഉപയോഗത്തിലും വരുത്തിയ മാറ്റങ്ങൾ പഠിച്ച്, ചിലവിട്ട പതിറ്റാണ്ടുകൾ. പുസ്തകങ്ങളിലും, ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളിലും അവയെക്കുറിച്ച് നിരന്തരം എഴുതുകയും ചെയ്തു.
സ്വന്തമായുള്ള 5 ബിഗ (1.6 ഏക്കർ) ഭൂമിയിൽനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമുപയോഗിച്ചാണ് ഇതിനുള്ള ചിലവെല്ലാം അദ്ദേഹം വഹിച്ചത്. ഒരു സ്വകാര്യ വിദ്യാലയത്തിൽ ‘അനൗദ്യോഗിക’ അദ്ധ്യാപകനും ചുമതലക്കാരനുമായി 40 വർഷം സേവനമനുഷ്ഠിച്ചുവെങ്കിലും അതിൽനിന്ന് ശമ്പളമൊന്നും കിട്ടിയിരുന്നില്ല. ഒടുവിൽ സർക്കാർ ഗ്രാൻ്റ് കിട്ടി ഒരു ഗുമസ്തൻ്റെ ശമ്പളം കിട്ടിയതാകട്ടെ, വിരമിക്കാൻ മൂന്ന് മാസമുള്ളപ്പോൾ. എന്നാലതൊന്നും, ഭാഷയെ സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന് തടസ്സമായില്ല.










