“എല്ലാം തകർന്നടിഞ്ഞ അവസ്ഥയായിരുന്നു,” കൗതുകമുണർത്തുന്ന പേരുള്ള ടൈം പാസ് ഓർക്കുന്നു. “എണ്ണിത്തീർക്കാൻ പറ്റാത്തയത്രയും മൃതദേഹങ്ങൾ ഞാൻ ദഹിപ്പിച്ചിട്ടുണ്ട്.”
ഗംഗാതീരത്തുള്ള പാട്നയിലെ ഏറ്റവും പഴക്കമേറിയ ശ്മശാനമായ ബൻസ് ഘട്ടിനെ കോവിഡ്-19 ബാധിച്ച് അഞ്ച് വർഷമായി. മഹാമാരിക്കാലത്ത് കുറച്ചുകാലത്തേക്ക് മാത്രം ദൃശ്യനായ 21-കാരൻ ടൈം പാസ്, ഇന്ന് വീണ്ടും സമൂഹത്തിന്റെ കണ്ണിൽനിന്ന് അപ്രത്യക്ഷനായിരിക്കുന്നു. ജോലിയില്ലാതെയും അരികുവൽക്കരിക്കപ്പെട്ടുമാണ് അദ്ദേഹം നഗരത്തിൽ ജീവിക്കുന്നത്.
സ്ഥിരമായ ജോലിയോ വരുമാനമോ ഇല്ലാതെ, കിട്ടുന്ന ജോലികൾ ചെയ്ത് മുന്നോട്ടു നീങ്ങുന്ന ടൈം പാസ്, ഇന്ന് തന്റെ പേരുപോലെതന്നെ സമയം തള്ളിനീക്കാൻ നിർബന്ധിതനാവുന്നത് പോലെയാണ്.
പക്ഷേ, അദ്ദേഹത്തിന് ആ പേര് ലഭിച്ചതിന്റെ കഥ അതല്ല. അതിന് കാരണം അദ്ദേഹത്തിന്റെ അമ്മാവനായ ജുഗ്നു റാമാണ്. ടൈം പാസ് ജനിച്ച സമയത്ത്, സണ്ണി ഡിയോളിന്റെ ഒരു സിനിമ കണ്ടു മടങ്ങിയെത്തിയതായിരുന്നു ജുഗ്നു റാം. വീട്ടിലെ സ്ത്രീകൾ അദ്ദേഹത്തെ മടിയനെന്ന് കളിയാക്കിയപ്പോൾ, അതുതന്നെ ആ കുഞ്ഞിന് പേരായി ഇടുകയാണ് ചെയ്തത്.
“ഇപ്പോൾ കിട്ടുന്ന ഏത് ജോലിയും ഞാൻ ചെയ്യും,” ടൈം പാസ് പറയുന്നു. “മെട്രോയിലെ ശുചിമുറികൾ വൃത്തിയാക്കും. ചിലപ്പോൾ ഓടകൾ വൃത്തിയാക്കും. ചിലപ്പോൾ ചീഞ്ഞുപോയ പന്നിയുടെ ജഡം എടുത്തുമാറ്റും. ചിലപ്പോൾ ആരും ഏറ്റെടുക്കാത്ത മൃതദേഹങ്ങൾ ദഹിപ്പിക്കും. മാലിന്യവും ശേഖരിക്കും,” കിട്ടുന്ന ജോലികൾ അദ്ദേഹം വിവരിക്കുന്നു.
നഗരത്തിന് മരിച്ചവരെയും അഴുകിയ ജഡങ്ങളെയും ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങളെയും നീക്കം ചെയ്യേണ്ടിവരുമ്പോഴെല്ലാം, ടൈം പാസിനെപ്പോലുള്ളവരാണ് വിളിക്കപ്പെടുന്നത്. ചീഞ്ഞ ജന്തുജഡത്തിന്റെ ദുർഗന്ധം പരന്നാൽ ടൈം പാസ് അവിടെ എത്തണം. റെയിൽപാളത്തിൽ തകർന്നുകിടക്കുന്ന മൃതദേഹമുണ്ടെങ്കിൽ വീണ്ടും അദ്ദേഹത്തെ വിളിക്കും. നഗരത്തിന്റെ ഏതെങ്കിലും കോണിൽ അനാഥമായൊരു മൃതദേഹം കിടക്കുകയാണെങ്കിൽ, പൊലീസ് ജീപ്പ് എത്തും; പോസ്റ്റ്മോർട്ടം മുറിക്ക് പുറത്ത് ടൈം പാസ് കാത്തുനിൽക്കും.
ഈ വിളികൾ വരുന്നത് അദ്ദേഹത്തിന് അതിനുള്ള പ്രത്യേക പരിശീലനം ഉള്ളതുകൊണ്ടല്ല, മറിച്ച് അദ്ദേഹം ഒരു ഡോം ആയതുകൊണ്ടാണ്. ബിഹാറിലെ ഏറ്റവും കൂടുതൽ അരികുവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളിലൊന്നായ മഹാദളിത് വിഭാഗത്തിലാണ് ഡോം സമുദായം ഉൾപ്പെടുന്നത്. 2023-ലെ ജാതി സർവേ പ്രകാരം, ബിഹാറിലെ 13.1 കോടി ജനസംഖ്യയിൽ ഡോം സമൂഹത്തിന്റെ എണ്ണം 2,63,512 മാത്രമാണ് — ആകെ ജനസംഖ്യയുടെ വെറും 0.20 ശതമാനം.
ഹിന്ദു ജാതിവ്യവസ്ഥയുടെ ഏറ്റവും താഴെത്തട്ടിലാണ് ഇന്നും ആ സമുദായം. മേൽജാതിക്കാർ ചരിത്രപരമായി അടിച്ചേൽപ്പിച്ച തൊഴിൽവ്യവസ്ഥയിൽനിന്ന് പുറത്തുകടക്കാൻ കഴിയാതെ, ശവസംസ്കരണ, ശുചീകരണ തൊഴിലുകളിൽ കുടുങ്ങിക്കിടക്കുകയാണ് അവരിന്നും.

















