ബിഹാറിലെ ദർഭംഗ ജില്ലയിലെ താർഡി ഗ്രാമത്തിലെ കർഷകത്തൊഴിലാളികളുടെ മകനായ ലാൽ സിംഗ് മുംബൈയിലേക്ക് വരുന്നത് 1997-ലാണ്. വീടെന്നാൽ ദാരിദ്ര്യവും പോരാട്ടവുമാണെങ്കിൽ, മുംബൈയിലുള്ളത് നഗരപ്രകാശം. ഗ്രാമങ്ങളിൽനിന്ന് പട്ടണങ്ങളിലേക്ക് കുടിയേറിയ ഇന്ത്യയിലെമ്പാടുമുള്ള 2.1 കോടി കുടിയേറ്റക്കാരിലൊരാളും, അതേ പതിറ്റാണ്ടിൽ മുംബൈയിലേക്ക് മാത്രം യാത്ര തിരിച്ച 25 ലക്ഷം പേരിൽ ഒരാളുമായിരുന്നു അദ്ദേഹം. ഉപജീവനം മാത്രമായിരുന്നു ലക്ഷ്യം. സെക്യൂരിറ്റി ഗാർഡായും, ഫാക്ടറിയിൽ തൊഴിലാളിയായും, ഓഫീസ് സഹായിയായും, പട്ടിയെ നോക്കുന്നവനായും, പാചകക്കാരനായും ജോലി ചെയ്യുകയാണ് അയാൾ. എന്നാൽ, നഗരത്തിൽ മറ്റൊരു സ്വപ്നവും അഭിലാഷവും കണ്ടെത്തുകയാണ് ലാൽ സിംഗ്. അഭിനയിക്കാനും എഴുതാനുമുള്ള തൻ്റെ താത്പര്യം അയാൾ കണ്ടെത്തുന്നു.
28 വർഷമായി മുംബൈയിൽ താമസമാക്കിയ അയാൾ, ഉപജീവനം തേടി ദിവസങ്ങൾ ചിലവഴിക്കുകയാണ്. അതോടൊപ്പം, തൻ്റേതായ സിദ്ധികൾ രാകിമിനുക്കുകയും സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ലാൽ സിംഗിൻ്റെ ദീർഘയാത്രയുടെ കഥയാണിത്. ഒരേസമയം, പ്രചോദിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കഥ.
പരിഭാഷ: രാജീവ് ചേലനാട്ട്


