2026 മേയ് 15. എൻ്റെ പതിവുജോലികൾക്കിടയിൽ അസ്വസ്ഥതയുണർത്തിയ ഒരു ന്യൂസ് ഫ്ലാഷ് കാണാനിടയായി. ഗുജറാത്തിലെ, സൂറത്തിലെ ഒരു സാരി പാക്കേജിംഗ് കമ്പനിയിൽനിന്ന് 93 കുട്ടികളെ രക്ഷിച്ച വാർത്ത. അതിലൊരാൾ അബ്ബാസ് ആയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചുപോയി..
നൂലിൻ്റെ ശ്വാസം മുട്ടിക്കുന്ന മണമുള്ള ഒരു ഇരുണ്ട മുറിയിൽ, ശോഷിച്ച ഒരു കുട്ടിയുടെ അരികിൽ ഞാൻ ഇരുന്നു. പാടത്തിൻ്റേയും പറക്കുന്ന പക്ഷികളുടേയും ചിത്രങ്ങൾ, സ്വർണ്ണക്കമ്പികൊണ്ട് തയ്ച്ചുകൊണ്ട് കുനിഞ്ഞിരുന്ന് ജോലി ചെയ്യുകയായിരുന്നു അവൻ. മൂർച്ചയുള്ള ഒരു ആരി സൂചി അവിശ്വസനീയമായ വേഗത്തിൽ ചലിപ്പിച്ച്, മരത്തിൻ്റെ ചട്ടക്കൂടിൽ വലിച്ചുവെച്ച ഒരു സാരിയിൽ അവൻ തൊങ്ങലുകളും മുത്തുകളും വിലകൂടിയ രത്നങ്ങളും തുന്നിച്ചേർക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ചളി അവൻ്റെ വിരലുകളിൽ ഒട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു.
ആ മുറിയിൽ പെട്ടുപോയ ബാക്കിയുള്ളവരെപ്പോലെത്തന്നെ തോന്നിച്ചു അവനും. വിടർന്ന, ശൂന്യമായ കണ്ണുകൾ, നീണ്ടുമെലിഞ്ഞ വിരലുകൾ. ഇത്തരം സാരി നിർമ്മാണ യൂണിറ്റുകളിലെ ജോലികൾക്ക് അനുയോജ്യമെന്ന്, അതിൻ്റെ ഉടമസ്ഥർ അവകാശപ്പെട്ട ‘യോഗ്യതകൾ’ ഉള്ളവരായിരുന്നു അവരെല്ലാം. സൂചികളുടെ ചലനവും, നിശ്ശബ്ദമായ ഒരു തലകുലുക്കലുമൊഴിച്ച് മറ്റൊന്നും അധികം പറയാനുണ്ടായിരുന്നില്ല അബ്ബാസിന്. സാധാരണ ജീവിതത്തിൻ്റെ പുറമ്പോക്കിലായിരുന്നു അവൻ. വർഷമോ, ദിവസമോ, തീയ്യതിയോ സമയമോ അറിയാതെ.
“സ്കൂളിൽ പോകുന്നതിനെക്കുറിച്ച് ഞാൻ സ്വപ്നം കാണാറില്ല. പട്ടം പറത്തുന്നതിനെക്കുറിച്ചും,” ഞാൻ ചോദ്യങ്ങളിൽ ഊന്നിയപ്പോൾ അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ദാരിദ്ര്യത്തിലുഴലുന്ന കുടുംബത്തിൻ്റെ അത്താണിയാണ് അവൻ. പകൽ മുഴുവൻ ജോലി ചെയ്യുന്ന ആ മരത്തിൻ്റെ ചട്ടക്കൂടുകൾക്കിടയിലോ, അല്ലെങ്കിൽ, ഷട്ടറിന് പുറത്തുള്ള കോൺക്രീറ്റിൻ്റെ നടപ്പാതയിലോ ആണ് രാത്രി ഉറങ്ങുന്നതെന്ന് അവൻ പറഞ്ഞു. ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത ഈ മുറിയുടെ മങ്ങിയ നിറമുള്ള ഉത്തരമാണ് അബ്ബാസിൻ്റെ ‘ആകാശം’ ആ യൂണിറ്റിൻ്റെ പുറത്തേക്ക് അവൻ ഒരിക്കലും പോയിട്ടുണ്ടാവില്ലെന്ന് എനിക്ക് തോന്നി.
എന്നാൽ, അതിൽപ്പിന്നെ, അബ്ബാസ് എന്നും എൻ്റെ ചിന്തകളോടൊപ്പം യാത്ര ചെയ്തു. ആ ന്യൂസ് കേട്ടപ്പോൾ അതിൻ്റെ തലക്കെട്ടിനെ ഒരു പാട്ടാക്കി മാറ്റാൻ ഞാൻ ആഗ്രഹിച്ചു. ആ ദു:ഖത്തെ ഗിറ്റാറിലെ ഒരു സി മൈനർ ആക്കിമാറ്റാൻ. പക്ഷേ അവനെ പരിചയപ്പെട്ട ആ ദിവസത്തിൻ്റെ ശ്വാസം മുട്ടിക്കുന്ന ഘനത്തിന് ആ അലങ്കാരം തീരെ യോജിക്കുന്നതായിരുന്നില്ല.


