നിരാഹാര സമരങ്ങൾ, 165 ദിവസത്തെ പ്രകടനങ്ങൾ, റോഡുപരോധങ്ങൾ, എംഎൽഎമാർക്കുള്ള നിവേദനങ്ങൾ, പ്രതീകാത്മകമായ ആത്മഹത്യകൾ, സ്വയം മാലിന്യാഭിഷേകം നടത്തൽ...
തങ്ങളുടെ ആവശ്യങ്ങൾ സംസ്ഥാനം കേൾക്കണമെന്ന ഉദ്ദേശത്തോടുകൂടി ചെന്നൈയിലെ മുനിസിപ്പൽ തൊഴിലാളികൾ നടത്തിയ അതിതീവ്രമായ പ്രക്ഷോഭം അത്രയും കാലം നീണ്ടുനിന്നു. ഇത് വെറുമൊരു പ്രതിഷേധമായിരുന്നില്ല; മറിച്ച്, നിശബ്ദമായി അപ്രത്യക്ഷരാകാൻ മനസ്സില്ലെന്ന് പറഞ്ഞുകൊണ്ട്, നഗരത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട ഒരു ജനസമൂഹം നയിച്ച ചരിത്രപരമായ പോരാട്ടമായിരുന്നു.
സംസ്ഥാനത്തിന്റെ മുതിർന്ന ശുചീകരണത്തൊഴിലാളിയായ എം. മഹാലക്ഷ്മി 2025 ഡിസംബറിൽ ഞങ്ങളോട് സംസാരിക്കുമ്പോൾ സൂചിപ്പിച്ചത്, സംസ്ഥാനത്തിൻ്റെ ഈ പ്രതികരണമില്ലായ്മ ജാത്യാടിസ്ഥാനത്തിലുള്ളതാണെന്നാണ്. "130 ദിവസത്തിലേറെയായി ഞങ്ങൾ പ്രതിഷേധിക്കുന്നുണ്ടെങ്കിലും പ്രതികരണമൊന്നുമില്ല. ക്ഷേത്ര തൊഴിലാളികൾക്ക് പ്രതിഷേധമില്ലാതെ സ്ഥിരമായ ജോലി നൽകപ്പെട്ടു. നഴ്സുമാരുടെ ആവശ്യങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ നിറവേറ്റപ്പെട്ടു. എന്നാൽ ദളിത് ശുചീകരണ തൊഴിലാളികൾ അതേ അന്തസ്സ് ആവശ്യപ്പെടുമ്പോൾ സംസ്ഥാനം നിശബ്ദത പാലിക്കുന്നു".





















