നാടോടികളായ ആയിരക്കണക്കിന് ഇടയന്മാർ ഇവിടെയുണ്ട്. ധാരാളംപേർ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു – മഹാരാഷ്ട്രയിൽ വേരുകളുള്ള ധംഗാറുകളും കർണ്ണാടകത്തിൽനിന്നുള്ള കുറുബകളും. സഞ്ചാരപഥകൾ വ്യത്യസ്തമാണെങ്കിൽ, എല്ലാ വർഷവും ഒക്ടോബർ-നവംബർ മാസങ്ങളിൽ അവർ മഞ്ഞനിറമുള്ള മേഘങ്ങളെ പിന്തുടർന്ന് പട്ടൻ കൊഡലി ഗ്രാമത്തിൽ ഒത്തുകൂടാനെത്തും.
തങ്ങളുടെ പൊതുവായ ആരാധനാമൂർത്തിയായ വിത്തൽ ബിർദേവ് മഹാരാജവിൻ്റെ ജന്മദിനം ആഘോഷിക്കാനാണ് ഹട്കനംഗലെ താലൂക്കിലെ, ഒരു പ്രത്യേകതകളുമില്ലാത്ത ശാന്തമായ ഈ ഗ്രാമത്തിലെ അദ്ദേഹത്തിൻ്റെ ഈ ക്ഷേത്രത്തിലേക്ക് അവരെത്തുന്നത്.
വിത്തൽ ബിർദേവിനെ ഇടയന്മാരുടേയും കർഷകരുടേയും രക്ഷകനായി കാണുന്ന വിവിധ സമുദായക്കാരും, ധംഗാർ, കുറുബ വിഭാഗങ്ങളിലെ രാജ്യത്താകമാനമുള്ള വിവിധ ഉപവിഭാഗ-ഉപജാതി സമുദായക്കാരും ഈ ആഘോഷത്തിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലേക്ക് എത്തുന്നു. “വിത്തൽ ബിർദേവ് ഞങ്ങളെ സംബന്ധിച്ച്, വലിയ പ്രാധാന്യമുള്ള ആളാണ്. അദ്ദേഹം ഞങ്ങളുടെ രക്ഷകനും, ദൈവീകമായ അഭയവും ഞങ്ങളുടെ മാർഗദർശകനുമാണ്. അചഞ്ചലമായ വിശ്വാസത്തിൻ്റേയും പ്രതീക്ഷയുടേയും ഭക്ഷിയുടേയും പ്രതിരൂപമാണ് അദ്ദേഹം,” ഒരു തീർത്ഥാടകൻ എന്നോട് പറയുന്നു.





























