ദേവേശ്വരിയുടെ സ്കൂൾജോലി ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കുമെങ്കിലും പിന്നെയും ജോലി ബാക്കിയാണ്. ചുമലിൽ ബാഗ് തൂക്കി, തലയ്ക്ക് മുകളിൽ ഒരു ദുപ്പട്ട ഇട്ട്, അവർ 40 ഡിഗ്രി ചൂടിലേക്ക് ഇറങ്ങും. വീട്ടിലേക്കല്ല. വിറക് അന്വേഷിക്കാൻ. “ഞാൻ ഈ പ്രൈമറി സ്കൂളിലെ അദ്ധ്യാപികയാണ്. പക്ഷേ എൻ്റെ കുട്ടികൾക്ക് ഉച്ചഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം എനിക്ക്. അതുകൊണ്ട് വിറക് തേടിപ്പോവുകയാണ്,” അവർ പറയുന്നു.
ലഖ്നൗവിൻ്റെ വെളിയിലുള്ള ഗ്രാമപ്രദേശത്തെ മാൾ ബ്ലോക്കിലുള്ള റൂഡൻ ഖേര പ്രൈമറി സ്കൂളിൻ്റെ ചുമതലയുള്ള അദ്ധ്യാപികയാണ് 48 വയസ്സുള്ള ദേവേശ്വരി നേഗി. രണ്ട് അസിസ്റ്റൻ്റ് ടീച്ചറും രണ്ട് രസോയികളും – കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നവരാണ് രസോയികൾ - അടക്കം എല്ലാ സ്കൂൾ ജീവനക്കാരും സ്ത്രീകളാണ്.
കേന്ദ്രത്തിൻ്റെ ഉച്ചഭക്ഷണ പദ്ധതിക്ക് കീഴിൽ, ഉത്തർപ്രദേശിലെ 1,41,000 സർക്കാർ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലെ 15 ദശലക്ഷം കുട്ടികൾക്ക് ദിവസവും, അന്നേ ദിവസം പാചകം ചെയ്ത പോഷകാഹാരം ലഭിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ സ്കൂളുകളിലും എൽ.പി.ജി. കണക്ഷനുകളുണ്ട്. എന്നാൽ ഇറാനുനേരെയുള്ള അമേരിക്കൻ—ഇസ്രായേലി യുദ്ധം ഈ പദ്ധതിയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ധാരാളം സ്കൂളുകളെ അത് ബാധിച്ചിട്ടുണ്ടെങ്കിലും, അതിൻ്റെ കണക്കിനെക്കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണ്.
ഒരുമാസമായി, എല്ലാദിവസവും സ്കൂൾ കഴിഞ്ഞാൽ, ദേവേശ്വരിയും മറ്റ് നാലുപേരും, വീടുകളിലേക്ക് പോവുന്നതിനുപകരം, ഗ്രാമം മുഴുവൻ അലയും. വിറക് ശേഖരിക്കാൻ. “ഗ്യാസ് ഏജൻസികളേയും നാട്ടിലുള്ള വിറക് വില്പനക്കാരെയും ഞങ്ങൾ സമീപിച്ചുകഴിഞ്ഞു. ഗ്രാമപ്രധാനോടും അഭ്യർത്ഥിച്ചു. എന്നാൽ ആർക്കും സഹായിക്കാൻ ആവുന്നില്ല,” നേഗി പാരിയോട് പറയുന്നു.
ഒരിക്കൽ സുലഭമായി കിട്ടിയിരുന്ന വിറകെല്ലാം ഇപ്പോൾ ലഖ്നൗ നഗരപ്രദേശത്തെ വ്യാപാരിസമൂഹം കൊണ്ടുപോവുകയാണ്. “ഞങ്ങളുടെ കൈയ്യിലുള്ളതെല്ലാം റസ്റ്ററൻ്റുകൾക്കും ഹോട്ടലുകൾക്കും കൊടുത്തുകഴിഞ്ഞു. ടീച്ചർമാരേയും കുട്ടികളേയും സഹായിക്കാൻ ആഗ്രഹമില്ലാഞ്ഞല്ല, പക്ഷേ ഞങ്ങളുടെ കൈയ്യിലില്ല,” ധർമേഷ് യാദവ് എന്ന വിറക് വിതരണക്കാരൻ പറയുന്നു. “ബാക്കിയുള്ള ക്റച്ച് വിറക് ഞങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്കുള്ളതാണ്. അതില്ലെങ്കിൽ പിന്നെ ഞങ്ങളെങ്ങിനെ ഭക്ഷണം കഴിക്കും?” അയാൾ ചോദിക്കുന്നു.
വിറക് ശേഖരിക്കാൻ കുട്ടികളും സഹായിക്കുന്നുണ്ട്. സ്കൂളിൻ്റെ മേൽക്കൂരയിൽ തൊട്ടുനിൽക്കുന്ന മരങ്ങളിൽനിന്ന് ചെറുതും വലുതുമായ കമ്പുകളും അവർ പറിക്കാൻ കൂടുന്നു.










