എൻ്റെ മനസ്സിൽ ബാക്കിവരുന്നത്, കവിൻ്റെ അമ്മയുടെ ധൈര്യമാണ്. സങ്കൽപ്പിക്കാനാകാത്ത ഈ ദു:ഖത്തിനിടയിലും അവർ സ്വയം കൈവരിച്ച ശാന്തത, വാക്കുകളെക്കൊണ്ട് വിവരിക്കാനാവില്ല. അദ്ധ്യാപികയായി വർഷങ്ങളോളം ജോലി ചെയ്തതിൻ്റെ വൈകാരിക സ്ഥൈര്യമായിരിക്കാം അവർക്ക് ധൈര്യം നൽകിയത്. കവിൻ്റെ അടക്കം കഴിഞ്ഞ് ഞാൻ അവർ സന്ദർശിച്ചപ്പോൾ, ആ വീട്ടിൽ ദു:ഖം സാന്ദ്രീഭവിച്ചിരുന്നു. അവർ തകർന്നിരുന്നു, എന്നിട്ടുപോലും, തൻ്റെ മകനും, നീതിക്കും, സത്യത്തിനുംവേണ്ടി പൊരുതാനുള്ള നിശ്ചയദാർഢ്യം ഞാൻ അവരിൽ കണ്ടു.
“സഖാവേ, നമ്മുടെ സമൂഹം ഒട്ടും മാറിയിട്ടില്ല. ചെറിയൊരു വ്യത്യാസമുള്ളത്, സോഷ്യൽ മീഡിയ, സി.സി.ടി.വി. എന്നിവയുള്ളതുമൂലം, ചില സത്യങ്ങൾ കാണാൻ കഴിയുന്നുണ്ടെന്ന് മാത്രമാണ്,” എന്ന് മുതിർന്ന ജാതീയമായ അടിച്ചമർത്തലുകളെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള മുതിർന്ന പത്രപ്രവർത്തകയും സഖാവുമായ ജെയറാണി എന്നോട് പറഞ്ഞു. വീഡിയോ തെളിവുകളുള്ളതുകൊണ്ട് മാത്രമാണ് കവിൻ്റെ കേസ്, ഉദുമലൈ ശങ്കറിൻ്റെ കേസുപോലെ പുറത്തുവന്നതെന്നും അവർ കൂട്ടിച്ചേർത്തു. മറ്റ് ധാരാളം കേസുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. “ഇപ്പോൾ, ദുരഭിമാനക്കൊല സാംസ്കാരികമായി മാറി. ഉത്സവങ്ങൾ പോലെ, അതല്ലെങ്കിൽ ആചാരങ്ങൾ പോലെ സാധാരണ ഒന്നായി,” അവർ പറഞ്ഞു.
ജാതിയെ മറികടന്നുള്ള പ്രണയത്തിന്, നിഷേധത്തിന് നൽകുന്ന ഈ പറയപ്പെടുന്ന “ശിക്ഷ” എന്നത്, ഇന്ന് ഒരു സാംസ്കാരിക പ്രവർത്തനമായി കണക്കാക്കപ്പെടുന്നു. പട്ടികജാതി/പട്ടികവർഗ്ഗ നിയമമോ, നിയമപരമായ പ്രത്യാഘാതങ്ങളോ ഒന്നും ഈ ശിക്ഷിക്കുന്നവരെ അലട്ടുന്നേയില്ല. അവരുടെ മാനസികഘടനയ്ക്ക് ഒരു മാറ്റവുമുണ്ടാവുന്നില്ല.
സാമൂഹികമാധ്യമങ്ങളുടെ വളർച്ചയോടെ ഇത്തരം ജാതീയമായ ചിന്തകൾ ദൃശ്യമായിട്ടുണ്ട്. തീരെ ചെറുപ്പക്കാരായ ആൺകുട്ടികൾപോലും, അവരുടെ സഹോദരിമാരുടെ കാമുകന്മാരെ കൊല്ലുന്നതിനെക്കുറിച്ച് സാധാരണ മട്ടിൽ സംസാരിക്കുന്നു. ഇതാണ് ഇന്ന് നമ്മൾ ജീവിക്കുന്ന ഭീതിദമായ യാഥാർത്ഥ്യം.