ഉമാ പാട്ടീലിന്റെ ഇരുമുറിയുള്ള വീടിന്റെ കോണിലുള്ള ചെറിയ ഇരുമ്പലമാരയിൽ, പതിറ്റാണ്ടുകൾ പഴക്കമുള്ള കൈയ്യെഴുത്ത് രേഖകളാണ്. വലിയ രജിസ്റ്റർ ബുക്കുകളിലും, നോട്ടുപുസ്തകങ്ങളിലും, ഡയറികളിലും, സർവേ ഫോമുകളുടെ കോപ്പി രൂപത്തിലും. കട്ടിയുള്ള പോളിത്തീൻ ബാഗുകളിൽ അവ അട്ടിയട്ടിയായി വെച്ചിരിക്കുന്നു.
കുന്നുകൂടിക്കൊണ്ടിരിക്കുന്ന ഈ കടലാസ്സുകെട്ടുകളിലാണ് മഹാരാഷ്ട്രയിലെ ഗ്രാമീണമേഖലയിലെ ആരോഗ്യരേഖകൾ - കുട്ടികളുടെ ജനനം, പ്രതിരോധ കുത്തിവെപ്പുകൾ, കൌമാരപ്രായക്കാർക്കുള്ള പോഷകാഹാരങ്ങൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ, ക്ഷയരോഗവിവരങ്ങൾ തുടങ്ങി പലതും അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകർ (ആശ) രേഖപ്പെടുത്തിവെക്കുന്നത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജ് താലൂക്കിലെ ആരാഗ് ഗ്രാമത്തിലെ ആളുകളുടെ ഈ വിവരങ്ങളാണ് 2009 മുതൽ ഉമ വലിയ പുസ്തകങ്ങളിലായി സൂക്ഷിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഗ്രാമത്തിലെ ജനങ്ങളെ കൂടെക്കൂടെ ഓർമ്മിപ്പിക്കുകയും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട് അവർ.
45 വയസ്സുള്ള ഉമയെപ്പോലെ, മഹാരാഷ്ട്രയുടെ ഗ്രാമീണമേഖലയിൽ 55,000 ആശാപ്രവർത്തകർ ദിവസവും ദീർഘമായ മണിക്കൂറുകളാണ്, അടിസ്ഥാന ആരോഗ്യപരിചരണം ഉറപ്പാക്കാൻ ചിലവിടുന്നത്. ദേശീയ ഗ്രാമീണാരോഗ്യ മിഷ്യബ്റ്റെ (എൻ.ആർ.എച്ച്.എം) കീഴിൽ 2005-ലാണ് ഈ തൊഴിൽസംഘം രൂപവത്കരിക്കപ്പെട്ടത്. 23 ദിവസത്തെ പരിശീലനത്തിനുശേഷമാണ് ഈ സാമൂഹികാരോഗ്യ പ്രവർത്തകരെ – എല്ലാവരും സ്ത്രീകളാണ് – ജോലിയിൽ നിയോഗിക്കുന്നത്. ആദിവാസി ഗ്രാമങ്ങളിൽ, ഓരോ 1,000 പേർക്കും (എട്ടാം ക്ലാസ് വരെ പഠിച്ച) ഒരു ആശാ പ്രവർത്തകയും, ഗോത്രേതര ഗ്രാമങ്ങളിൽ 1,500 പേർക്ക് (പത്താം ക്ലാസ് പാസ്സായ) ഒരു ആശാ പ്രവർത്തകയും ഉണ്ടായിരിക്കണമെന്നാണ് എൻ.ആർ.എച്ച്.എം. നിഷ്കർഷിക്കുന്നത്.
15,600 പേർ താമസിക്കുന്ന ആരാഗ് എന്ന വലിയ ഗ്രാമത്തിൽ, ഉമയോടൊപ്പം മറ്റ് 15 ആശാ പ്രവർത്തകർ ദിവസവും രാവിലെ 10 മണിയോടടുപ്പിച്ച് ജോലിക്കിറങ്ങും. മിറാജ് താലൂക്കിലെ ബേദാഗ്, ഖാത്തവ്, ഷിൻഡേവാഡി, ലക്ഷ്മിവാഡി എന്നീ ഗ്രാമങ്ങൾക്കായുള്ള പി.എച്ച്.സി. (പ്രാഥമികാരോഗ്യ കേന്ദ്രം) ആരാഗിലാണുള്ളത്. ഈ ഗ്രാമങ്ങളിലുള്ള 47,000 ആളുകൾക്കായി 41 ആശാ പ്രവർത്തകരുമുണ്ട്.
ഓരോ ആശാപ്രവർത്തകയും ഓരോ ദിവസവും അവർക്ക് നൽകിയിട്ടുള്ള വീടുകൾ സന്ദർശിക്കും. ജോലിസമയം അഞ്ച് മണിക്കൂറാണെങ്കിലും, അതിൽക്കൂടുതൽ സമയം ദിവസവും അവർക്ക് ജോലി ചെയ്യേണ്ടിവരാറുണ്ട്. “ഗ്രാമത്തിന്റെ ഉള്ളിലുള്ള വീടുകളാണെങ്കിൽ, രണ്ട് മണിക്കൂറിനുള്ളിൽ 10-15 വീടുകൾ സന്ദർശിക്കാൻ സാധിക്കും. എന്നാൽ ചിലത് ഗ്രാമാതിർത്തിയിലോ, പാടങ്ങളിലോ ആയിരിക്കും. അത്തരം സന്ദർഭങ്ങളിൽ, നാല് വീടുകൾ സന്ദർശിക്കാൻതന്നെ അഞ്ച് മണിക്കൂറിൽ കൂടുതലെടുക്കും. കുറ്റിച്ചെടികളും, പാടങ്ങളും, ചളി നിറഞ്ഞ വഴികളും താണ്ടി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരും. മഴക്കാലത്ത് കൂടുതൽ ദുരിതമാണ്”, ഉമ പറയുന്നു.















