“ഓ, അത് അവസാനത്തെ ബർഗറായിരുന്നു മാഡം, അത് അവൻ കൊണ്ടുപോയി, ക്ഷമിക്കണം,” ജന്തർ മന്തറിലെ പ്രതിഷേധസ്ഥലത്തിന് പുറത്തുവെച്ച് രാഹുലിനെ പിടികൂടിയപ്പോൾ അയാൾ എന്നോട് പറഞ്ഞു. പിറകിൽ, സൊമാറ്റോവിൻ്റെ ഡെലിവറി ബാഗും കെട്ടിവെച്ച് അവൻ ബൈക്കിലിരിക്കുകയായിരുന്നു. വൈകീട്ട് 6.30 ആയപ്പോഴേക്കും അത് ശൂന്യമായെന്ന് തോന്നുന്നു. “ബംഗളൂരുവിലുള്ള ആരോ അയച്ചതാണ്. ‘ആവശ്യമുള്ളവർക്കാർക്കും’ കഴിക്കാനുള്ള 30 പാക്കറ്റുകൾ,” അയാൾ പറയുന്നു.
ബിഹാറിലെ ദർഭംഗ ജില്ലയിൽനിന്നുള്ള രാഹുൽ കുമാർ യാദവ് പകൽസമയത്ത് വിദ്യാർത്ഥിയാണ്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ പഠനത്തിൽനിന്ന് അവധിയെടുത്തിട്ടില്ല അയാൾ. വൈകീട്ട് 6 മുതൽ രാവിലെ 6 വരെയുള്ള നൈറ്റ് ഷിഫ്റ്റിൽ ഭക്ഷണമെത്തിക്കുന്ന ജോലി ചെയ്യുകയാണ്. മറ്റ് നഗരങ്ങളിൽനിന്ന് ആളുകൾ പൈസ കൊടുത്ത് ഓർഡർ ചെയ്യുന്ന ഭക്ഷണവും അതിലുണ്ടാകാറുണ്ട്. പ്രത്യേകിച്ച് ആർക്കും എന്ന് പറയാതെ, പേര് വെളിപ്പെടുത്താൻപോലും താത്പര്യമില്ലാത്തവർ അയയ്ക്കുന്ന പാർസലുകൾ. ജന്തർ മന്തറിൽ വിശന്നിരിക്കുന്ന ആർക്കും കഴിക്കാവുന്ന ഭക്ഷണം.
ജന്തർ മന്തറിലെ പ്രതിഷേധത്തിനും ലാത്തിച്ചാർജ്ജിനും തടഞ്ഞുവെക്കലിനുമിടയിലും പല ഭാഗത്തുനിന്നും ഭക്ഷണങ്ങൾ അങ്ങിനെ വന്നുകൊണ്ടിരുന്നു. ബർഗറുകൾ, സാൻഡ്വിച്ചുകൾ, പാർലെ-ജിയുടെ പാക്കറ്റുകൾ തുടങ്ങി,‘സർവീസ് ഡെലിവറി പാർട്ട്ണറുമാർ’ (ഗിഗ് ജീവനക്കാർ എന്ന് വായിക്കുക) വിതരണം ചെയ്യുന്ന പാർസലുകൾ. ദില്ലിയിലെ വീടുകളിൽ പാകംചെയ്ത ഭക്ഷണവും, ഏറ്റവും പ്രധാനമായി, പതിറ്റാണ്ടുകളായി പൊതുജനത്തിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്ന സമീപത്തുള്ള ഗുരുദ്വാരകളിലെ ലങ്കാറുകളിൽനിന്നുള്ള ഭക്ഷണവും (സന്നദ്ധസേവകർ വിളമ്പലുകാരായുള്ള സമൂഹ അടുക്കള) അവയിൽപ്പെടുന്നു.








