2017ൽ ഞാൻ നടത്തിയ ഫോട്ടോ പ്രദർശനമാണ് പാരിയിലെ ജോലിയിലേക്ക് എന്നെ നയിച്ചത്. എന്നാൽ എന്നെ ഒരു ദൃശ്യകലാകാരനായി മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച ആ പ്രദർശനം നടക്കാൻ കാരണക്കാരായത് വാനവിൽ രേവതിയും കലാകാരൻ നടരാജനുമാണ്. അവരില്ലായിരുന്നെങ്കിൽ അതൊരിക്കലും നടക്കുമായിരുന്നില്ല. 2004-ലെ സുനാമിക്ക് ശേഷം, നരിക്കുറവർ, ബൂം ബൂം മാട്ടുകാരാർ എന്നീ സമുദായങ്ങളിൽനിന്നുള്ള കുട്ടികൾക്കായി വാനവിൽ എന്ന പേരിലുള്ള ഒരു സ്കൂൾ രേവതി ആരംഭിച്ചു. തുറവിക്കാട്, ഒന്നങ്കാട് സെറ്റിൽമെന്റുകളിലെ കുട്ടികളേയും ആളുകളേയും ഞാൻ അവരിലൂടെയാണ് കണ്ടുമുട്ടിയത്. അവരുടെ ജീവിതത്തെപ്പറ്റി എഴുതുകയും ഫോട്ടോ എടുക്കുകയും വേണമെന്ന് എനിക്ക് അപ്പോൾത്തന്നെ തോന്നി.
അടിയാൻ (അതിയൻ എന്നും അറിയപ്പെടുന്നു) എന്ന വിഭാഗത്തിലെ പട്ടികവർഗ വിഭാഗക്കാരാണ് ബൂം ബൂം മാട്ടുകാരാർ. നാഴികഗ്ലാസിന്റെ ആകൃതിയിൽ ഇരട്ടത്തലയുള്ള പെരുമ്പറയിൽ ഉറുമികൊണ്ട് മാട്ടുകാരാർ - അഥവാ, കന്നുകാലികളെ കൈകാര്യം ചെയ്യുന്നവർ - ഉണ്ടാക്കുന്ന ശബ്ദത്തിൽനിന്നാണ് അവരുടെ പേരിലുള്ള ‘ബൂം ബൂം’ എന്ന വാക്ക് വരുന്നത്. അലങ്കരിച്ച കാളകളെ കൊണ്ടുനടന്ന് ആളുകളുടെ ഭാവിയും ഭാഗ്യവും പറയുന്ന തൊഴിലിൽനിന്നാണ് ആ പേരിന്റെ യഥാർത്ഥ ഉത്ഭവം.






























