ഓഗസ്റ്റ് 19, അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ദിനത്തിൽ, കർണാടകയിലെ ബന്ദിപുർ നാഷണൽ പാർക്കിൽനിന്നുള്ള അത്യപൂർവ്വമായ കാഴ്ചകൾ പാരി അവതരിപ്പിക്കുന്നു. കാടിനേയും വന്യജീവികളേയും അവിടെ ജീവിക്കുന്ന ആളുകളേയും കേവലമൊരു വിനോദസഞ്ചാരിയുടെ കണ്ണുകളിലൂടെയോ, പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ ലെൻസിലൂടെയോ അല്ലാതെ, ആ പരിസരങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ – റിസർവ് വനത്തിലും ചുറ്റിലുമുള്ളവരുടെ - കണ്ണുകളിലൂടെ നോക്കിക്കാണൂ.
മറ്റുള്ളവരുടെ കാഴ്ച എന്ന നിലയിലല്ലാതെ, എങ്ങിനെയാണ് ഫോട്ടോഗ്രാഫിയിലൂടെ വ്യക്തികൾക്ക് അവരുടെ കഥകൾ പറയാൻ കഴിയുന്നതെന്ന് ഈ ചിത്രലേഖനങ്ങൾ തെളിയിക്കുന്നു. അതിമനോഹരമായി പകർത്തിയ വന്യജീവി ചിത്രങ്ങൾക്ക് വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളിൽ യാതൊരു ക്ഷാമവുമില്ലെങ്കിലും, ലോകത്തെ ഏറ്റവും അപകടം പിടിച്ചതും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ വന്യജീവികളുടെ കൂടെ ജീവിതം ചിലവഴിക്കുന്നവരുടെ കഥകൾ എവിടെയാണ് നമുക്ക് കാണാനാവുക? പരസ്പരം കൊല്ലാനും കൊല്ലപ്പെടാനും സാധ്യതയുള്ള മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവിതം, ഈ ഭൂഭാഗത്ത് ഏതുവിധത്തിലുള്ളതായിരിക്കും? ആരാണ് ആ കഥകൾ പറയേണ്ടത്?
ബുക്ക് ഓഫ് ബന്ദിപുർ എന്ന പുസ്തകത്തിൻ്റെ സൃഷ്ടിക്ക് പ്രേരണയായത് ഇതാണ്. 2015-16-ലെ ആറുമാസക്കാലത്തിനുള്ളിൽ, ആറ് വ്യക്തികൾ - കർഷകർ, തൊഴിലാളികൾ, വന്യജീവി വിദഗ്ദ്ധർ, ആദിവാസികൾ, മറ്റുള്ളവർ – ബന്ദിപുർ ദേശീയോദ്യാനത്തിൻ്റെ അരികുകളിലെ തങ്ങളുടെ ജീവിതത്തേയും അനുഭവങ്ങളേയും രേഖപ്പെടുത്തുകയുണ്ടായി. കടുവകൾ, പുലികൾ, ആനകൾ എന്നിവയുടെ ലോകത്തിലെത്തന്നെ, ഏറ്റവും പ്രമുഖമായ ആവാസവ്യവസ്ഥയാണ് ബന്ദിപുരിലേത്.
ഈ സംരംഭത്തിൽ പങ്കാളികളായ പലരും ആദ്യമായിട്ടായിരുന്നു ഒരു ക്യാമറ ഉപയോഗിക്കുന്നത്. ഒരു സംഘമെന്ന നിലയ്ക്ക്, അവർ പലപ്പോഴും, നിത്യജീവിതത്തിനിടയ്ക്ക് വന്യജീവികളെ അഭിമുഖീകരിക്കേണ്ടിവന്ന തങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് – തൊഴിലിനും കളികൾക്കുമിടയിലും അപ്രതീക്ഷിതമായും - ചർച്ച ചെയ്യാൻ ഒരുമിച്ച് കൂടാറുണ്ടായിരുന്നു. അവരുടെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നതുപോലെ, ബന്ദിപ്പുർ എന്നത്, പരസ്പരം ഇടകലരുന്ന ലോകങ്ങളുടെ ഒരു ഭൂമികയാണ്. ഈ ലോകങ്ങൾക്ക് ദൃശ്യത നൽകുക എന്നതായിരുന്നു പാരി ഈ പ്രൊജക്ടുകൊണ്ട് ഉദ്ദേശിച്ചതും.
ഇവിടെ താമസിച്ചിരുന്ന സമുദായങ്ങളുടെ കൈയ്യിൽനിന്ന്, വന്യജീവി സംരക്ഷണമെന്ന പേരിൽ, കാലാകാലമായി ഭരണകൂടം തട്ടിയെടുത്ത ഭൂമിയായിട്ടാണ് ബന്ദിപുരിനെ, ഈ പ്രൊജക്ടിൽ പങ്കെടുത്ത പല ഫോട്ടോഗ്രാഫർമാരും അടയാളപ്പെടുത്തുന്നത്. മറ്റ് ചിലരാകട്ടെ, വംശഭീഷണി നേരിടുന്ന വന്യജീവികളെ രക്ഷിക്കാൻ ബന്ദിപുർപോലെ സവിശേഷമായ സംരക്ഷിതപ്രദേശങ്ങൾക്കേ സാധിക്കൂ എന്ന പക്ഷക്കാരാണ്. ഈ രണ്ട് കൂട്ടരുടേയും ചിത്രകഥകൾ ഒരുമിച്ചെടുത്താൽ, വന്യജീവിസംരക്ഷണത്തിൻ്റെ പശ്ചാത്തലത്തിലുള്ള സാമൂഹികനീതിയെക്കുറിച്ച് നമുക്കൊരു ധാരണ ലഭിക്കുകയും, വനസംരക്ഷണത്തിൻ്റെ ഭാവിക്കുവേണ്ടി ഏത് ‘വിദഗ്ദ്ധരെ’യാണ് നമ്മൾ ആശ്രയിക്കേണ്ടതെന്ന് മനസ്സിലാവുകയും ചെയ്യും.








