വല്ലപ്പോഴുമുള്ള ഒരു പക്ഷിയുടെ ശബ്ദത്തിനുപുറമേ നിങ്ങൾക്ക് കേൾക്കാനാവുന്ന ഒരേയൊരു പശ്ചാത്തലസംഗീതം, ഞാറ് നടുന്നതിനുവേണ്ടി, സ്ത്രീകൾ വെള്ളം നിറഞ്ഞ പാടത്തിലൂടെ നടക്കുന്ന ശബ്ദമാണ്. പിന്നെ, വളരെ സ്വാഭാവികമായി, പെട്ടെന്ന് ആ അഞ്ച് സ്ത്രീകൾ ആലപിക്കുന്ന ബിഹു ഗാനം നിങ്ങൾക്ക് കേൾക്കാം.
അസമീസ് കലണ്ടറിലെ അഹാർ മാസമാണ് (ജൂലായ്) അത്. നൊഭൂയി എന്ന് വിളിക്കുന്ന നെല്ലിൻ്റെ ഞാറ് നടുന്ന ആദ്യത്തെ ദിവസം. അക്ഷരാർത്ഥത്തിൽ, പുതിയ തൈകളുടെ ദിവസം. തിതദോറിലെ സലഗുരു ഗാംവിലെ ഹീര സൈകിയയുടെ പാടത്ത് സൂര്യൻ തിളയ്ക്കുന്നു. അന്തരീക്ഷത്തിൽ നല്ല ഈർപ്പം. ചെയ്യുന്ന ജോലിയോ, നടുവൊടിക്കുന്നത്. സീസണിൻ്റെ ആദ്യത്തെ ദിവസം ഹീര സൈകിയ എന്ന 55-കാരിയെ സഹായിക്കാൻ അവരുടെ നാല് സുഹൃത്തുക്കളും വന്നിട്ടുണ്ട്. 50 വയസ്സുള്ള ഗുണിത സൈകിയ ഗ്രാമത്തിലെ ആശ പ്രവർത്തകയാണ്. 55 വയസ്സുള്ള അരുണ ബോറ സ്കൂൾകുട്ടികൾക്ക് ഉച്ചയ്ക്ക് ഊണ് പാചകം ചെയ്യുന്ന സ്ത്രീയാണ്. 35 വയസ്സുള്ള ബൃഷ്ടിപർണ സോണൊവാൾ ഒരിക്കൽ പഞ്ചായത്തിലെ അംഗമായിരുന്നു. 35 വയസ്സുള്ള നോമി സൈകിയയാകടെ, ഒരു കർഷകയും വീട്ടമ്മയും. അവരെല്ലാവരും, അവരവരുടെ കുടുംബത്തിൻ്റെ നിലനിൽപ്പിനായി ചെറിയ തുണ്ടുഭൂമികളിൽ കൃഷി ചെയ്യുന്നവരാണ്. മറ്റൊരു ദിവസം ഇവരെ സഹായിക്കാൻ ഹീരയ്ക്കും പോകേണ്ടിവരും.






