അതൊരു ഞായറാഴ്ച രാവിലെയായിട്ടു പോലും ജ്യോതിരീന്ദ്ര നാരായൺ ലാഹിരി തിരക്കിലാണ്. ഹൂഗ്ലി ജില്ലയിലുള്ള വീട്ടിലെ ഒരു കോണിലുള്ള മുറിയിലിരുന്ന്, 1778-ൽ മേജർ ജെയിംസ് റെന്നൽ തയ്യാറാക്കിയ, സുന്ദർബൻസിന്റെ ആദ്യത്തെ ഭൂപടം സൂക്ഷ്മമായി പരിശോധിക്കുകയാണ് ആ 50 വയസ്സുകാരൻ.
"ബ്രിട്ടീഷുകാർ നടത്തിയ സർവ്വേ ആധാരമാക്കി ഇറക്കിയ, സുന്ദർബൻസിന്റെ ആദ്യത്തെ ആധികാരികമായ ഭൂപടമാണിത്. സുന്ദർബൻസിലെ കണ്ടൽക്കാടുകൾ കൊൽക്കത്തവരെ നീണ്ടു കിടന്നിരുന്നതായാണ് ഇതിൽ കാണുന്നത്. അതിനുശേഷം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു," ഭൂപടത്തിലെ രേഖകൾ വിരൽകൊണ്ട് പിന്തുടർന്ന് ലാഹിരി പറയുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചുകിടക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളായ സുന്ദർബൻസ്, അതിസമ്പന്നമായ ജൈവവൈവിധ്യത്തിന്റെ പേരിൽ, പ്രത്യേകിച്ചും ബംഗാൾ കടുവയുടെ (പന്തേര ടൈഗ്രിസ്) പേരിൽ വിഖ്യാതമാണ്.
ലാഹിരിയുടെ മുറിയിലുള്ള അലമാരകളിൽ നിറയെ സുന്ദർബൻസിനെക്കുറിച്ചുള്ള പുസ്തകങ്ങളാണ്. ഈ പ്രദേശത്തെ ജന്തുസസ്യജാലങ്ങൾ, ദൈനംദിന ജീവിതം, ഭൂപടങ്ങൾ, അറ്റ്ലസുകൾ ,ഇംഗ്ളീഷിലും ബംഗാളിയിലുമുള്ള ബാലസാഹിത്യ കൃതികൾ എന്നിങ്ങനെ സുന്ദർബൻസുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളിൻമേലുള്ള പുസ്തകങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഈ മുറിയിലിരുന്നാണ് അദ്ദേഹം 'ശുധു സുന്ദർബൻ ചർച്ച' എന്ന, സുന്ദർബൻസിനെക്കുറിച്ച് ചർച്ച ചെയ്യുന്ന ത്രൈമാസ വാരികയ്ക്ക് വേണ്ടിയുള്ള ഗവേഷണങ്ങളും ഓരോ ലക്കവും പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നത്. 2009-ൽ അയില ചുഴലിക്കാറ്റ് സുന്ദർബൻസ് പ്രദേശത്ത് കനത്ത നാശനഷ്ടം വിതച്ചതിന് പിന്നാലെയാണ് ലാഹിരി ഈ മാസിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്.
"ചുഴലിക്കാറ്റിനുശേഷം ആ പ്രദേശത്തെ സ്ഥിതി അറിയാൻ ഞാൻ അവിടം പല തവണ സന്ദർശിച്ചിരുന്നു. വല്ലാതെ ഭയപ്പെടുത്തുന്ന അവസ്ഥയായിരുന്നു അത്," അദ്ദേഹം ഓർത്തെടുക്കുന്നു. "കുട്ടികൾ ആരും സ്കൂളിൽ പോയിരുന്നില്ല. ഒരുപാട് ആളുകൾക്ക് വീട് നഷ്ടപ്പെട്ടു. പുരുഷന്മാർ മിക്കവരും ജോലി തേടി പല സ്ഥലങ്ങളിലേക്ക് കുടിയേറിയിരുന്നതിനാൽ എല്ലാ ചുമതലകളും സ്ത്രീകൾക്കായിരുന്നു. നദിയിലെ അണ തകരുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചായിരുന്നു അവിടെ ഉള്ള ആളുകളുടെ ജീവനും ഭാവിയും."
ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ അപര്യാപ്തവും തീർത്തും ഉപരിപ്ലവവുമാണെന്ന് ലാഹിരി തിരിച്ചറിഞ്ഞു. "സുന്ദർബൻസിനെ സംബന്ധിച്ചുള്ള ചില വാർപ്പ് മാതൃകകൾ ആവർത്തിച്ച് ഉപയോഗിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. സാധാരണയായി, കടുവാ അക്രമണങ്ങളെക്കുറിച്ചോ അല്ലെങ്കിൽ മഴക്കെടുതിയെക്കുറിച്ചോ ഉള്ള വാർത്തകൾ മാത്രമാണ് സുന്ദർബൻസിനെക്കുറിച്ച് മാധ്യമങ്ങളിൽ നിങ്ങൾക്ക് കാണാനാകുക. മഴയോ വെള്ളപ്പൊക്കമോ ഇല്ലെങ്കിൽ സുന്ദർബൻസ് വാർത്തകളിൽനിന്ന് അപ്രത്യക്ഷമാകും," അദ്ദേഹം പറയുന്നു. "ദുരന്തം, വന്യജീവിസമ്പത്ത്,ടൂറിസം- മാധ്യമങ്ങൾ ശ്രദ്ധ കൊടുക്കുന്ന വിഷയങ്ങൾ ഇവ മാത്രമാണ്.









