ആർക്കും അയാളുടെ പേരറിയില്ല. മൊഹല്ലയിലെ ഒരു വൃദ്ധൻ, അത്രമാത്രം. പകൽസമയങ്ങളിൽ ചിരിക്കുകയും രാത്രികാലങ്ങളിൽ കരയുകയും, സിന്ധിയിലും ഉറുദുവിലും മാത്രം സ്വയം സംസാരിക്കുകയും ചെയ്യുന്നതുകൊണ്ട് മാത്രം ഭ്രാന്തനെന്ന് മുദ്രകുത്തപ്പെട്ട ഒരാൾ. അയാൾ എന്തൊക്കെയോ പുലമ്പുകയാണെന്ന് ആളുകൾ കരുതി. അയാൾ ഗാലിബിനെ പാരായണം ചെയ്യുമ്പോളൊഴികെ:
എത്ര വിജനമാണ് ഈ മരുഭൂമി?
ഇതുപോലുള്ള പാഴ്നിലം കാണുമ്പോഴൊക്കെ ഞാൻ വീടിനെക്കുറിച്ച് ചിന്തിക്കുന്നു
അയാൾ ചൊല്ലുന്നത് കേൾക്കുമ്പോഴൊക്കെ, ബുദ്ധിക്കും ഭ്രാന്തിനുമിടയിലുള്ള രേഖ ചുരുങ്ങുന്നതായി നിങ്ങൾക്ക് തോന്നും.
മൊഹല്ലയുടെ ദൂരത്തൊരു കോണിലായി, പതിറ്റാണ്ടുകൾ പഴക്കമുള്ള അയാളുടെ വീട് കാണാം. ആളൊഴിഞ്ഞ, തകർന്നടിഞ്ഞ ആ വീട് നിന്നിരുന്ന ഉയരമുള്ള തട്ടിൽ, രണ്ട് തെരുവുനായകളോടൊപ്പം അയാൾ കാവലിരിക്കുന്നു.
ആ സ്ഥലം തൻ്റെ വീടാക്കാൻ അയാൾ വന്നത് എപ്പോഴാണെന്ന് ആർക്കുമറിയില്ല. ആർക്കും അയാളുടെ പ്രായവുമാറിയില്ല. ഇന്ത്യയുടെ ചുളിഞ്ഞ ഭൂപടം പോലെയുള്ള ആ മുഖത്ത് വാർദ്ധക്യം എഴുതിവെച്ചിട്ടുണ്ടായിരുന്നു.
പല കഥകളും കേട്ടു. വിഭജനകാലത്ത് അയാൾക്ക് കുടുംബം നഷ്ടപ്പെട്ടുവെന്ന് ചിലർ. മറ്റ് ചിലർ പറയുന്നത്, വിഭജനത്തിന് ശേഷമുണ്ടായ വർഗ്ഗീയകലാപത്തിൽ അയാളുടെ കുടുംബം ഒന്നടങ്കം കൊല ചെയ്യപ്പെട്ടുവെന്നാണ്. സമ്പന്നനായ വ്യാപാരിയായിരുന്ന ഭാര്യയും രണ്ടാണ്മക്കളും രാജ്യഭ്രഷ്ടരായതോടെ, ആ ഹതഭാഗ്യന് സമ്പത്തും ബുദ്ധിയും നഷ്ടപ്പെട്ടതാണെന്ന് ഇനിയും മറ്റ് ചിലർ പറയുന്നു. താടിയും, തലയിൽ ഒരു മുഷിഞ്ഞ പച്ചത്തുണിയും ചുറ്റിയ അയാൾ മുസ്ലിമാണോ എന്ന് ആർക്കുമറിയില്ല. കട്ടിലിനടുത്തുള്ള ഒരു ചെറിയ പൊത്തിൽ ദിവസവും വിളക്ക് കത്തിച്ചുവെച്ച് പ്രാർത്ഥനപോലെ എന്തോ മന്ത്രിക്കുന്ന അയാൾ ഹിന്ദുവാണോ എന്നും ആർക്കുമറിയില്ല. എന്തായാലും, എല്ലാവരും അയാളോട് കരുണ കാണിച്ചു. കഴിച്ചതിൽ ബാക്കി വന്ന ഭക്ഷണം അയാൾക്ക് നൽകി. റേഷൻ കിട്ടാൻ ബുദ്ധിമുട്ടിയപ്പോൾപോലും തങ്ങൾക്ക് കിട്ടിയ ഒരു ചെറിയ പങ്കിൽനിന്ന് അവർ അയാളെ ഊട്ടി.
എന്നാൽ അവസാനകാലങ്ങളിൽ ഒരുതരി വറ്റുപോലും അയാൾ കഴിച്ചിരുന്നില്ല. പഴയതുപോലെ, തെരുവിൽ അലഞ്ഞുനടന്നില്ല. ചങ്ങലയിൽ ബന്ധിതനായതുപോലെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. വിളക്ക് കത്തിക്കുകയോ ഗാലിബിനെ ഓർക്കുകയോ ചെയ്തിരുന്നില്ല അയാൾ. ഒരു കോണിലേക്ക് കൂടുതൽക്കൂടുതൽ ഒതുങ്ങിക്കൂടി. ആരെയും അടുത്തുവരാൻ അനുവദിച്ചതുമില്ല. മരിക്കുന്നതുവരെ. താനൊരു മുള്ളുവേലി കഴിച്ചുവെന്നും അത് തൊണ്ടയിൽ കുടുങ്ങിയെന്നും അയാൾ പറഞ്ഞതായി കേട്ടുവെന്ന് ചിലർ അവകാശപ്പെട്ടു. മറ്റ് ചിലർ പറഞ്ഞത്, അത് കോവിഡായിരുന്നുവെന്നാണ്.


