2021 ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. മൂടൽമഞ്ഞ് തങ്ങിനിന്ന പാതയിലൂടെ 70 കിലോമീറ്റർ അകലെ, മഹാരാഷ്ട്രയിലെ സോലാപൂരിലുള്ള ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേയ്ക്കുള്ള യാത്രയിലായിരുന്നു അമർ തോർബോലേ. ഒരു കാൻ ഡീസലും ഒരു തീപ്പെട്ടിയും അദ്ദേഹം കൈയ്യിൽ കരുതിയിരുന്നു.
ബൈക്ക് പാർക്ക് ചെയ്ത് പോലീസ് സ്റ്റേഷനിലേയ്ക്ക് നടക്കുന്നതിനിടെ തോർബോലേ പതിയെ കാനിന്റെ അടപ്പ് തുറന്ന് തന്റെ ശരീരമാസകലം ഡീസൽ ഒഴിച്ചു. എന്നിട്ട് തീപ്പെട്ടി ഉരച്ചു. തീപ്പെട്ടി കത്തിത്തുടങ്ങിയപ്പോഴാണ് പോലീസ് കുതിച്ചെത്തിയത്.
ഈ സംഭവം നടക്കുന്നതിന് മുൻപുള്ള രണ്ടുമാസങ്ങളിലായി, തോർബോലെയുടെ സ്വദേശമായ ബർഷിയിയിൽ വായ്പ തിരിച്ചുപിടിക്കാനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഏജന്റുമാർ 38-കാരനായ തോർബോലേയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. തോർബോലേ ബാങ്കിൽനിന്ന് വായ്പയെടുത്ത തുകയുടെ അഞ്ച് മടങ്ങ് വരുന്ന തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതിനെതിരെ തോർബോലേ പോലീസിൽ പരാതിപ്പെട്ടെങ്കിലും, അദ്ദേഹത്തെ വഞ്ചിച്ചവർ വലിയ രാഷ്ട്രീയ സ്വാധീനമുള്ളവരായതിനാൽ കേസിൽ അന്വേഷണം നടത്താൻ പോലീസ് വിസമ്മതിക്കുകയായിരുന്നു.
അതിനും ഒരുവർഷം മുൻപ്, 2020 മേയിൽ, മറാത്താ സമുദായക്കാരനായ തോർബോലേ തന്റെ പലഹാര കച്ചവടം വിപുലീകരിക്കാൻ തീരുമാനിച്ചിരുന്നു. അതിനായി, അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽനിന്ന് നല്ലൊരു പങ്ക് ഉപയോഗിച്ച് കുറച്ച് ഭൂമി വാങ്ങിക്കുകയും ചെയ്തു. തന്റെ ചെറുകടയിൽ പോഹ, വട തുടങ്ങിയ പ്രഭാതഭക്ഷണങ്ങൾ വിൽക്കുന്നതിനൊപ്പം സുഗന്ധവ്യജ്ഞനങ്ങളും കച്ചവടം നടത്താനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി; പുതുതായി വാങ്ങിച്ച ഭൂമിയിൽ ഒരു സംഭരണശാല പണിയാമെന്നും അദ്ദേഹം കണക്കുകൂട്ടി.
കച്ചവടം വിപുലീകരിക്കാനും സംഭരണശാല പണിയാനുമെല്ലാമായി ശിവ് ശക്തി അർബൻ സഹകരണ ബാങ്കിൽനിന്ന് 5 ലക്ഷം രൂപ വായ്പയെടുക്കാൻ തോർബോലേ നിശ്ചയിച്ചു. സഹകരണ ബാങ്കിന്റെ ബ്രാഞ്ച് മാനേജർ ഗണേഷ് ബറാങ്കുലെ തോർബോലേയുടെ മുൻ തൊഴിലുടമയായ യുവ്രാജ് ബറാങ്കുലെയുടെ കച്ചവട പങ്കാളിയായതിനാലാണ് അവിടെത്തന്നെ വായ്പയ്ക്ക് അപേക്ഷിക്കാൻ തോർബോലേ തീരുമാനിച്ചത്.
അതുകൊണ്ടുതന്നെ, "ആദ്യത്തെ അപേക്ഷയിൽ ഒരു തെറ്റ് ഉണ്ടായിരുന്നു" എന്ന കാരണം ചൂണ്ടിക്കാട്ടി വായ്പാ കടലാസുകളിൽ രണ്ടാമതും ഒപ്പിടാൻ ഗണേഷ് ആവശ്യപ്പെട്ടപ്പോൾ പരിചയക്കാരായതുകൊണ്ടും ഇതൊരു പതിവ് നടപടിയാകുമെന്ന് കരുതിയതിനാലും തോർബോലേയോ അദ്ദേഹത്തിന്റെ ഭാര്യയോ ഒട്ടുംതന്നെ സംശയിച്ചില്ല.
2020 ജൂലായ് മാസത്തിന്റെ തുടക്കത്തിൽ, വായ്പ അനുവദിച്ചിട്ടുണ്ടെന്നും തിരിച്ചടവിന് ഈടായി ഒപ്പിട്ട 10 ബ്ലാങ്ക് ചെക്കുകൾ കൈമാറണമെന്നും ഗണേഷ് തോർബോലേയെ അറിയിച്ചു.
തോർബോലേയും ഭാര്യയും അതും മടികൂടാതെ ചെയ്തു. "ഞങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു," തോർബോലേയുടെ ഭാര്യ, 34 വയസ്സുകാരി സുജാത പറയുന്നു. "ഞങ്ങൾ അവരെ (ഗണേഷിനെയും യുവ്രാജിനെയും) വിശ്വസിച്ചുപോയി."
ഒരുവർഷത്തോളം ആ വിശ്വാസത്തിന് ഇളക്കം തട്ടിയിരുന്നില്ല. എന്നാൽ പിന്നീടൊരു ദിവസം, വായ്പ തിരിച്ചുപിടിക്കാൻ നിയോഗിക്കപ്പെട്ട ഏജന്റുമാർ തോർബോലേയുടെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും 25 ലക്ഷം രൂപയുടെ ഗാർഹിക ലോണിന്റെ തിരിച്ചടവ് തോർബോലേ മുടക്കിയാൽ ബാങ്ക് അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് സുജാതയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. "എനിക്കൊന്നും മനസ്സിലായില്ല," അവർ പറയുന്നു.











