പാക്കിസ്ഥാന് അതിർത്തിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ മാറി ശംശേർ സിംഗ് തൻ്റെ സഹോദരൻ്റെ ഗാരേജിൽ തൊഴിലുപകരണങ്ങൾ പരിശോധിക്കുന്ന പണിയിലാണ്. അദ്ദേഹം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇവിടെ മെക്കാനിക്കായി ജോലി ചെയ്യുന്നു. പക്ഷെ, താൽപര്യത്തോടെയല്ല ഈ ജോലി തിരഞ്ഞെടുത്തത്.
ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ അട്ടാരി-വാഗാ അതിർത്തിയിൽ ജോലി ചെയ്തിരുന്ന ചുമട്ടുതൊഴിലാളികളിലെ മൂന്നാം തലമുറയിൽപെട്ട ആളാണ് 35-കാരനായ ശംശേർ. അദ്ദേഹത്തിന്റെ കുടുംബം സംസ്ഥാനത്ത് മറ്റ് പിന്നോക്ക വിഭാഗത്തിൽ (ഒ.ബി.സി.) ഉൾപ്പെട്ടവരുടെപട്ടികയിലെ പ്രജാപതി സമുദായത്തിൽ പെടുന്നു.
പാക്കിസ്ഥാനുമായി പഞ്ചാബ് പങ്കുവയ്ക്കുന്ന ഈ അതിർത്തിയിൽ, സിമന്റ്, ജിപ്സം, ഡ്രൈ ഫ്രൂട്ട്സ് എന്നിവ കയറ്റിയ നൂറുകണക്കിന് ട്രക്കുകൾ ദിവസവും ഇന്ത്യയിലെത്തിയിരുന്നു. തക്കാളി, ഇഞ്ചി, വെളുത്തുള്ളി, സോയാബീൻ സത്ത്, പരുത്തി നൂൽ എന്നിവയുൾപ്പെടെ മറ്റു സാധനങ്ങളുമായി സമാനമായ രീതിയിൽ ട്രക്കുകൾ പാക്കിസ്ഥാനിലേക്കും പോയിരുന്നു.
അവിടുത്തെ ഏതാണ്ട് 1,500 ചുമട്ടുതൊഴിലാളികളിൽ ഒരാളായിരുന്ന ശംശേറിൻ്റെ ജോലി "അതിർത്തി കടന്നു നീങ്ങുന്ന ട്രക്കുകളിൽ ഈ സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുക" എന്നതായിരുന്നു. ഈ പ്രദേശത്ത് ഫാക്ടറികളോ വ്യവസായങ്ങളോ ഒന്നുമില്ല. അട്ടാരി-വാഗാ അതിർത്തിയുടെ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നുള്ള ഭൂരഹിതരായ ഗ്രാമീണർ തങ്ങളുടെ ഉപജീവനത്തിനായി അതിർത്തി കടന്നുള്ള വ്യാപാരത്തെ വളരെയധികം ആശ്രയിക്കുന്നു.









