“ഓവിസുകളുടെ പരിഭാഷ തുടരാൻ എനിക്ക് ആഗ്രഹമുണ്ട്.”
ഇത് പറയുമ്പോൾ ആശാതായിക്ക് എൺപത് കഴിയാറായിരുന്നു. ഒരു വീഴ്ചയിൽനിന്ന് ഭേദപ്പെട്ടുവരുന്ന സമയമായിരുന്നു അത്. ലാപ്ടോപ്പ് ഉപയോഗിക്കാൻ ബുദ്ധിമുട്ട് നേരിട്ടു അവർക്ക്. അതുകൊണ്ട് ഞങ്ങൾ കൈകൊണ്ടെഴുതിയ പരിഭാഷകളിലേക്ക് മാറി. ഒരു സമയം 80-100 ഈരടികളുള്ള പരിഭാഷകൾ അവർ ചെയ്തുകൊണ്ടിരുന്നു. അത് കഴിഞ്ഞ്, അടുത്തതിലേക്ക് കടക്കും. അതായിരുന്നു അവരുടെ രീതി.
ചെയ്തുതീർന്ന പരിഭാഷകൾ പതിവായി ഡേറ്റാബേസിലേക്ക് മാറ്റിക്കൊണ്ട് ജിതേന്ദ്ര മയ്ഡ് അവരുടെകൂടെത്തന്നെ ഉണ്ടായിരുന്നു.
“കൊളേജുകാലം വരെ എൻ്റെ ധാരണ, ഒരു ലൈബ്രേറിയൻ എന്നാൽ, പുസ്തകങ്ങളെ ശ്രദ്ധയോടെ സൂക്ഷിക്കുന്ന ആൾ എന്നായിരുന്നു. എന്നാൽ 1996-ൽ ഹേമതായി റായിർകറുടെ വീട്ടിൽവെച്ച് ആശാതായ് ഒഗളെയെ കണ്ടുമുട്ടിയപ്പോൾ ഈ ധാരണ മാറി,” ജിതേന്ദ്ര മയ്ഡ് പറയുന്നു. നാല് പതിറ്റാണ്ടോളം കാലം - 1996 മുതൽ ആശാതായിയുടെ അവസാനകാലംവരെ – ഗ്രൈൻഡ്മിൽ സോംഗുകൾ പരിഭാഷപ്പെടുത്തുന്നതിൽ അദ്ദേഹം അവരുടെ കൂടെ പ്രവർത്തിച്ചു.






