ഫ്രണ്ട്ലൈൻ വാരിക പിറവിയെടുത്ത വർഷമായ 1984-ൽ, ഞാൻ കർഷകരുടെ വീടുകൾ സന്ദർശിക്കുമ്പോഴെല്ലാം ഒരു ഗ്ലാസ് നറുംപാൽ നൽകിയാണ് എല്ലായിടത്തും വീട്ടുകാർ എന്നെ സ്വീകരിച്ചിരുന്നത്. പടിഞ്ഞാറൻ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ, വീട്ടിൽനിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആതിഥേയർ ഒരു ഗ്ലാസ് പാൽ കൂടി നൽകുമായിരുന്നു. ആന്ധ്രാ പ്രദേശിന്റെ തീരമേഖലയിൽ, പലപ്പോഴും വെള്ളി ടംബ്ലറുകളിലാണ് അതിഥികൾക്ക് പാൽ നൽകിയിരുന്നത് - അത് ഒരേസമയം അതിഥികളോടുള്ള ആദരവും കർഷകൻ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നതും സൂചിപ്പിച്ചിരുന്നു.
തമിഴ്നാട്ടിലെ കർഷകഗൃഹങ്ങൾ സന്ദർശിക്കുമ്പോൾ, ശുദ്ധമായ പിച്ചളയിൽ തീർത്ത ടംബ്ലറുകളിലാണ് എനിക്ക് പാൽ ലഭിച്ചിരുന്നത്. ചിലപ്പോൾ, ആ പിച്ചള ടംബ്ലറിൽ അതീവരുചികരമായ ഫിൽറ്റർ കാപ്പിയും ലഭിച്ചിരുന്നു. 1990-കൾ ആയപ്പോഴേക്കും, പല സംസ്ഥാനങ്ങളിലും വെള്ളി ടംബ്ലറുകൾ സ്റ്റെയിൻലെസ് സ്റ്റീൽ ഗ്ലാസ്സുകൾക്ക് വഴിമാറി. 1991-നുശേഷം, കർഷക ഗൃഹങ്ങളിൽ അതിഥികൾക്ക് നറുംപാൽ നൽകുന്ന പതിവ് തുടർന്നെങ്കിലും, അത് പലപ്പോഴും വക്കുടഞ്ഞ ഒരു കപ്പിലോ വിള്ളൽ വീണ ഗ്ലാസ്സുകളിലോ ഒക്കെയായി മാറി. 1990-കളുടെ മധ്യമായപ്പോഴേക്കും പല വീടുകളിലും എനിക്ക് ചില്ല് ഗ്ലാസ്സുകളിൽ പാൽ കിട്ടിത്തുടങ്ങി.
2000 ആയപ്പോഴേക്കും പാലിന്റെ സ്ഥാനത്ത് ചായയായി. മഹാരാഷ്ട്രയിലെ വിദർഭ പ്രദേശത്ത്, 2003-04 കാലം ആയപ്പോഴേയ്ക്കും, അതിഥികൾക്ക് കട്ടൻചായയാണ് നൽകിയിരുന്നത്. ചായയിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവും -പരമ്പരാഗതമായി, അത് അതിഥിയോടുള്ള സ്നേഹവും ബഹുമാനവും സൂചിപ്പിക്കുന്ന ഒന്നായിരുന്നു - ക്രമേണ കുറഞ്ഞു വന്നു. ആ ദശാബ്ദത്തിന്റെ പകുതി ആയപ്പോഴേയ്ക്കും ചില്ലിന്റെ ഗ്ലാസും അപ്രത്യക്ഷമായി. വളരെ കുറഞ്ഞ അളവിൽ ലഭിക്കുന്ന കട്ടൻചായപോലും തീവണ്ടിയാത്രകൾക്കിടയിലും ബസ് ഡിപ്പോകളിലും മാത്രം കണ്ടുവന്നിരുന്ന വിലകുറഞ്ഞ പ്ലാസ്റ്റിക്ക് ഗ്ലാസ്സുകളിൽ നൽകുന്നത് പതിവായി.
2018-ൽ ഞാൻ സ്വാതന്ത്ര്യ സമരസേനാനിയായ ഗൺപതി ബാൽ യാദവിനെ മഹാരാഷ്ട്രയിലെ സാംഗ്ലിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചിരുന്നു. അന്ന്, ഏതാനും മണിക്കൂറുകൾ നീണ്ട അഭിമുഖത്തിനുശേഷം ആ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ, അദ്ദേഹം എന്നെ നറുംപാൽ നൽകിയാണ് യാത്രയയച്ചത്. ഒരു അലുമിനിയം ടംബ്ലറിൽ.

















