കോവിഡ്-19 മഹാവ്യാധിമൂലം, ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ശാരീരികക്ഷമതാ പരിശീലനം വികാസ് കുമാറിന് നിർത്തിവെക്കേണ്ടിവന്നു. 2022-ന്റെ തുടക്കത്തിൽ അയാൾ വീണ്ടും തന്റെ ദൈനംദിന പരിശീലനം പുനരാരംഭിച്ചു. 1.6 കിലോമീറ്റർ അകലെയുള്ള ആരായിലെ എയർപോർട്ട് മൈതാനത്തെ 400 മീറ്റർ ട്രാക്ക് 4-5 തവണ ഓടുന്ന പരിപാടി. “ആ ദൂരം ഞാൻ 5 മിനിറ്റും 20-25 സെക്കൻഡുമെടുത്ത് പൂർത്തിയാക്കാറുണ്ടായിരുന്നു,” അയാൾ പറയുന്നു.
ആ ഓട്ടം അയാൾ ദിവസവും 5-6 തവണ ആവർത്തിക്കും. ഓരോ തവണയും അയാൾ സമയവും ശ്രദ്ധിക്കും. ഇതിനുപുറമെയാണ് ഒറ്റയടിക്ക് 8-10 തവണ ചെയ്യുന്ന പുൾ-അപ്പുകളും, ഇരുന്നെണീക്കലും, പുഷ്-അപ്പുകളും മറ്റ് അഭ്യാസങ്ങളും. “സൈന്യത്തിലേക്കുള്ള തിരഞ്ഞെടുപ്പിലെ ശാരീരികക്ഷമതാ പരീക്ഷയിൽ പങ്കെടുത്തിരുന്നെങ്കിൽ തീർച്ചയായും ‘മികച്ച പ്രകടനം’ എന്ന് അവർ ശരീരത്തിൽ അടയാളപ്പെടുത്തിയേനേ,” അയാൾ പറയുന്നു. സമയത്തിനും മുമ്പ് അത്രയും ദൂരം ഓടിത്തീർത്താൽ, സൈനികോദ്യോഗസ്ഥർ അങ്ങിനെയാണത്രെ നെഞ്ചത്ത് മാർക്കിടുക.
അത്തരമൊരു പരീക്ഷ നേരിടാൻ വികാസ് തയ്യാറായിരുന്നു.
എന്നാൽ 2022 ജൂണിൽ മറ്റൊരു സംഭവവികാസമുണ്ടായി. വികാസിനും, മറ്റ് നിരവധിപേർക്കും അത്, കോവിഡ് 19-നേക്കാൾ വലിയ പ്രഹരമായി മാറി. മഹാവ്യാധിയുടെ തലത്തിലുള്ള ഒന്നല്ല, നയപരമായ ഒരു രോഗമായിരുന്നു അത്.
അഗ്നിപഥ് പദ്ധതി എന്നായിരുന്നു അതിന്റെ പേര്. പരീക്ഷയിൽ ജയിച്ചാൽ, ‘മികച്ച പ്രകടനം’ എന്നായിരിക്കില്ല നെഞ്ചത്ത് അടയാളപ്പെടുത്തുക. യൂണിഫോമിലും, തൊപ്പിയിലും ‘അഗ്നിവീർ’ എന്ന മുദ്ര മാത്രം കിട്ടും.
















