എല്ലാ ദിവസവും രാവിലെ, ലിൻഡൂരിലെ തൻ്റെ കൃഷിയിടത്തിലേക്ക് പോവുമ്പോൾ ഹീര ലാൽ രാസ്പയ്ക്ക് ആധിയാണ്. “ഉത്കണ്ഠ എന്നെ പിടികൂടും. ഇന്ന്, കൂടുതൽ സ്ഥലം ഇല്ലാതായിട്ടുണ്ടാവുമോ? നാളെ എത്ര ബാക്കിയുണ്ടാവും?” എന്നൊക്കെ.
ഹിമാചൽ പ്രദേശിലെ ലഹൗൽ, സ്പിതി മേഖലയിലെ ലിൻഡൂർ ഗ്രാമത്തിലെ ഗോത്രകർഷകനായ 55 വയസ്സുകാരൻ രാസ്പ, 2025 ഏപ്രിലിൽ, തൻ്റെ 2.5 ഭിഗയിൽ (ഏകദേശം 0.2 ഏക്കർ) ഉരുളക്കിഴങ്ങ് വിതച്ചിട്ടുണ്ടായിരുന്നു. എന്നാൽ മേയ് പകുതിയോടെ, അദ്ദേശത്തിൻ്റെ കൃഷിയിടത്തിൻ്റെ പകുതിഭാഗം, വീതിയേറിയ ഒരു ചാലിലേക്ക് വീണുപോയി.
ബാക്കിയുള്ള വിളവ് ആരോഗ്യത്തോടെ നിൽക്കുന്നുണ്ടെങ്കിലും, രാസ്പയ്ക്ക് പ്രതീക്ഷയില്ല.
ഏപ്രിൽ മുതൽ ഒക്ടോബർവരെയുള്ള ഹ്രസ്വമായ വേനൽക്കാലം ലഹൗൽ, സ്പിതി താഴ്വരയിലുള്ള താമസക്കാർക്ക് നിർണ്ണായകമാണ്. കാരണം, വർഷത്തിൽ ബാക്കിയുള്ള കാലം മുഴുവനും, മഞ്ഞുകാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരിക്കും. ആ വേനൽക്കാലത്തുമാത്രമാണ് ആളുകൾക്ക് ഭക്ഷ്യ, നാണ്യവിളകൾ കൃഷി ചെയ്യാനാവുക.
സാധാരണ നിലയിൽ, കഠിനാദ്ധ്വാനവും പ്രതീക്ഷയും നിറഞ്ഞ ജൂൺ മാസം ഇക്കുറി ഭയത്തിലാണ് ആളുകൾ ജീവിച്ചത്. ആളുകൾ പാടത്ത് പണിയെടുത്തിരുന്നുവെങ്കിലും, മനസ്സ് നിറയെ ഭയാശങ്കകളായിരുന്നു.
“ഓരോ ദിവസവും, ഓരോ ആഴ്ചയും, എൻ്റെ പാടം കുറേശ്ശെകുറേശ്ശെയായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഉരുളക്കിഴങ്ങ് വിളവെടുക്കാറാവുമ്പോഴേക്കും മുഴുവൻ പാടവും ഇല്ലാതാവാം.”
“ഞങ്ങളുടെ വീടുകളും, പാടങ്ങളും, കൃഷിയിടങ്ങളും എല്ലാം വീണുകൊണ്ടിരിക്കുകയാണ്. ദൈവം ഞങ്ങളെ എന്തിനാണിങ്ങനെ ശിക്ഷിക്കുന്നതെന്ന് അറിയില്ല. ലിൻഡൂരിൽ താമസിക്കുന്ന ഞങ്ങൾ നരകത്തിലൂടെയാണ് കടന്നുപോകുന്നത്.”
ഭൂഗർഭ മണ്ണിൻ്റെ ഘടനയിൽ സംഭവിക്കുന്ന തകർച്ചയും മാറ്റങ്ങളും മൂലമുണ്ടാകുന്ന പ്രതിഭാസമാണ് ഭൂമിയുടെ ഇടിവ്, അഥവാ താഴ്ന്നുപോകൽ എന്ന പ്രക്രിയ.














