“മുസ്കെനിയുടെ ഇളംപച്ച ഇലകൾക്ക് മഴയ്ക്കുശേഷം രുചി കൂടും. വേനലിൽ, ഇലകൾ ചൂടെടുത്ത് ബലമുള്ളതാകും,” കൌശല്യ പറയുന്നു. രണ്ടുമുറിയുള്ള കെട്ടുറപ്പുള്ള തന്റെ വീടിന്റെ തുറന്ന ഭാഗത്തെ അടുക്കളയിലായിരുന്നു അവർ അപ്പോൾ. സംസാരിക്കുമ്പോൾത്തന്നെ, അവർ കഴുകിയ ചീരയില, മുസ്കെനി, അല്പം പച്ചമുളക്, മഞ്ഞപ്പൊടി, ഉപ്പ് എന്നിവയോടൊപ്പം പ്രഷർ കുക്കറിലിട്ടു
“മുസ്കെനി ഇല പയറിന്റെയും കടലയുടെയും കൂടെ നന്നായി ചേരും,” ചേരുവകൾ പരിചയപ്പെടുത്തിക്കൊണ്ട് സന്തോഷത്തോടെ അവർ തുടർന്നു. ചത്തീസ്ഗഢിൽ വളരുന്ന ഒരു കാട്ടുചെടിയാണ് മുസ്കെനി ഇലകൾ. ചീരയുടെ കൂടെയാണ് അത് വളരുക. പ്രഷർ കുക്കറിൽനിന്ന് മൂന്നോ നാലോ വിസിലുകൾ വരാൻ കാത്തിരിക്കുമ്പോൾ, അവർ വെളുത്തുള്ളിയും തക്കാളിയും സവാളയും അല്പം ഉണങ്ങിയ ചുവന്ന മുളകും തയ്യാറാക്കുന്നുണ്ടായിരുന്നു. പരിപ്പിന്റെ കൂടെ ചേർക്കാനുള്ളതാണ് അവ. പച്ചക്കറികൾ മുറിക്കുന്ന പനികി (മരത്തിന്റെ ഒരു തട്ടിൽ ഘടിപ്പിച്ച കത്തി) ഉപയോഗിച്ചാണ് അവരത് ചെയ്യുന്നത്.













