“കടലിൽ ജീവിക്കുന്നവർക്ക് മരണത്തെ ഭയമില്ല എന്ന് എൻ്റെ അച്ഛൻ പറഞ്ഞത് നുണയായിരുന്നു. 17 വയസ്സിൽ നാവികനായി ഞാൻ ആദ്യത്തെ ജോലിക്ക് ചേർന്നപ്പോഴാണ് അച്ഛൻ അത് പറഞ്ഞത്,” തൻ്റെ കൈകളിലേക്ക് നോക്കി, 43 വയസ്സുള്ള നസീർ ജുനസ് ഭയ്യ പറയുന്നു.
“അച്ഛൻ നുണ പറയുകയായിരുന്നു. വെള്ളം കപ്പലിൽ കടക്കുന്നത് കണ്ടപ്പോഴേ എനിക്ക് ഭയമായി. പുലർച്ചെ 12 മണിയായിരുന്നു. 2026 മേയ് 8. ഞങ്ങലെ കൊല്ലാൻ ഒരു മിസ്സൈൽ വന്നു. ഹോർമുസ് കടക്കുന്നതിൽനിന്ന് ഇറാൻ ഞങ്ങളെ വിലക്കിയിരുന്നില്ല. അതുകൊണ്ട്, അവരായിരിക്കില്ല ആക്രമിച്ചത്. എന്തോ വലിയ പൊട്ടിത്തെറി കേട്ടു. ഉടനെ തീ പടരുകയും ചെയ്തു. ഹിന്ദിയും ഗുജറാത്തിയും കലർത്തി സംസാരിക്കുന്നതിനിടയിൽ അയാൾ വീണ്ടും ഒന്ന് നിർത്തി. നാട്ടിലും വീട്ടിലും അയാൾ കച്ചി സിന്ധിയിലാണ് സംസാരിച്ചിരുന്നത്. ദ്വാരക ജില്ലയിലെ സലായ തുറമുഖ പട്ടണത്തിലുള്ള അയാളുടെ ഒരുനില വീട്ടിലിരിക്കുകയായിരുന്നു ഞങ്ങൾ.
























