ഇത് എല്ലാ അർത്ഥത്തിലും ഒരു ദൈവീക കൂട്ടായ്മയാണ്.
ജില്ലാ ആസ്ഥാനംകൂടിയായ നാരായൺപുരിലെ ബസ്തർ മേഖലയിലെ നിരവധി ദേവതകൾ വർഷത്തിൽ ഒരിക്കൽ ഒന്നിക്കുന്നതും ബാവ്ലി മേളയിലാണ്. കാർഷിക വിളവെടുപ്പിനുശേഷം നടക്കുന്ന ഈ വാർഷിക മഡായി (ദൈവങ്ങളുടെ സംഗമം) 700 വർഷം പഴക്കമുള്ളതാണെന്നാണ് പറയപ്പെടുന്നത്.
ചത്തീസ്ഗഢിലെ ബസ്തർ മേഖലയിലെയും പുറത്തുമുള്ള ദൈവികരൂപങ്ങൾ കുടുംബങ്ങളോ പ്രത്യേക സമുദായക്കാാരോ ആണ് കൊണ്ടുവരിക –- അബൂസ്മാഡ് മുതൽ വിദൂരസ്ഥലമായ കാൻകേർവരെയുള്ളി സ്ഥലങ്ങളിൽനിന്നാണ് ഈ വരവ്. സംഗീതവും നൃത്തവും അനുഗമിക്കുന്ന സന്തോഷകരമായ യാത്രയുടെ സമാപനവും ആഘോഷപൂർവ്വമാണ്.
ആളുകൾ അവരുടെ പരദേവതകളേയും ഈ മഡായിലേക്ക് കൊണ്ടുവരും. തങ്ങളുടെ പൂർവികരെയും ദൈവങ്ങളായാണ് ഗോത്രവിഭാഗക്കാർ പരിഗണിക്കുന്നത്. മാവ്ലി മേളയിൽ ഒരു കുടുംബത്തിന്റെ ദേവത മറ്റൊന്നിനെ കണ്ടുമുട്ടും. ഗോത്രദേവതകളുടെ പെരുമാറ്റം മനുഷ്യരെപ്പോലെയാണ്. പരസ്പരം കണ്ടുമുട്ടുകയും കെട്ടിപ്പിടിക്കുകയും ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യുന്ന ബന്ധുക്കൾ ഇവർക്കുമുണ്ട്.
“ഇത് ഒരാഴ്ച നീളുന്ന മേളയാണ്,” നാരായൺപുരിലെ നിവാസിയായ ഗോത്രേതര വിഭാഗത്തിൽപ്പെട്ട വിശ്വനാഥ് ദേവാങ്കൻ പറയുന്നു. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഗോത്രവർഗക്കാരല്ലാത്ത നിരവധിപേരും ഇവിടെയെത്താറുണ്ട്.
മാവ്ലി മാതയുടെ (ദേവിമാരുടെ അമ്മ) മേളയായി ആരംഭിച്ച് മറ്റ് ദേവതകളുടെ വരവോടെ തുടരുന്നതാണ് മേളയുടെ രീതി. വായിക്കാം: സ്ഥാനചലനം വന്നിട്ടും തുടരുന്ന നൃത്തം: ഗംഗ്രേലിലെ മൂർത്തി
ഫെബ്രുവരിയിലെ ഒരു ചൂടുള്ള പ്രഭാതത്തിലാണ് ഞാൻ ഇവിടെയെത്തുന്നത്. ചന്തയ്ക്ക് സമീപമുള്ള നാരായൺപുർ കമ്മ്യൂണിറ്റി മൈതാനം അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ബസിലും ടാക്സിയിലും ഒക്കെയായി ആയിരക്കണക്കിനുപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെയെത്തിച്ചേരാനായി തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന് ഇന്നലെമുതൽ കാൽനടയായി പലരുമെത്തുന്നുന്നുണ്ട്. അതിൽ പലർക്കും പാദരക്ഷപോലുമില്ല.
























