നിങ്ങളുടെ കൈപ്പത്തിയിൽ ആറെണ്ണത്തിനെ കൊള്ളും. അല്പം മുളകും, ഉപ്പുമിട്ടാൽ രുചികരമായ വിഭവമായി മാറു. അതുകൊണ്ട്, രാമപ്രസാദും അവൻ്റെ കൗമാരപ്രായക്കാരായ കൂട്ടുകാരും ചളിയിൽ കാണുന്ന ഞണ്ടുകളെ (സ്കൈല സെരാട്ട) ഒരു പ്ലാസ്റ്റിക്ക് കുപ്പിയിലാക്കി, സദ്യയുണ്ണാനുള്ള തയ്യാറെടുപ്പിലാണ്.
മരങ്ങളുടെ തണുപ്പിൽ കുട്ടികളിരുന്നു. ആന്ധ്ര പ്രദേശിലെ ശ്രീ സത്യസായി ജില്ലയിലുള്ള മലകവരിപ്പള്ളി താണ്ട എന്ന ബഞ്ജാര കോളണിയിലെ കനത്ത ചൂടിൽനിന്ന് അത് അവർക്ക് ആശ്വാസം നൽകി. ഇന്നത്തെ വിഭവങ്ങളിൽ താരം – ചളിയിലെ ഞണ്ടുകളാണ്. പച്ച ഞണ്ടെന്നും മാൻഗ്രൂവ് ഞണ്ടെന്നും - വിളിക്കുന്ന ഞണ്ടുകൾ. ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്താണ് ഇവയെ കണ്ടുവരുന്നത്.
അമഡ്ഗുർ മണ്ഡലിലെ ഈ ശാന്തമായ സ്ഥലം ഒരു താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. ചെറിയ മലകളാൽ ചുറ്റപ്പെട്ട നെൽപ്പാടങ്ങളും, തക്കാളി, മുളക് പാടങ്ങളുമെല്ലാമുള്ള ഒരിടം.






