“ഹേയ്, നിങ്ങളെന്താണവിടെ ചെയ്യുന്നത്”, അയാൾ ചോദിച്ചു. കൌതുകത്തോടെ നോക്കിക്കൊണ്ട് കർശനമായ സ്വരത്തിലാണയാൾ അത് ചോദിച്ചത്.
ഞാൻ അയാളെ കണ്ടെത്തിയ ആ നദിയുടെ ഉയർന്ന പ്രദേശങ്ങളിൽ അധികമാരും സന്ദർശനം നടത്താറില്ലെന്നത് എനിക്ക് പെട്ടെന്ന് ഓർമ്മവന്നു.
കരയിൽനിന്ന് നദിയിലേക്ക് കുതിച്ച അനിരുദ്ധ സിംഗ് പാതർ പെട്ടെന്ന് തിരിഞ്ഞുനിന്ന് എനിക്ക് മുന്നറിയിപ്പ് തന്നു. “ആ സ്ഥലത്ത് അവർ മൃതശരീരങ്ങൾ കത്തിക്കാറുണ്ട്. ഇന്നലെയും ഒരാൾ മരിച്ചിരുന്നു. നമുക്കവിടെ നിൽക്കണ്ട്. എന്റെ പിന്നാലെ വരൂ”
ന്യായമാണ്, ഞാൻ ആലോചിച്ചു. കാരണം, മരിച്ചവർ നേടിയെടുത്ത ശാന്തിയെ അവരുടെ ഏകാന്തതയ്ക്ക് വിട്ടുകൊടുക്കുന്നതുതന്നെയാണ് നല്ലത്.
പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ കംഗ്സാബതി നദിയുടെ രണ്ട് മീറ്റർ ഉയരമുള്ള കരയിൽനിന്ന് താഴത്തേക്ക് നടക്കുമ്പോൾ ഞാൻ, മുട്ടറ്റം വെള്ളത്തിലൂടെ കൂസലില്ലാതെ പോവുന്ന ആ മനുഷ്യനെ ശ്രദ്ധിക്കുകയായിരുന്നു. അയാളുടെ കൂടെ എത്താൻ ഞാൻ തീരത്തിലൂടെ വേഗത്തിൽ നടന്നു.
പ്രായത്തെ തോൽപ്പിക്കുന്ന അയാളുടെ ചുറുചുറുക്ക് അത്ഭുതകരമായിരുന്നു. ഏകദേശം 50-കളുടെ അവസാനത്തിലായിരിക്കാവുന്ന അയാളോട് എനിക്ക് ചോദിക്കാതിരിക്കാനായില്ല “അമ്മവാ, എന്താണ് പുഴയിൽ ചെയ്യുന്നത്?”
അരയിൽ കെട്ടിയിട്ട സഞ്ചിപോലെയുള്ള ഒരു തുണി അല്പം അയച്ച്, അതിനകത്തുള്ള കൊഞ്ചുകളിൽ ഒന്നിനെ ശ്രദ്ധയോടെ എടുത്ത് കുട്ടികളുടെ സന്തോഷത്തോടെ അയാൾ പറഞ്ഞു. “കണ്ടോ ഈ (ചിംഗ്രി) കൊഞ്ച്. ഇതാണ് എന്റെ കുടുംബത്തിന് ഇന്നുച്ചയ്ക്ക് കഴിക്കാനുള്ളത്. ഉണങ്ങിയ ചുവന്ന മുളകും വെളുത്തുള്ളിയും ചേർത്ത് പാചകം ചെയ്ത കൊഞ്ചും ആവി പറക്കുന്ന ചോറും – ആലോചിക്കാൻ സുഖമുണ്ട്.






