പ്രിയപ്പെട്ട പാരി വായനക്കാരേ,

www.ruralindiaonline.org –ന് ഇത് തിരക്കുള്ള വർഷമായിരുന്നു.

2023 അവസാനിക്കുമ്പോൾ, പാരി സംഘം നിങ്ങൾക്കായി വർഷാന്ത്യ അവലോകന പരമ്പര തയ്യാ‍റാക്കുകയാണ്. അവിസ്മരണീയമായ ചില ദൃശ്യങ്ങളുടെ ശീർഷകത്തോടെ; പാരിയിൽ വന്ന റിപ്പോർട്ടുകളിൽനിന്ന് ഞങ്ങളുടെ എഡിറ്റർമാർ തിരഞ്ഞെടുത്ത ഏറ്റവും നല്ല കഥകളും, കവിതകളും, സംഗീതങ്ങളും, ചിത്രങ്ങളും, ഫോട്ടോഗ്രാഫുകളും, പരിഭാഷകളും, ലൈബ്രറിയും, ഫേസസും, സാമൂഹികമാധ്യമവും, വിദ്യാർത്ഥികളുമായുള്ള ഇടപെടലുകളും അടുത്ത ഒമ്പത് ദിവസങ്ങളിലായി ഞങ്ങൾ അവതരിപ്പിക്കുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഞങ്ങൾ കഥകൾ പ്രസിദ്ധീകരിക്കുന്നത് തുടർന്നുപോരുന്നു. ഈ വർഷം, വടക്കു-കിഴക്കൻ പ്രദേശങ്ങളടക്കം പുതിയ ചില സ്ഥലങ്ങളെയും ഞങ്ങൾ പാരിയിൽ ഉൾക്കൊള്ളിച്ചു. കൃഷിയെക്കുറിച്ചുള്ള ഞങ്ങളുടെ റിപ്പോർട്ടിംഗിൽ, മുല്ലപ്പൂക്കൾ, ഉണക്കമത്സ്യങ്ങൾ, ആദിയായവയെക്കുറിച്ച് അപർണ്ണ കാർത്തികേയൻ നടത്തിയ വിശദമായ ഗവേഷണങ്ങളും, മനുഷ്യ-മൃഗ സംഘർഷങ്ങളെക്കുറിച്ചും, വന്യജീവി സങ്കേതങ്ങൾക്കടുത്ത് താമസിക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇടതടവില്ലാതെ ജയ്ദീപ് ഹാർദികർ എഴുതിയ റിപ്പോർട്ടുകളും ഉൾപ്പെടുന്നു. മറ്റൊരുതരം ‘വരൾച്ച’യാണ് അതുണ്ടാക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയും.

എന്നും അവഗണിക്കപ്പെടുന്ന സമൂഹങ്ങളുടെ – വിഗ്രഹനിർമ്മാതാക്കൾ, ഭിന്നലൈംഗിക നടന്മാർ, മുക്കുവന്മാർ തുടങ്ങിയവരുടെ – അവിസ്മരണീയമായ ചിത്രങ്ങളാണ് പളനി കുമാർ ഒപ്പിയെടുത്തത്. മാറിക്കൊണ്ടിരിക്കുന്ന കാലാവാസ്ഥയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഇടയന്മാരുടെകൂടെ, കശ്മീരിലേയും ലഡാക്കിലേയും ഉയരംകൂടിയ മലനിരകളിൽ സഞ്ചരിച്ചുകൊണ്ട് റിതായൻ മുഖർജിയും മുസാമിൽ ഭട്ടും ചിത്രങ്ങൾ പകർത്തി. മഹാരാഷ്ട്രയിലെ ഗ്രാമീണമേഖലയിൽ നിലനിൽക്കുന്ന വിവിധതരത്തിലുള്ള അനീതികളെക്കുറിച്ച് – യുവാക്കളായ അത്‌ലറ്റുകളെക്കുറിച്ചും, കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും, ആർത്തവസംബന്ധിയായ വിലക്കുകളെക്കുറിച്ചും മറ്റും ജ്യോതി ഷിനോലി നിരവധി റിപ്പോർട്ടുകൾ എഴുതി. ബിഹാറിലെ മുസാഹർ സമുദായത്തെക്കുറിച്ചും, മദ്യം മൂലമുണ്ടായ മരണങ്ങളെക്കുറിച്ചുമുള്ള ഉള്ളുലയ്ക്കുന്ന കഥകളാണ് പാരി ഫെല്ലോവായ ഉമേഷ് കെ.റേയിൽനിന്ന് കിട്ടിയത്.

സമുദായങ്ങളേയും അവരുടെ പ്രകൃതിസംരക്ഷണത്തെയുംകുറിച്ചുമുള്ള കഥകളിലൂടെ പുതിയ മേഖലകളിലേക്കും പാരി എത്തുകയുണ്ടായി. കിഴക്കൻ ഹിമാലയത്തിലെ ബുഗുൻ ലിയോസി‌ച്‌ല എന്ന പക്ഷികൾ നേരിടുന്ന ഭീഷണിയേയും അത് പരിഹരിക്കാൻ നാട്ടുകർ നടത്തുന്ന ശ്രമങ്ങളേയും വിശാഖ ജോർജ് കണ്ടെത്തി. രാജസ്ഥാനിലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ബുസ്റ്റാർഡ് എന്ന പക്ഷിവർഗ്ഗത്തെക്കുറിച്ചും, കന്യാവനങ്ങളിലേക്ക് അതിക്രമിച്ച് കയറുന്ന പുനരുപയോഗ വൈദ്യുതി പ്ലാന്റുകളെക്കുറിച്ചും പ്രീതി ഡേവിഡ് എഴുതി.

ഓരോരോ കഥകൾ പുതുതായുണ്ടാവുമ്പോഴും ഞങ്ങൾ അവയെയെല്ലാം പകർത്തിവെച്ചു. മഹാരാഷ്ട്രയിൽ പ്രതിഷേധത്തിലേർപ്പെട്ടിരുന്ന കർഷകരോടൊത്ത് ഞങ്ങൾ നടന്നു. ആദിവാസികളോട് അവരുടെ അവകാശങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു, സമരമാർഗ്ഗത്തിലെത്തിനിൽക്കുന്ന അങ്കണവാടി തൊഴിലാളികളെക്കുറിച്ചും ഞങ്ങൾ എഴുതി. 2023 ഡിസംബറിൽ മധ്യ പ്രദേശിലും ചത്തീസ്ഗഢിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളോടനുബന്ധിച്ച്, ആ സംസ്ഥാനങ്ങളിലെ പൊലീസ് കസ്റ്റഡി മരണങ്ങളെക്കുറിച്ചും, ബുൾഡോസറിലൂടെ നടപ്പാക്കിയ അനീതിക്ക് ഇരയായവരെക്കുറിച്ചും, ഗോത്രവർക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും പാർത്ഥ് എം.എൻ വിശദമായിത്തന്നെ എഴുതി.

തട്ടകത്തിൽനിന്നുള്ള റിപ്പോർട്ടിംഗിനിടെ, ചിലപ്പോൾ മുസാഫിറുകളുടേതുപോലെയുള്ള (സഞ്ചാരികളുടേതുപോലുള്ള) കഥകളും വീണുകിട്ടിയിട്ടുണ്ട്. മൂർഷിദാബാദിലെ ബീഡിത്തൊഴിലാളികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ സ്ത്രീകളുടെ പാട്ടിനെക്കുറിച്ചും, കുട്ടികളുടെ നാടകത്തെക്കുറിച്ചുമുള്ള കഥകൾ സ്മിതാ ഖാടോറിന് കിട്ടിയതുപോലുള്ള അനുഭവങ്ങൾ. ചില കഥകൾക്ക് വ്യക്തിപരമായ ഒരു അനുഭവതലമുണ്ടാകാറുണ്ട്. സ്പെഷ്യൽ അദ്ധ്യാപകരെക്കുറിച്ചുള്ള മേധയുടെ കഥ അതിനൊരു ഉദാഹരണമാണ്. സ്വയം ഒരു അദ്ധ്യാപികകകൂടിയാണ് മേധ എന്ന് ഓർമ്മിക്കുക. ഗ്രാമീണ ഇന്ത്യയിലെ ഉത്സവങ്ങളെക്കുറിച്ച് - മാ ബോൺ‌ബീബി, ശൈല നൃത്യ, ചാദർ ബാദ്നി, പീലി വേഷ പോലുള്ളവയെ – ഞങ്ങളുടെ റിപ്പോർട്ടർമാർ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്തു. “ആരുടെ മന്ദിരമാണ് അത്?” എന്ന ഒരു കഥയും ആ വിഭാഗത്തിൽ നിങ്ങൾക്ക് വായിക്കാം.

ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി പാരി സംഘം വ്യാപിച്ചുകിടക്കുന്നതുകൊണ്ടാണ് ഇന്ത്യയുടെ സമഗ്രസ്വഭാവമുള്ള കഥകൾ പാരിക്ക് ചെയ്യാൻ സാധിച്ചത്. നിസ്സഹായരായ ഗിഗ് തൊഴിലാളികളെക്കുറിച്ചും, പരിഭാഷയുടെ ദുർഘടങ്ങളേയും ആനന്ദങ്ങളേയുംകുറിച്ചും, കുടിയേറ്റത്തൊഴിലാളികളെക്കുറിച്ചും ഭാഷയുടെ കുടിയേറ്റത്തെക്കുറിച്ചും, എന്തിനേറെ, ഗ്രാമീണ ഇന്ത്യയിൽ സ്ത്രീകൾ അവരുടെ ‘ഒഴിവുസമയം’ എങ്ങിനെ ചിലവഴിക്കുന്നു എന്നതിനെക്കുറിച്ചുപോലും ഞങ്ങൾ എഴുതി. അടുത്ത വർഷം കൂടുതൽ കഥകൾ ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

PHOTO • Nithesh Mattu
PHOTO • Ritayan Mukherjee

തീരദേശ കർണ്ണാടകയിലെ നാടോടി കലോത്സവമായ പീലി വേഷം, (ഇടത്ത്) ഞങ്ങൾ റിപ്പോർട്ട് ചെയ്തു. ലഡാക്കിലെ സൻസ്കാർ മേഖലയിൽ യാക്കിനെ മേയ്ക്കുന്ന ഇടയന്മാരോടൊപ്പവും (വലത്ത്) ഞങ്ങൾ സഞ്ചരിച്ചു

നമിത വയ്കറിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗ്രൈൻഡ്മിൽ സോംഗ്സ് പ്രോജക്ട്ടിനെക്കുറിച്ച് (ജി.എസ്.പി) പാരി അഭിമാനം കൊള്ളുന്നു. അതിന്റെ ചരിത്രത്തെക്കുറിച്ചുള്ള അഭൂതപൂർവ്വമായൊരു വീഡിയോയിൽനിന്ന് ഈ വർഷവും വിലപ്പെട്ട പലതും ഞങ്ങൾക്ക് ലഭിച്ചു. 2023-ൽ കച്ചി പാട്ടുകളുടെ ശേഖരത്തിലേക്ക് നിരവധി പാട്ടുകൾ ഞങ്ങൾ കൂട്ടിച്ചേർക്കുകയുണ്ടായി. പാരിയുടെ സ്വന്തം കവയത്രിയായ പ്രതിഷ്ത പാണ്ഡ്യയാണ് റാൻ ഓഫ് കച്ചിൽനിന്നുള്ള ആ പാട്ടുകൾ ശേഖരിക്കുന്നത്.

ഇതിനുമുമ്പാരും ചെയ്തിട്ടില്ലാത്ത മറ്റൊരു കാര്യവും പാരി ചെയ്തു. ഒഡിഷയിലെ ഗ്രാമപ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തിൽ‌പ്പെട്ട സ്കൂൾ കുട്ടികൾ വരച്ച പെയിന്റിംഗുകളുടെ പ്രദർശനമായിരുന്നു അത്.. വളരെ ബുദ്ധിമുട്ടിയും സൂക്ഷ്മമായി പരിശോധിച്ചുമാണ് ആ ചിത്രങ്ങൾ കനിക ഗുപ്ത സ്വരുക്കൂട്ടിയത്. പശ്ചിമ ബംഗാളിലെ ദിയോച്ച പച്ചമി കൽക്കരി ഖനികളിൽ പ്രതിഷേധം നടത്തുന്ന സ്ത്രീകളുടെ ചിത്രം വരഞ്ഞുകൊണ്ട് ചിത്രകാരിയായ ലബാനി ജംഗി അവരുടെ കഥ പാരിയിൽ എഴുതി.

ദുരിതത്തിലായ കൈവേലക്കാരെക്കുറിച്ച് പാരി എം.എം.എഫ് ഫെലോകൾ റിപ്പോർട്ട് ചെയ്തു. ചെറിയ ഗ്രാമങ്ങളിൽ താമസിച്ചുകൊണ്ട് ഝോപ്ഡികളും ജാലികളുമുണ്ടാക്കുന്ന അപ്രശസ്തരായ കരവേലക്കാരെക്കുറിച്ച് സങ്കേത് ജയ്ൻ എഴുതി. കായിക സാമഗ്രികളുണ്ടാക്കുന്നതിന്റെ പിന്നിലുള്ള അദ്ധ്വാനത്തെക്കുറിച്ച് മാത്രമല്ല, അതിന്റെ ചരിത്രപരവും സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചുപോലും ശ്രുതി ശർമ നമുക്ക് കാണിച്ചുതന്നു. അസമിലെ മജൂലിയിലെ രാസ് പാരമ്പര്യത്തെക്കുറിച്ച് പ്രകാശ് ഭുയാൻ എഴുതി. വടക്കൻ കേരളത്തിലെ തോൽ‌പ്പാവക്കൂത്ത് പാരമ്പര്യത്തെക്കുറിച്ച് സംഗീത് ശങ്കറും, കർണാടകയിലെ തുളുനാട്ടിലെ ഭൂതങ്ങളെക്കുറിച്ച് ഫൈസൽ അഹമ്മദും പാരിയിലൂടെ നമുക്ക് പറഞ്ഞുതന്നു.

പാരി ഫെലോ ആയ അമൃതയുടെ ആന്ധ്ര പ്രദേശിൽനിന്നുള്ള കഥകൾ, കടബാധ്യതയിലകപ്പെട്ട കുടുംബങ്ങളെക്കുറിച്ചുള്ളതായിരുന്നു. ലിംഗത്തിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കഥകളുടെ ശേഖരത്തിന് അവ മുതൽക്കൂട്ടായി.

ഇവർക്കെല്ലാം പുറമേ, പാരിയിലെ സ്ഥിരം എഴുത്തുകാരും പഴയ ആളുകളും നമ്മുടെ കഥാശേഖരത്തിന് വലിയ സംഭാവനകൾ നൽകുകയുണ്ടായി. ചത്തീസ്ഗഢിലേയും ഝാർഘണ്ടിലേയും ആദിവാസി സമൂഹങ്ങളുടെ ജീവിതം, ജീവനോപാധി, ഉത്സവങ്ങൾ എന്നിവയെക്കുറിച്ചുള്ള ഫോട്ടോകളും വീഡിയോകളും പുരുഷോത്തം താക്കൂർ അയച്ചുകൊണ്ടിരുന്നു. യമുനയിലെ നിഷ്കാസിതരായ കർഷകരെക്കുറിച്ച് ശാലിനി സിംഗ് തുടർച്ചയായി എഴുതി. സുന്ദർബനിലെ ഞണ്ടുപിടിത്തത്തെക്കുറിച്ചും, അവിടെനിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഒരു ത്രൈമാസികയെക്കുറിച്ചും ഉർവശി സർക്കാർ എഴുതി. ഒഡിഷയിലെ ഗ്രാമീണ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള കഥയാണ് കവിത അയ്യർ പ്രസിദ്ധീകരിച്ചത്. ബെല്ലാരിയിലെ സ്ത്രീ ഖനിത്തൊഴിലാളികളെക്കുറിച്ച് എസ്. സെന്തളിരും, ഹിമാചൽ പ്രദേശിലെ സ്വാഭിമാന ഘോഷയാത്രയെക്കുറിച്ച് ശ്വേത ഡാഗയും, വധുക്കളെ വിൽക്കുന്നതിനെക്കുറിച്ച് ജിഗ്യാസ മിശ്രയും കവറുകളും അരിപ്പകളുംപോലെയുള്ള ഉത്പന്നങ്ങളുണ്ടാക്കുന്നവരെക്കുറിച്ച് ഉമേഷ് സോളങ്കിയും മുംബൈ തീവണ്ടികളിലെ പാട്ടുകാരെക്കുറിച്ച് ആകാംക്ഷയും, തമിഴ് നാട്ടിലെ ഇരുളരെക്കുറിച്ച് സ്മിത തുമുലുരുവും പാരിയിൽ ശ്രദ്ധേയവും കാലികപ്രസക്തിയുള്ളതുമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.

ഗൂഡല്ലൂരിലെ മത്സ്യബന്ധന ലോകത്തെക്കുറിച്ച് ഡോ. നിത്യ റാവുവും, ഹിമാലയത്തിലെ കന്നുകാലിപാലനത്തെക്കുറിച്ച് ഡോ. ഓവി തോറാത്തും എഴുതി. അവരെപ്പോലുള്ള അറിയപ്പെടുന്ന നിരവധി പണ്ഡിതരുടേയും അക്കാഡമിക്കുകളുടേയും ലേഖനങ്ങൾ പാരിക്ക് ലഭിച്ചു. അവരോടൊപ്പം‌തന്നെ, ബിരുദപൂർവ്വ, ബിരുദ വിദ്യാർത്ഥികളും പാരിക്കുവേണ്ടി എഴുതി. അവർ പഠിച്ചുകൊണ്ടിരിക്കുന്ന ആളുകളേയും സമുദായങ്ങളേയുംകുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു അവയോരോന്നും. കുറ്റവാളികളെന്ന് മുദ്രകുത്തപ്പെട്ട ഗോത്രങ്ങൾ, ബിഹാറിലെ ഗ്രാമങ്ങളിലെ നർത്തകിമാർ, കൊച്ചിയിലെ അലക്കുകാരായ സ്ത്രീപുരുഷന്മാർ എന്നിവരെക്കുറിച്ചൊക്കെയായിരുന്നു അവരുടെ എഴുത്തുകൾ. ഗ്രാമീണ ഇന്ത്യയിലെ ഒരു പോസ്റ്റ്മാനെക്കുറിച്ച് ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയും പാരിക്കുവേണ്ടി എഴുതുകയുണ്ടായി.

PHOTO • PARI Team
PHOTO • Ishita Pradeep

ആദിവാസി കുട്ടികളുടെ പെയിന്റിംഗുകളുടെ ഒരു പുതിയ ശേഖരം (ഇടത്ത്) ഞങ്ങൾ ആരംഭിച്ചു. മുംബൈയിലെ ആരെയിൽനിന്നുള്ള ആദിവാസികളുടെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധവും (വലത്ത്) ഞങ്ങൾ കവർ ചെയ്തു

ഇനി അടുത്ത ആഴ്ചയിൽ പ്രസിദ്ധീകരിക്കാൻ പോകുന്ന 2023-ലെ പാരിയിലെ മികച്ച ചില ലേഖനങ്ങളിലേക്ക് എത്തിനോക്കാം – കണ്ണുകൾക്കും സ‌മൃദ്ധമായ ഒരു വിരുന്നായിരിക്കും അത്.

പലതിലെ മികച്ചവയിൽ നിന്ന് നമുക്ക് തുടങ്ങാം. ഞങ്ങളുടെ ശേഖരത്തെ സമ്പന്നമാക്കുകയും വികസിപ്പിക്കുകയും ചെയ്ത, തിരഞ്ഞെടുത്ത കവിതകളുടേയും സംഗീതത്തിന്റേയും പാട്ടുകളുടേയും പലമകളിൽനിന്ന്. അതിനുശേഷം വരുന്നത് പാരി ലൈബ്രറി ടീമാണ്. പാരി ലൈബ്രറിക്കുവേണ്ടി അവർ പരതിനോക്കിയ നൂറുകണക്കിന് റിപ്പോർട്ടുകളിൽനിന്ന് ഏറ്റവും പ്രധാനപ്പെട്ടതെന്ന് അവർക്ക് തോന്നിയ റിപ്പോർട്ടുകളെക്കുറിച്ച് അവർ സംസാരിക്കുന്നു. ധാരാളം സിനിമാസംവിധായകരേയും വീഡിയോഗ്രാഫർമാരേയും ഞങ്ങളുടെ യൂട്യൂബ് പ്ലേലിസ്റ്റിലൂടെ ആദ്യമായി അവതരിപ്പിച്ചുകൊണ്ട് വലിയൊരു ചുവടുവെക്കാൻ പാരി ഫിലിമിന് സാധിച്ചു. അസീസിയ മദ്രസ അഗ്നിക്കിരയാക്കിയതിനെക്കുറിച്ചുള്ള ശ്രേയ കാത്യായനിയുടെയും, ജയ്‌സാൽമീറിലെ ഓറാനുകളെക്കുറിച്ചുള്ള ഊർജയുടെയും ചിത്രങ്ങളാണ് പാരിയിൽനിന്ന് വന്ന അത്തരം ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായവ. വോട്ടവകാശം നഷ്ടപ്പെട്ട മാലിന്യശേഖരണക്കാരെക്കുറിച്ചുള്ള കവിത കാർനെയ്‌റോവിന്റെ സിനിമ പാരിയുടെ അമൂല്യമായ ഒരു സംഭാവനയായിരുന്നു. അവരുടെ വർഷാന്ത്യ റിപ്പോർട്ടുകളെക്കുറിച്ചുള്ള വിഭാഗത്തിൽ നിങ്ങൾക്ക് അവയെക്കുറിച്ച് കൂടുതൽ വായിക്കാം.

‘പാരിയിൽ വരുന്ന ഓരോ കഥകളും 14 ഭാഷകളിലൂടെ പുനരവതരിക്കുന്നു’. ഈ ഇടത്തെ ജനാധിപത്യവത്കരിക്കാൻ സഹായിക്കുന്ന പണിക്കുറ്റം തീർന്ന വ്യാഖ്യാനങ്ങളായിട്ടാണ് പരിഭാഷ ചെയ്യപ്പെട്ട കഥകളെ ഞങ്ങൾ കാണുന്നത്. പാരിഭാഷയുടെ – ഇന്ത്യൻ ഭാഷകളിലെ പരിഭാഷകരും, ഭാഷാ എഡിറ്റർമാരുടേയും സംഘം - സഹായത്തോടെയാണ് ഇത് സാധ്യമായത്. അവർ സൃഷ്ടിച്ച ബൃഹത്തായ ജോലിയുടെ വലിപ്പം, വർഷാന്ത്യ പ്രദക്ഷിണത്തിൽ അവർ നിങ്ങളുമായി പങ്കുവെക്കും.

ഫോട്ടോഗ്രാഫുകളാണ് പാരിയുടെ ഹൃദയഭാഗം. 2023-ലെ ഫോട്ടോ കളിൽനിന്നുള്ള തിരഞ്ഞെടുപ്പ് നോക്കൂ. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പാരി ഇന്റേൺഷിപ്പ് എന്തായിരുന്നുവെന്നും നിങ്ങൾക്ക് മനസ്സിലാക്കാം. വർഷം മുഴുവനും ഞങ്ങൾ പങ്കുവെച്ച സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ എസ്.എം. ഹൈലൈറ്റ് റീൽ എന്ന വിഭാഗത്തിൽ കാണാം. ഫേസസ് ഓൺ പാരി എന്ന വിഭാഗത്തിൽനിന്ന് എഡിറ്റർമാർ തിരഞ്ഞെടുത്ത മുഖങ്ങളിലൂടെയായിരിക്കും ഞങ്ങൾ ഈ വർഷത്തോട് യാത്ര പറയുന്നതും അടുത്ത വർഷം ആരംഭിക്കുന്നതും. ഇന്ത്യയിലെ മുഖവൈവിധ്യത്തെ കാട്ടിത്തരുന്ന കൊടിയടയാളമാണ് ഫേസസ് എന്ന ഞങ്ങളുടെ ആ വിഭാഗം.

2023 അവസാനിക്കുമ്പോൾ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ പാരിക്ക് ലഭിച്ച ദേശീയവും അന്തർദ്ദേശീയവുമായ പുരസ്കാരങ്ങളുടെ എണ്ണം 67 ആണ്. അവയിൽ ഏറ്റവുമൊടുവിലത്തേതാണ് ഡിസംബറിൽ ശാലിനി സിംഗിന് കിട്ടിയ യു.എൻ. കറസ്പോണ്ടൻസ് അസോസിയേഷൻ പുരസ്കാരം. ശരിക്കും ഈ പുരസ്കാരങ്ങളുടെ ആദ്യത്തെ അവകാശികൾ ഞങ്ങളുമായി ഈ കഥകൾ ഉദാരമായി പങ്കുവെച്ച നിത്യജീവിതത്തിലെ മനുഷ്യരാണ്. അവരോടൊപ്പം സഞ്ചരിക്കുന്ന റിപ്പോർട്ടർമാരും, പാഠവും, വീഡിയോയും ഫോട്ടോയും എഡിറ്റ് ചെയ്യുന്നവരും അത് പരിഭാഷപ്പെടുത്തുന്നവരും ഒരുപോലെ ഈ പുരസ്കാരത്തിന് അർഹരാണ്.

ആവശ്യമുള്ള സമയത്ത് ഉപദേശങ്ങൾ നൽകിയും, കഥയെ മിനുസപ്പെടുത്തുന്നതിൽ സഹകരിച്ചും, പാരി എഡിറ്റർമാർ എഡിറ്റർമാരോടൊത്ത് അടുത്തിടപഴകി പ്രവർത്തിക്കുന്നു. പാഠം ഇംഗ്ലീഷിലേക്കാക്കുന്നവരും, മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റുന്നവരും, ഫോട്ടോ എഡിറ്റർമാരും, സ്വതന്ത്രമായി എഡിറ്റിംഗ് ജോലികൾ ചെയ്യുന്നവരും എല്ലാവരും പാരിയിലെ അവിഭാജ്യഘടകങ്ങളാണ്.

ഒരു ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിക്കുകയും, അതോടൊപ്പംതന്നെ ഒരു ശേഖരം നിർമ്മിക്കുകയും ചെയ്യുന്നത്, പാരി ഡെസ്കിന്റെ സഹായത്തോടെ മാത്രമാണ്. വസ്തുതകളുടെ നിജസ്ഥിതി അന്വേഷിക്കുന്നതും, ലേ ഔട്ടുകൾ തയ്യാറാക്കുന്നതുമൊക്കെ അവരാണ്. ആദ്യംതൊട്ടേ റിപ്പോർട്ടർമാരുമായി അടുത്തിടപഴകുന്ന അവർ, കഥ പ്രസിദ്ധപ്പെടുത്തുന്നതുവരെ ആ ബന്ധം നിലനിർത്തുന്നു. ഏറ്റവും ഒടുവിലത്തെ അവസാന നിമിഷ സംശോധനവരെ നീളുന്നു അവരുടെ യജ്ഞം. പ്രസിദ്ധീകരണസംബന്ധമായ ഒരു ചുമതലയും അവർക്ക് അന്യമല്ല. ഒരു റിപ്പോർട്ട് എഴുതിവാങ്ങിക്കുന്നതുമുതൽ, അതിന്റെ രൂപം തീരുമാനിക്കുന്നതുവരെയുള്ള എല്ലാ ചുമതലയും അവരിൽ നിക്ഷിപ്തമാണ്.

2023 ജനുവരി 2 മുതൽ ഞങ്ങളുടെ പതിവ് കഥകളുമായി വീണ്ടും വരും. അഗർത്തലയിലെ മേളകളിലെ ‘മരണക്കിണർ’, ബിഹാറിലെ ചാപ്പ കലാകാരന്മാർ, മഹാരാഷ്ട്രയിലെ വർഗ്ഗീയ പൊലീസിംഗ്, മീററ്റിലെ ഇരുമ്പുപണിക്കാർ തുടങ്ങിയ കഥകളൊക്കെ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു.

വരുന്ന വർഷം കൂടുതൽ കഥകൾ പറയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കൂടുതൽ നന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടതും, ചിത്രീകരിച്ചതും, രൂപപ്പെടുത്തിയതുമായ കഥകൾ - സാധാരണക്കാരായ മനുഷ്യരുടെ സാധാരണജീവിതങ്ങളെക്കുറിച്ചുള്ള കഥകൾ.

നന്ദി!

പാരി സംഘം

പരിഭാഷ: രാജീവ് ചേലനാട്ട്

Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat