ഒടുവിൽ, കാളവണ്ടിയോട്ട മത്സരങ്ങൾ മഹാരാഷ്ട്രയിൽ നിയമവിധേയമായിരിക്കുന്നു. ഇതിനായി 2017 ഏപ്രിലിൽ സംസ്ഥാന നിയമസഭ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി റ്റു അനിമൽസ് ബിൽ (മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമം) (മഹാരാഷ്ട്ര ഭേദഗതി) പാസ്സാക്കിയിരുന്നു. ജല്ലിക്കെട്ട് നിയമവിധേയമാക്കാൻ തമിഴ്നാട് കൊണ്ടുവന്ന നിയമത്തിന് സമാനമായിരുന്നു മഹാരാഷ്ട്രയിലെ നിയമവും.
സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ വിവരമനുസരിച്ച്, മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ ബിൽ ഇപ്പോൾ രാഷ്‌ട്രപതി അംഗീകരിച്ചിരിക്കുന്നു.
ഒരു ദശാബ്ദം മുൻപ് നടന്ന സംഭവങ്ങൾ ഈയവസരത്തിൽ ഓർമ്മയിലെത്തുകയാണ്. കാളവണ്ടിയോട്ട മത്സരങ്ങൾ നിയമപരമല്ലാതിരുന്ന (എന്നാൽ ഏറെ ജനപ്രിയവുമായിരുന്ന) കാലത്ത്, ചന്ദ്രാപൂരിലെ ദേലൻവാദി ഗ്രാമത്തിൽ നടന്ന മത്സരങ്ങൾ കാണാൻ ഞാൻ ഒരു ദിവസം ചിലവിടുകയുണ്ടായി. 2007-ന്റെ തുടക്കത്തിൽ നടന്ന ഈ മത്സരങ്ങൾക്കിടെ, കാളവണ്ടി കയറിയിറങ്ങി കൊല്ലപ്പെട്ട അപൂർവം വ്യക്തികളിലൊരാൾ എന്ന ബഹുമതി സമ്പാദിക്കാതെ ഞാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
പരിഭാഷ: പ്രതിഭ ആര്‍.കെ.