വെറുമൊരു പശുവിനെയും എരുമയെയും വളര്‍ത്താന്‍ അര്‍ജുന്‍ ജാധവിന് വലിയ കാലിത്തൊഴുത്ത് ആവശ്യമില്ല. തൊഴുത്തിലെ ഒരു തൂണില്‍ കെട്ടിയ മൃഗങ്ങളുടെ അവസ്ഥ പരിതാപകരമായി തോന്നി. “ഇതിന്‍റെ പിന്നില്‍ എനിക്ക് മറ്റൊരു തൊഴുത്തുണ്ട്”, അരുണ്‍ പറഞ്ഞു. “എന്‍റെ തൊഴുത്തുകളുടെ എണ്ണം എന്‍റെ മൃഗങ്ങളുടെ എണ്ണത്തിന് തുല്യമാണ്. ഉടന്‍തന്നെ എന്‍റെ തൊഴുത്തുകളുടെ എണ്ണം മൃഗങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാവും.”

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ കരിമ്പ് കര്‍ഷകനായ 39-കാരന്‍ അരുണ്‍ തന്‍റെ ഗ്രാമമായ അല്‍സുന്ദില്‍ ഒരിക്കല്‍ 7 പശുക്കളേയും 4 എരുമകളേയും വളര്‍ത്തിയിരുന്നു. “കഴിഞ്ഞ 15 വര്‍ഷങ്ങള്‍കൊണ്ട് ഞങ്ങള്‍ അവയെ ഒന്നൊന്നായി വിറ്റു”, അദ്ദേഹം പറഞ്ഞു. “എനിക്ക് 10 ഏക്കര്‍ കരിമ്പ് പാടമുണ്ട്. ക്ഷീരോല്‍പാദനം സൗകര്യപ്രദമായ ഒരു സൈഡ് ബിസിനസ്സ് ആയിരുന്നു, പക്ഷെ ഇപ്പോള്‍ അതൊരു കുരുക്കായിരിക്കുന്നു.”

സംസ്ഥാനത്തെ ആകെ ക്ഷീരോല്‍പാദനത്തിന്‍റെ 42 ശതമാനവും നടക്കുന്ന, ക്ഷീര വ്യവസായത്തിന്‍റെ സിരാകേന്ദ്രമായ, സാംഗ്ലി പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലാണ്. ഇവിടെയുള്ള ഏതാണ്ടെല്ലാ കര്‍ഷകരും പശുക്കളെയും എരുമകളെയും വളര്‍ത്തുന്നു. അരുണിനെ പോലുള്ള കര്‍ഷകര്‍ക്ക് പാല്‍ ഒരു അധിക വരുമാന സ്രോതസ്സാണ്. മറ്റുള്ളവര്‍ക്ക് പ്രധാന മാര്‍ഗ്ഗവും. പക്ഷെ ക്ഷീര കര്‍ഷകരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു – സാമ്പത്തികശാസ്ത്രത്തിന് എണ്ണം കൂട്ടാന്‍ കഴിയില്ലെന്നവര്‍ പറയുന്നു.

സ്ഥിരതയില്ലാത്ത പാല്‍വിലയ്ക്കെതിരെ ഒരു ദശകത്തോളമായി പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ക്ഷീര കര്‍ഷകര്‍ തുടര്‍ച്ചയായി സമരം ചെയ്തുകൊണ്ടിരിക്കുന്നു . പ്രതിഷേധം അറിയിക്കുന്നതിനായി അവര്‍ പാല്‍ തൂവിക്കളയുകയും പാഴാക്കി കളയുകയും ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അഖില്‍ ഭാരതീയ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയായ, നിരവധി പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള, അജീത് നവ്ലെ പറയുന്നത് സഹകരണ സ്ഥാപനങ്ങളോ സംസ്ഥാനമോ പാല്‍ മുഴുവനായി സംഭരിച്ചു കൊണ്ടിരുന്നപ്പോള്‍ വില താരതമ്യേന സ്ഥിരമായിരുന്നു എന്നാണ്. “സ്വകാര്യ ഇടപാടുകാര്‍ വിപണിയില്‍ ഇറങ്ങിയതുമുതല്‍ സര്‍ക്കാരിന്‍റെ പങ്ക് കൂടുതല്‍ കൂടുതല്‍ ഫലപ്രദമല്ലാതായിക്കൊണ്ടിരിക്കുന്നു. അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യുന്നു.”

“വില നിയന്ത്രിച്ചുകൊണ്ട് സ്വകാര്യ ഇടപാടുകാര്‍ നേട്ടമുണ്ടാക്കുന്നു. കാര്‍ഷിക നിയമങ്ങളെക്കുറിച്ചും ഇതുതന്നെയാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്”, 2020 സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക നിയമങ്ങളെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട് നവ്ലെ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ സമരങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് (പാരിയുടെ മുഴുവന്‍ കവറേജ് കാണുക ) 2021 നവംബര്‍ 29-ന് പാര്‍ലമെന്‍റ് നിയമങ്ങള്‍ പിന്‍വലിച്ചു.

Arun Jadhav outside his cowshed in Alsund
PHOTO • Parth M.N.
Buffaloes in a shed in the village. Farmers say they are riskier to rear
PHOTO • Parth M.N.

ഇടത്: അല്‍സുന്ദിലെ തന്‍റെ തൊഴുത്തിന് പുറത്ത് അര്‍ജുന്‍ ജാധവ്. വലത്: ഗ്രാമത്തിലെ ഒരു തൊഴുത്തിലെ എരുമകള്‍. കാലി വളര്‍ത്തല്‍ നഷ്ട സാദ്ധ്യതയുള്ളതാണെന്ന് കര്‍ഷകര്‍ പറയുന്നു

സ്വകാര്യ നിക്ഷേപത്തിന് കീഴില്‍ ക്ഷീരമേഖല പുഷ്ടിപ്പെടേണ്ടതായിരുന്നുവെന്ന് അഹ്മദാബാദ് നഗരത്തില്‍ നിന്നുള്ള നവ്ലെ ചൂണ്ടിക്കാണിക്കുന്നു. “മഹാരാഷ്ട്രയിലെ ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 300-ലധികം ബ്രാന്‍ഡുകള്‍ ഉണ്ട്. ഇത്തരത്തിലുള്ള മത്സരം കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കുന്നതിലേക്ക് നയിക്കേണ്ടതാണ്. പക്ഷെ അത് സംഭവിച്ചിട്ടില്ല”, അദ്ദേഹം പറഞ്ഞു. പകരം, ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ വിലയില്‍ വിചിത്രമായ ഏറ്റക്കുറച്ചിലുകള്‍ നേരിടേണ്ടിവന്നു – ലിറ്ററിന് 17 മുതല്‍ 32 രൂപവരെ.

കമ്പോള ഗവേഷണ ഏജന്‍സിയായ ക്രിസില്‍ (CRISIL) 2021 സെപ്റ്റംബറില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് സഹകരണ സംഘങ്ങള്‍ 36-38 ലക്ഷം ലിറ്റര്‍ സംഭരിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ സ്വകാര്യ ക്ഷീര സംരംഭകര്‍ പ്രതിദിനം 123-127 ലക്ഷം ലിറ്റര്‍ സംഭരിക്കുന്നു. 1991-ലെ ഉദാരവത്ക്കരണത്തിനുശേഷം ക്ഷീര വ്യവസായത്തിനുള്ള ലൈസന്‍സ് എടുത്ത് കളഞ്ഞു. പാലിന്‍റെയും പാലുല്‍പന്നങ്ങളുടെയും ഉല്‍പാദനവും സംസ്കരണവും വിതരണവും നിയന്ത്രിക്കുന്നതിനായി 1992-ല്‍ മില്‍ക്ക് ആന്‍ഡ്‌ മില്‍ക്ക് പ്രോഡക്റ്റ് ഓര്‍ഡര്‍ കൊണ്ടുവന്നു. പക്ഷെ പാല്‍ സംസ്കരണ ശേഷിയിന്‍മേലുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നതിനായി 2002-ല്‍ ഇത് ഭേദഗതി ചെയ്തു. അത് വിലയുടെ അനിശ്ചിതത്വത്തിന് കാരണമാവുകയും ചെയ്തു.

എന്തുകൊണ്ടാണ് സ്വകാര്യനിക്ഷേപം മഹാരാഷ്ട്രയിലെ ക്ഷീരകര്‍ഷകരെ സഹായിക്കാത്തതെന്ന് പ്രകാശ് കുട്‌വാൾ വിശദീകരിക്കുന്നു. പൂണെ ജില്ലയിലെ ശിരൂര്‍ താലൂക്കിലെ ഒരു സ്വകാര്യ ക്ഷീരോത്പന്ന കമ്പനിയായ ഉര്‍ജ മില്‍ക്കിന്‍റെ ജനറല്‍ മാനേജരാണദ്ദേഹം. “നേരത്തെ പാല്‍ ഉല്‍പാദന മേഖലയില്‍ ബിസിനസ്സ് ചെയ്തിരുന്നവര്‍ പാക്കേജിംഗിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. കുറഞ്ഞത് 6 മാസത്തേക്കെങ്കിലും വില സ്ഥിരമായി നില്‍ക്കുകയും ചെയ്യുമായിരുന്നു. ഇത് കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും നല്ലതായിരുന്നു.” നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന്, ആഗോള ക്ഷീര വിപണിയിലെ കൊഴുപ്പ് നീക്കിയ പാല്‍പ്പൊടിയുടെ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പാല്‍വിലയെ ബാധിച്ചു.

നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിനു ശേഷം ഇന്ത്യന്‍ വിപണിയില്‍ പാല്‍പ്പൊടി നിര്‍മ്മാണശാലകള്‍ വളര്‍ന്നു (ഇവയാണ് വിവിധ പാലുല്‍പ്പനങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടത് നല്‍കുന്നത്). “പാല്‍പ്പൊടിയും വെണ്ണയും കൈകാര്യം ചെയ്തിരുന്ന കമ്പനികളുടെ നിരക്കുകളില്‍ എല്ലാ ആഴ്ചയും വ്യതിയാനം സംഭവിക്കുകയും അത് ചൂതാട്ടം പോലെ എല്ലാ 10 ദിവസങ്ങളിലും പാലിന്‍റെ വിലയില്‍ വ്യതിയാനം സംഭവിക്കുന്നതിന്‍ കാരണമാവുകയും ചെയ്തു”, കുട്‌വാൾ പറഞ്ഞു. “വലിയ ബ്രാന്‍ഡുകളാണ് പാലിന്‍റെ നിരക്കുകള്‍ നിയന്ത്രിച്ചിരുന്നത്. അവര്‍ക്ക് രാഷ്ട്രീയ പിന്തുണയുമുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് മുടക്കുമുതലെങ്കിലും കിട്ടുന്നുണ്ടോയെന്നത് ആര്‍ക്കും പ്രശ്നമല്ല.”

Milk production used to be a convenient side business for sugarcane farmers like Arun Jadhav.
PHOTO • Parth M.N.
Arun's mother, Mangal , outside their hut
PHOTO • Parth M.N.

ഇടത്: അരുണ്‍ ജാധവിനെപ്പോലുള്ള കരിമ്പ് കര്‍ഷകര്‍ക്ക് ക്ഷീരോല്‍പാദനം സൗകര്യപ്രദമായ ഒരു ഉപസംരംഭമായിരുന്നു. വലത്: അരുണിന്‍റെ അമ്മ മംഗള്‍ അവരുടെ വീടിന് പുറത്ത്

“കറവയുള്ള പശു ഒരു ദിവസം 11-12 ലിറ്റര്‍ പാല്‍ നല്‍കുന്നു. പിന്നീട് അത് 8 ലിറ്ററായി കുറയുന്നു”, അരുണിന്‍റെ 65 വയസ്സുകാരിയായ അമ്മ മംഗള്‍ പറഞ്ഞു. “ലിറ്ററിന് 24-25 രൂപയ്ക്കാണ് പാല്‍ വില്‍ക്കുന്നത്. എല്ലാദിവസവും നമ്മള്‍ പശുവിന് 4 കിലോ കാലിത്തീറ്റ വാങ്ങണം. അതിന് കിലോയ്ക്ക് ചിലവാകുന്നത് 22-28 രൂപയാണ്”, അവര്‍ കൂട്ടിച്ചേര്‍ത്തു.

ശരാശരി 10 ലിറ്റര്‍ പശുവിന്‍പാല്‍ വിറ്റ് അരുണിന് പ്രതിദിനം 250 രൂപ ഉണ്ടാക്കാന്‍ കഴിയും. “ഏറ്റവും കുറഞ്ഞ കാലിത്തീറ്റ വാങ്ങിയാല്‍ പോലും പ്രതിദിനം 88 രൂപ ഞാന്‍ മുടക്കണം. അത് ലാഭം 160 രൂപയാക്കുന്നു. പശുവിന് വേണ്ടിവരുന്ന മരുന്നിന്‍റെ ചിലവ് ഞാന്‍ കണക്ക് കൂട്ടുന്നില്ല”, അദേഹം പറഞ്ഞു. “ആരുടെയെങ്കിലും പറമ്പില്‍ കര്‍ഷക തൊഴിലാളിയായി പണിയെടുത്താല്‍ എനിക്ക് പ്രതിദിനം 300 രൂപ ലഭിക്കും.”

എരുമകളെ വളര്‍ത്തല്‍ കൂടുതല്‍ നഷ്ട സാദ്ധ്യതയുള്ളതാണെന്ന് അല്‍സുന്ദിലെ 28-കാരനായ കരിമ്പ് കര്‍ഷകന്‍ ഭരത് ജാധവ് പറയുന്നു. മൃഗങ്ങള്‍ നാലഞ്ച് മാസത്തോളം ഉല്‍പാദനക്ഷമതയുള്ളവ ആയിരിക്കില്ല. “എങ്കിലും ആ സമയത്ത് അവയെ നമ്മള്‍ നോക്കണം”, അദ്ദേഹം പറഞ്ഞു. “എരുമപ്പാല്‍ ലിറ്ററിന് 35 രൂപയ്ക്കാണ് വില്‍ക്കുന്നത്. പക്ഷെ എരുമകള്‍ പ്രതിദിനം 6 ലിറ്ററിലധികം പാല്‍ നല്‍കില്ല.” വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഭരതിനെ ആശങ്കാകുലനാക്കി. അതിനാല്‍ അദ്ദേഹം പാല്‍ വില്‍ക്കുന്നില്ല. “എനിക്ക് 4 എരുമകള്‍ ഉണ്ടായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് എല്ലാത്തിനേയും ഞാന്‍ നിസ്സാര വിലയ്ക്ക് വിറ്റു.”

2001-02 മുതല്‍ 2018-19 വരെയുള്ള കാലഘട്ടത്തില്‍ മഹാരാഷ്ട്രയിലെ ക്ഷീരോല്‍പാദനം 91 ശതമാനമായി വര്‍ദ്ധിച്ചു. 2001-02-ല്‍ 6,094,000 ടണ്ണായിരുന്ന ഉല്‍പാദനം 2018-19-ല്‍ 11,655,000 ടണ്ണായി ഉയര്‍ന്നു. ഒരു താരതമ്യത്തിന് മുതിര്‍ന്നാല്‍ ഗുജറാത്തിലെ ക്ഷീര കര്‍ഷകരുടെ അവസ്ഥ താരതമ്യേന ഭേദപ്പെട്ടതാണ്. 2001-02 മുതല്‍ 2018-19 വരെയുള്ള കാലഘട്ടത്തില്‍ അവിടുത്തെ ക്ഷീരോല്‍പാദനം 147 ശതമാനമായി വളര്‍ന്നു. മഹാരാഷ്ട്രയില്‍ നിന്നും വ്യത്യസ്തമായി 300 പാല്‍ സംഭരണ ബ്രാന്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന അവിടെ പാലിന്‍റെ സിംഹഭാഗവും സംഭരിക്കുന്നത് ഒരു ബ്രാന്‍ഡാണ്: അമുല്‍.

മഹാരാഷ്ട്രയിലെ ക്ഷീരമേഖല താറുമാറായി കിടക്കുന്നതിന് കാരണം ഏകോപനമില്ലായ്മയാണെന്ന് ക്ഷീരവ്യവസായം നടത്തുന്നവര്‍ പറയുന്നു. മികച്ച സംഘാടനത്തിനായുള്ള അവരുടെ ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട്, സര്‍ക്കാരിനെ ഉപദേശിക്കുന്നതിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്വകാര്യ-സഹകരണ ക്ഷീര മേഖലകളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2020 ഫെബ്രുവരിയില്‍ ഒരു കൂടിയാലോചന സമിതിക്ക് രൂപം നല്‍കി.

The empty shed at Bharat Jadhav's home.
PHOTO • Parth M.N.
Bharat sold all his buffaloes two years ago
PHOTO • Parth M.N.

ഭരത് ജാധവിന്‍റെ വീട്ടിലെ ശൂന്യമായ തൊഴുത്ത് (ഇടത്). എല്ലാ എരുമകളെയും ഭരത് (വലത്) രണ്ടുവര്‍ഷം മുന്‍പ് വിറ്റു

കുട്‌വാൾ സമിതിയിലെ അംഗമാണ്. “ഇന്ന് പാല്‍ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നത് മൂന്ന് മേഖലകളാണ്: സഹകരണ, സംസ്ഥാന, സ്വകാര്യ മേഖലകള്‍”, അദ്ദേഹം പറഞ്ഞു. “ഉല്‍പാദിപ്പിക്കപ്പെടുന്ന പാലിന്‍റെ 70 ശതമാനത്തിലധികവും സംഭരിക്കുന്നത് സ്വകാര്യ കമ്പനികളാണ്. ബാക്കി സഹകരണ സ്ഥാപനങ്ങളും. ഇവിടെ സംസ്ഥാനത്തിന്‍റെ സാന്നിദ്ധ്യം വളരെ കുറവാണ്. എല്ലാതവണയും പാലിന്‍റെ വില 20 രൂപയില്‍ താഴെയാകുമ്പോള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി ഇടപെടുകയും കര്‍ഷകരുടെ വോട്ട് എതിരാകാതിരിക്കാന്‍ സബ്സിഡി പ്രഖ്യാപിക്കുകയും ചെയ്യുന്നു. സ്വകാര്യ പാല്‍പ്പൊടി നിര്‍മ്മാണശാലകള്‍ പാല്‍വിലയെ സ്വാധീനിക്കുമെന്ന് കുട്‌വാൾ പറഞ്ഞു. സ്വകാര്യ മേഖലയിലെയും സഹകരണ മേഖലയിലെയും പാല്‍ വ്യാപാരികളെ ഉള്‍ക്കൊള്ളുന്ന മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ആന്‍ഡ്‌ പ്രൊസസ്സേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍റെ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ക്ഷീരോല്‍പാദകര്‍ക്ക് സ്വകാര്യ കമ്പനികളില്‍ നിന്നുണ്ടായ അനുഭവം അവരെ കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നവരാക്കി മാറ്റി. കാര്‍ഷിക മേഖലയെ ഉദാരവല്‍ക്കരിക്കാനുള്ള നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടങ്ങിയത് 2020 നവംബറിലാണ്.

ഖാനാപൂര്‍ തഹ്സീലിലെ അല്‍സുന്ദില്‍ നിന്നും 15 കിലോമീറ്റര്‍ മാറി വിട പട്ടണത്തില്‍ ‘ടിക് ടോക്’ എന്ന് പേരുള്ള ചെറിയൊരു കട നടത്തുന്ന 29-കാരനായ രാഹുല്‍ ഗലാണ്ഡെ എന്‍റെ കൈയിലുള്ള പേന ചൂണ്ടിക്കാട്ടി എന്നോട് ചോദിച്ചു, “എത്ര രൂപയ്ക്കാണ് നിങ്ങളിത് വാങ്ങിയത്?”

“500 രൂപയ്ക്ക്”, ഞാന്‍ പറഞ്ഞു.

“ആരാണ് ഈ പേനയുടെ വില നിര്‍ണ്ണയിച്ചത്?” അദ്ദേഹം എന്നോട് ചോദിച്ചു.

“ഇതുണ്ടാക്കിയ കമ്പനി”, ഞാന്‍ പറഞ്ഞു.

“കമ്പനിക്ക് അതുണ്ടാക്കിയ പേനയ്ക്ക് എത്ര വില ഈടാക്കണമെന്ന് തീരുമാനിക്കാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ടുണ്ടാക്കിയ പാലിന്‍റെ വില തീരുമാനിക്കാന്‍ പറ്റില്ല? എന്തിനാണ് ഒരു സ്വകാര്യ കമ്പനി ഞങ്ങളുടെ ഉല്‍പ്പന്നത്തിന്‍റെ മൂല്യം നിര്‍ണ്ണയിക്കുന്നത്?”, ഗലാണ്ഡെ ചോദിച്ചു. “25 രൂപയ്ക്കാണ് ഇവിടെ പാല്‍ വില്‍ക്കുന്നത്. കുറച്ചുനാള്‍ മുന്‍പ് [2020-ലെ കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത്] ഇത് ലിറ്ററിന് 17 രൂപയായി താഴ്ന്നിരുന്നു. ഒരു ലിറ്റര്‍ ബിസ്‌ലേരി വെള്ളം പോലും 20 രൂപയ്ക്ക് വില്‍ക്കാം. എങ്ങനെയാണ് ഞങ്ങള്‍ ബുദ്ധിമുട്ടില്ലാതെ തുടരുന്നത്?”

Rahul Galande says farmers should get to decide the prices of the milk they produce.
PHOTO • Parth M.N.
Cans of milk at Arun Jadhav's shop. More than 70 per cent of the milk produced in Sangli is procured by private companies
PHOTO • Parth M.N.

ഇടത്: കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പാലിന്‍റെ വില അവര്‍ തന്നെ നിശ്ചയിക്കണമെന്ന് രാഹുല്‍ ഗലാണ്ഡെ പറഞ്ഞു. വലത്: അര്‍ജുന്‍ ജാധവിന്‍റെ കടയിലെ പാല്‍ പാത്രങ്ങള്‍. സാംഗ്ലിയില്‍ ഉല്‍പാദിപ്പിക്കുന്ന പാലിന്‍റെ 70 ശതമാനത്തിലധികവും സംഭരിക്കുന്നത് സ്വകാര്യ കമ്പനികളാണ്

ക്ഷീരകര്‍ഷകര്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാട് പെടുമ്പോള്‍ കാര്‍ഷിക രംഗത്തെ ബിസിനസ്സ് (agribusiness) പുഷ്ടിപ്പെടുകയാണെന്ന് അരുണ്‍ പറഞ്ഞു. “കാലിത്തീറ്റയുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. വളങ്ങള്‍, കീടനാശിനികള്‍ എന്നിവയുടെയും വില കൂടിക്കൊണ്ടിരിക്കുന്നു. പക്ഷെ അതേനിയമം പാലിന് ബാധകമല്ല.”

ഉറച്ച വില ലഭിക്കാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ ബുദ്ധിമുട്ടുകയാണെന്ന് ഗലാണ്ഡെ കൂട്ടിച്ചേര്‍ത്തു. “എന്തുകൊണ്ടാണ് കര്‍ഷകര്‍ കരിമ്പ് നടുന്നത്?” അദ്ദേഹം ചോദിച്ചു. സ്വയം അതിനുള്ള ഉത്തരവും നല്‍കി. “എന്തുകൊണ്ടെന്നാല്‍ അതിന് ഉറച്ച വിപണിയും വിലയുമുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയുടെ സഹായത്തോടെ പാലിനും ഞങ്ങള്‍ക്ക് സമാനമായ ഉറപ്പ് വേണം. [കാര്‍ഷിക] നിയമങ്ങള്‍ കാരണം ഡല്‍ഹിയിലെ കര്‍ഷകര്‍ക്കും ഇത് തന്നെയാണ് നഷ്ടപ്പെടുന്നത്. നിയന്ത്രണമില്ലാതെ ഒരിക്കല്‍ സ്വകാര്യ കമ്പനി പ്രവേശിച്ചാല്‍ മഹാരാഷ്ട്രയിലെ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്നത് തന്നെയായിരിക്കും രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ അഭിമുഖീകരിക്കാന്‍ പോകുന്നത്.”

സര്‍ക്കാരിന് സഹകരണ മേഖലയ്ക്കു വേണ്ടി ഇടപെട്ട് പാലിന് വിലസ്ഥിരത ഉറപ്പാക്കാമെന്ന് നവ്ലെ പറഞ്ഞു. “പക്ഷെ സ്വകാര്യ ബിസിനസ്സുകാര്‍ ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും പറയാനില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “കൂടുതല്‍ പാലും സ്വകാര്യ മേഖലയിലുള്ളവര്‍ സംഭരിക്കുന്നതിനാല്‍ സര്‍ക്കാരിന് കര്‍ഷകര്‍ക്കുവേണ്ടി കാര്യമായൊന്നും ചെയ്യാനില്ല. പാല്‍ സംഭരിക്കുന്ന ബ്രാന്‍ഡുകള്‍ സ്വാധീനം ചെലുത്തി വില ഉയരുന്നില്ലെന്ന് ഉറപ്പാക്കുന്നു. അവര്‍ വിപണിയെ നിയന്ത്രിച്ച് വലിയ ലാഭം ഉണ്ടാക്കുന്നു.”

2020 മാര്‍ച്ചിലെ കോവിഡ്-19 ലോക്ക്ഡൗണിന് തൊട്ടുമുന്‍പുവരെ കര്‍ഷകര്‍ ലിറ്ററിന് 29 രൂപയ്ക്ക് പാല്‍ വിറ്റിരിന്നുവെന്ന് നവ്ലെ ചൂണ്ടിക്കാട്ടി. “മുംബൈയില്‍ നിങ്ങളിത് 60 രൂപയ്ക്ക് വാങ്ങി”, അദ്ദേഹം എന്നോട് പറഞ്ഞു. “ലോക്ക്ഡൗണിന് ശേഷം വില കുത്തനെ താഴുകയും കര്‍ഷകര്‍ പശുവിന്‍പാല്‍ 17 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു. മുംബൈയില്‍ നിങ്ങളിത് 60 രൂപയ്ക്ക് വാങ്ങുന്നത് തുടര്‍ന്നു. ഈ സമ്പ്രദായത്തില്‍ നിന്നും യഥാര്‍ത്ഥത്തില്‍ ആരാണ് നേട്ടമുണ്ടാക്കുന്നത്? തീര്‍ച്ചയായും കര്‍ഷകനല്ല.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.