ബസർഡിഹയിലെ ഇടുങ്ങിയ തെരുവുകളിൽ യന്ത്രത്തറികൾ പ്രവർത്തിക്കുന്ന ശബ്ദങ്ങൾക്കിടയിൽ വസിം അക്രം ജോലിത്തിരക്കിലാണ്. സിമന്‍റും ഇഷ്ടികകളും ചേർത്തുണ്ടാക്കിയ, തലമുറകൾ പഴക്കമുള്ള ഇതേ ഇരുനിലവീട്ടിൽ 14 വയസ്സുമുതല്‍ അദ്ദേഹം നെയ്ത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് – ബനാറസി സാരികൾ നെയ്യുന്ന തന്‍റെ കുടുംബത്തിന്‍റെ പാരമ്പര്യമെന്ന നിലയിൽ.

അദ്ദേഹത്തിന്‍റെ മുത്തശ്ശനും മുതുമുത്തശ്ശനും കൈത്തറികളിലാണ് ജോലി ചെയ്തത്. എന്നാൽ അദ്ദേഹത്തിന്‍റെ തലമുറ നെയ്ത്ത് പഠിച്ചത് മിക്കവാറും യന്ത്രത്തറികളിൽ തന്നെയാണ്. "2000 ആണ്ടോടെ ഇവിടെ യന്ത്രത്തറികൾ വന്നു.” 32-കാരനായ വസിം പറഞ്ഞു. "ഞാനൊരിക്കലും സ്ക്കൂളിൽ പോയിട്ടില്ല, കൂടാതെ തറികളിൽ പണിയെടുക്കാൻ ആരംഭിക്കുകയും ചെയ്തു.”

വാരണാസിയിലെ ബസർഡിഹ പ്രദേശത്ത് ആയിരത്തിലധികം കുടുംബങ്ങൾ (നെയ്ത്തുകാരുടെ കണക്കനുസരിച്ച്) നെയ്ത്തുകാരുടെ സമൂഹമായി ജീവിക്കുകയും പണിയെടുക്കുകയും ചെയ്യുന്നു - റേഷൻ ഉറപ്പാക്കുക, വായ്പകളും വലിയ അളവിൽ ഉപഭോക്താക്കളെയും സംഘടിപ്പിക്കുക, എല്ലാവർക്കും തൊഴിലുണ്ടെന്ന് ഉറപ്പാക്കുക എന്നീ കാര്യങ്ങളിൽ പരസ്പരം സഹായിച്ചുകൊണ്ട്.

പക്ഷേ 2020 മാർച്ചിൽ തുടങ്ങിയ ലോക്ക്ഡൗണോടുകൂടി തറികൾ നിശബ്ദമായിത്തീർന്നു. ബുങ്കറുകൾ (നെയ്ത്തുകാരെയും തറിയുടമകളെയും നെയ്ത്ത് വ്യാപാരവുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റുള്ളവരെയും പ്രാദേശികമായി വിളിക്കുന്നത് അങ്ങനെയാണ്) ജോലിയൊന്നുമില്ലാത്തവരായി തീർന്നിരിക്കുന്നു. സാരികൾക്ക് ലഭിച്ചിരുന്ന ഓർഡറുകൾ റദ്ദാക്കുകയും പണിശാലകൾ പൂട്ടുകയും ചെയ്തു. "ലോക്ക്ഡൗണിന്‍റെ ആദ്യത്തെ 2-4 മാസങ്ങളിൽ എന്‍റെ എല്ലാ സമ്പാദ്യങ്ങളും ഉപയോഗിച്ചു തീർത്തു”, വസിം പറഞ്ഞു. "ഞാൻ [സംസ്ഥാനം നടത്തുന്ന] വീവേഴ്സ് സർവ്വീസ് സെന്‍ററിൽ പോയി ഞങ്ങൾക്കു വേണ്ടി എന്തെങ്കിലും സർക്കാർ പദ്ധതി ഉണ്ടോയെന്ന് [ആ സമയത്തേക്ക്] ചോദിച്ചു. പക്ഷെ ഒന്നുമുണ്ടായിരുന്നില്ല.”

വീഡിയോ കാണുക: സർക്കാർ സബ്സിഡി നേരത്തെ ആയിരുന്നതുപോലെ നിലനിർത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു

2020-ലെ ലോക്ക്ഡൗണിന് അയവ് വന്നപ്പോൾ വാരണാസിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വസിം പണിയെടുത്തു തുടങ്ങി. പ്രതിദിനം 300-400 രൂപയായിരുന്നു കൂലി. ചിലർ വാടകയ്ക്ക് റിക്ഷകൾ ഓടിക്കാൻ തുടങ്ങിയപ്പോൾ പല നെയ്ത്തുകാരും ഇതുതന്നെയാണ് ചെയ്തത്. 2021-ലെ ലോക്ക്ഡൗണിലും അവർ ഇതേ അവസ്ഥകൾ നേരിട്ടു. "ഞങ്ങൾ തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരുമായി ജോലി ചെയ്യുകയായിരുന്നു”, എന്ന് അക്രം കുറച്ചു മാസങ്ങൾക്ക് മുൻപ് എന്നോട് പറഞ്ഞിരുന്നു. "എത്രകാലം ഇത് തുടരാൻ കഴിയുമെന്നറിയില്ല.”

അക്രമിന്‍റെ ചെറിയ പണിശാലയിലെ താഴത്തെ നിലയിൽ മൂന്ന് യന്ത്രത്തറികൾ സൂക്ഷിച്ചിരിക്കുന്നു. ഒന്നാം നിലയിലാണ് അദ്ദേഹത്തിന്‍റെ പതിനഞ്ചംഗ കുടുംബം താമസിക്കുന്നത്. "ആദ്യം ലോക്ക്ഡൗൺ കാരണം ഞങ്ങളുടെ പണി നിലച്ചു. പിന്നീട് മൂന്നു മാസത്തേക്ക് [ജൂലൈ മുതൽ] ഞങ്ങളുടെ തറികൾ ഒരടി വെള്ളത്തിലായിരുന്നു”, അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ തറികളിൽ ഉയർന്ന പ്രതലത്തിൽ വച്ചിരുന്ന ഒരെണ്ണം മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞുള്ളൂ.

എല്ലാവർഷവും ഒക്ടോബർ അടുക്കുന്നതുവരെ മഴവെള്ളവും ഓടയിലെ വെള്ളവും കൂടിച്ചേർന്ന് ബസർഡിഹയിലെ വീടുകളും പണി ശാലകളും വെള്ളത്തിലാകുമായിരുന്നു. സാധാരണയായി തറയിൽ നിന്നും കുറച്ച് ഉയർത്തി സ്ഥാപിച്ചിട്ടുള്ള യന്ത്രത്തറികളുടെ കാലുകളും വെള്ളത്തിൽ മുങ്ങുമായിരുന്നു. "തറി പ്രവർത്തിപ്പിച്ചാൽ ഞങ്ങൾ മരിക്കുമായിരുന്നു. എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ എല്ലാവരോടും പറഞ്ഞു. പക്ഷെ ആരും ഞങ്ങളെ ശ്രദ്ധിച്ചില്ല.”, അക്രം പറഞ്ഞു.

"വെള്ളമിറങ്ങാൻ ഞങ്ങൾ കാത്തിരിക്കും. വർഷങ്ങളായി ഞങ്ങളിത് ചെയ്യുന്നു. ഞങ്ങൾ പരാതിപ്പെട്ടിട്ടുണ്ട്. പക്ഷെ, ഇപ്പോഴും എല്ലാ വർഷവും പ്രശ്നങ്ങൾ ഉണ്ടാകുന്നു”, 35-കാരനായ ഗുൽസാർ അഹമ്മദ് പറഞ്ഞു. കുറച്ചു വീടുകൾക്കപ്പുറത്ത് താമസിക്കുന്ന അദ്ദേഹത്തിന് 6 യന്ത്രത്തറികളുണ്ട്.

Weavers and powerloom owners (l to r) Guljar Ahmad, Wasim Akram, Riyajudin Ansari: 'Because of Covid we will take some time to recover. But if the subsidy is removed there is no way we can survive'
PHOTO • Samiksha
Weavers and powerloom owners (l to r) Guljar Ahmad, Wasim Akram, Riyajudin Ansari: 'Because of Covid we will take some time to recover. But if the subsidy is removed there is no way we can survive'
PHOTO • Samiksha
Weavers and powerloom owners (l to r) Guljar Ahmad, Wasim Akram, Riyajudin Ansari: 'Because of Covid we will take some time to recover. But if the subsidy is removed there is no way we can survive'
PHOTO • Samiksha

നെയ്ത്തുകാരും യന്ത്രത്തറി ഉടമകളുമായ ഗുൽസാർ അഹമ്മദ് , വസീം അക്രം, റിയാസുദ്ദീൻ അൻസാരി എന്നിവർ  (ഇടത്തു നിന്നും വലത്തേക്ക്): ‘കോവിഡ് കാരണം കാര്യങ്ങൾ ശരിയായി വരാൻ ഞങ്ങൾക്ക് കുറച്ചു സമയം എടുക്കും. പക്ഷെ സബ്സിഡി നീക്കം ചെയ്യുകയാണെങ്കിൽ അതിജീവിക്കാൻ ഞങ്ങൾക്ക് ഒരു മാർഗ്ഗവുമില്ല

ബസർഡിയിൽ നെയ്ത്തുകാരും തറിയുടമകളുമായവർക്ക് അടുത്ത തിരിച്ചടി വന്നത് കഴിഞ്ഞവർഷം ലോക്ക്ഡൗണിനു മുൻപ് ഉത്തർപ്രദേശ് സർക്കാർ സബ്സിഡി നിരക്കിലുള്ള വൈദ്യുതി താരിഫ് നിർത്തലാക്കി പുതിയ വാണിജ്യ നിരക്ക് ഏർപ്പെടുത്തിയപ്പോഴാണ്.

"2020 ജനുവരി ഒന്നിനാണ് പുതിയ താരിഫുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടീസ് പുറപ്പെടുവിച്ചത്”, സുബൈർ ആദിൽ പറഞ്ഞു. കച്ചവടക്കാരുടെയും നെയ്ത്തുകാരുടെയും സംഘടനയായ ബുങ്കർ ഉദ്യോഗ് ഫൗണ്ടേഷന്‍റെ ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. "അതിനുശേഷം ഗൊരഖ്പൂർ, വാരണാസി, കാൺപൂർ, ലഖ്‌നൗ, എന്നിവിടങ്ങളിൽ നിന്നുo യു.പി.യിലെ മറ്റു സ്ഥലങ്ങളിൽ നിന്നുമുള്ള ഞങ്ങളുടെ പ്രതിനിധികൾ പുതിയ താരിഫിനെ എതിർക്കാൻ ഒത്തുകൂടി. ഞങ്ങളുടെ എതിർപ്പിനിടയിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ജൂണിൽ [2020] നിയന്ത്രണങ്ങൾക്ക് അയവ് വരാൻ തുടങ്ങിയപ്പോൾ ഞങ്ങൾ വീണ്ടും പ്രതിഷേധമാരംഭിച്ച് ഓഗസ്റ്റിൽ ഒരു ത്രിദിന സമരത്തിനിരുന്നു. ലഖ്‌നൗവിലെ ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞു ഉത്തരവ് പിൻവലിക്കുമെന്ന്. പക്ഷെ ഒന്നും സംഭവിച്ചില്ല. അങ്ങനെ ഞങ്ങൾ സെപ്തംബർ ഒന്നിന് [2020] അടുത്ത സമരത്തിനിരിക്കുകയും രേഖാമൂലമുള്ള ഉറപ്പ് ആവശ്യപ്പെടുകയും ചെയ്തു. പകരം, ഉത്തരവ് പിൻവലിക്കുമെന്ന് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങൾക്ക് പ്രസ്താവന നൽകി. എന്നിരിക്കിലും, ഇപ്പോഴും ഞങ്ങൾക്ക് എഴുതപ്പെട്ട രേഖകളൊന്നും ലഭിക്കാത്തതിനാൽ പലതവണ വൈദ്യുതി ബോർഡ് നെയ്ത്തുകാരിൽ നിന്നും പുതിയ താരിഫുകൾ ഈടാക്കുകയോ വൈദ്യുതി ബന്ധം വിഛേദിക്കുകയോ ചെയ്തു. ഇത് വലിയൊരു പ്രശ്നം ഉണ്ടാക്കി.

തറിക്ക് പ്രതിമാസം 71 രൂപ എന്ന നിരക്കിലാണ് സബ്സിഡി നിരക്കിലുള്ള താരിഫ് ആരംഭിക്കുന്നത്. ഗുൽസാറിന് പ്രതിമാസം 700-800 രൂപ ബിൽ വരുമായിരുന്നു. 2020 ഫെബ്രുവരിയിൽ തുടങ്ങിയ യൂണിറ്റടിസ്ഥാനത്തിലുള്ള പുതിയ നിരക്ക്, ബിൽ 14,000-15,000 വരെ ഉയരുന്നതിനു കാരണമായി. മറ്റുള്ളവർക്കും സമാനമായി ഉയർന്ന ബില്ലുകൾ ലഭിച്ചു. നിരവധിപേർ അടയ്ക്കാൻ വിസമ്മതിച്ചു. തങ്ങളുടെ യന്ത്രങ്ങൾ തുടങ്ങിക്കിട്ടാൻ ചിലർ പകുതി പണമടച്ചു. കുറച്ചുപേർ പ്രതിഷേധിച്ചു. പെട്ടെന്നുതന്നെ, 2020 മാർച്ചിൽ, ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സർക്കാരുമായി ചർച്ച തുടരുമ്പോൾ തന്നെ മിക്ക തറികളും നിലച്ചു. "എനിക്ക് വൈദ്യുതി ബോർഡുകൾ ഒരുപാടു തവണ സന്ദർശിക്കേണ്ടി വന്നു”, ഗുൽസാർ പറഞ്ഞു. 2021 ജൂൺ മുതലാണ് അദ്ദേഹത്തിനും നെയ്ത്തുകാരായ മറ്റ് തറിയുടമകൾക്കും സബ്സിഡി നിരക്കിലുള്ള ബില്ലുകൾ വീണ്ടും ലഭിക്കാൻ തുടങ്ങിയത്.

“താരിഫ് വർദ്ധിക്കുകയും പണിയില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ഞങ്ങളെങ്ങനെ വൻ ബില്ലുകൾ അടയ്ക്കുകയും ഇടപാടുകൾ തുടരുകയും ചെയ്യുമെന്നാണ് കരുതുന്നത്? 44 -കാരനായ റിയാസുദ്ദീൻ അൻസാരി ചോദിച്ചു. അക്രമിന്‍റെ വീട്ടിൽ നിന്നും മൂന്ന് വീടുകൾക്കപ്പുറത്തുള്ള അദ്ദേഹം 7 യന്ത്രത്തറികളുള്ള ഒരു പണിശാല നടത്തുന്നു.

In the Bazardiha locality of Varanasi, over 1,000 families live and work as a community of weavers (the photo is of Mohd Ramjan at work), creating the famous Banarasi sarees that are sold by shops (the one on the right is in the city's Sonarpura locality), showrooms and other outlets
PHOTO • Samiksha
In the Bazardiha locality of Varanasi, over 1,000 families live and work as a community of weavers (the photo is of Mohd Ramjan at work), creating the famous Banarasi sarees that are sold by shops (the one on the right is in the city's Sonarpura locality), showrooms and other outlets
PHOTO • Samiksha

പ്രശസ്തമായ വാരണാസി സാരികൾ നിർമ്മിച്ചു കൊണ്ട് വാരണാസിയുടെ ബസര്‍ഡിഹ പ്രദേശത്ത് ആയിരത്തിലധികം കുടുംബങ്ങൾ നെയ്ത്തുകാരുടെ സമൂഹമായി ജീവിക്കുകയും പണിയെടുക്കുകയും ചെയ്യുന്നു (ഫോട്ടോയിൽ കാണുന്നത് മുഹമ്മദ് രം ജാ ). ഈ സാരികൾ കടകളിലും (നഗരത്തിലെ സോനാപുര പ്രദേശത്തുള്ള ഒരു കടയാണ് ചിത്രത്തിൽ കാണുന്നത്) പ്രദർശന മുറികളിലും മറ്റ് വിൽപ്പന കേന്ദ്രങ്ങളിലും വിൽക്കുന്നു

ആദ്യത്തെ ലോക്ക്ഡൗണിന് 2020 ജൂണിൽ ഇളവ് ലഭിക്കാൻ തുടങ്ങിയ സമയത്ത് നെയ്ത്തുകാർക്ക് കാര്യമായ ഓർഡറുകളൊന്നും ലഭിച്ചിരുന്നില്ല. ഒക്ടോബറോടു കൂടിയാണ് ഓർഡറുകൾ ലഭിക്കാൻ തുടങ്ങിയത്. "ബനാറസി സാരികൾ ബനാറസിലല്ല വിൽക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്ക് ദസറ, ദീപാവലി, വിവാഹ സമയങ്ങളിൽ അയയ്ക്കുകയാണ്. ആരും ആഘോഷിക്കാനില്ലാത്തപ്പോൾ എങ്ങനെ ഞങ്ങളുടെ കച്ചവടം നടക്കും”, കഴിഞ്ഞ വർഷത്തെ ഏറ്റവും കച്ചവടം കൂടിയ മാസങ്ങളെക്കുറിച്ച് റിയാസുദ്ദീൻ പറഞ്ഞു.

ഓർഡറുകൾ വർദ്ധിക്കാൻ തുടങ്ങിയപ്പോൾ 2021 ഏപ്രിലിൽ രണ്ടാമത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. “കോവിഡ് രണ്ട് തവണ വന്നു. പക്ഷെ പട്ടിണി കൂടുതൽ ഈ വർഷമായിരുന്നു, രണ്ടാം ലോക്ക് ഡൗണിന്‍റെ സമയത്ത്”, അൻസാരി പറഞ്ഞു. തന്‍റെ പ്രദേശത്തെ കുടുംബങ്ങൾ ആഭരണങ്ങൾ വിൽക്കുകയും വായ്പകൾ എടുക്കുകയും ചെയ്തുവെന്നും പൊതുവിതരണ സമ്പ്രദായത്തിൻ കീഴിലുള്ള റേഷൻ സാധനങ്ങൾ, സർക്കാരേതര സംഘടനകളിൽ നിന്നുള്ള സഹായങ്ങൾ എന്നിവയെ ആശ്രയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ഓഗസ്റ്റോടുകൂടി മാത്രമാണ് ഓർഡറുകൾ ക്രമത്തിലാകാൻ തുടങ്ങിയത്. "ഒരു സാരി 1,200 രൂപയ്ക്കായിരുന്നു വിറ്റിരുന്നത് [മഹാമാരിക്ക് മുൻപ്]. ഇപ്പോൾ അത് വിൽക്കുന്നത് 500-600 രൂപയ്ക്കാണ്. നെയ്ത്തുകാരന് അയാളുടെ വിഹിതം കൊടുത്തു കഴിഞ്ഞാൽ ശേഷിക്കുന്നത് 200-300 രൂപ മാത്രമാണ്”, ഗുൽസാർ പറഞ്ഞു. റിയാസുദ്ദീനെപ്പോലെ അദ്ദേഹത്തിനും 2020 മാർച്ച് വരെ പ്രതിമാസം 30-40 സാരികൾക്കുള്ള ഓർഡർ (ദല്ലാളുമാരിൽ നിന്നും - കടകൾ, പ്രദർശനമുറികൾ, കമ്പനികൾ, മറ്റ് വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക്) ലഭിക്കുമായിരുന്നു. ഇപ്പോൾ അവർക്ക് ലഭിക്കുന്നത് കുറഞ്ഞ നിരക്കിൽ കഷ്ടിച്ച് 10 ഓർഡറുകൾ മാത്രമാണ്.

"പുതിയ താരിഫുകൾ പഴയ രീതിയിലാക്കിക്കൊണ്ട് എഴുതപ്പെട്ട ഒരു ഔദ്യോഗിക ഉത്തരവും സർക്കാർ നൽകിയിട്ടില്ല", ഗുൽസാർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് [യു.പി. നിയമസഭ] ശേഷം അവർ പുതിയ താരിഫുകൾ കൊണ്ടുവന്നാൽ എന്തു ചെയ്യാൻ? ഞങ്ങൾക്ക് ഈ ഇടപാടുകൾ ഒരിയ്ക്കലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. കോവിഡ് കാരണം കാര്യങ്ങൾ നേരെയാവാൻ ഞങ്ങൾക്ക് കുറച്ചു സമയമെടുക്കും. പക്ഷെ സബ്സിഡി നീക്കം ചെയ്താൽ അതിജീവിക്കാൻ ഞങ്ങൾക്ക് മറ്റൊരു മാർഗ്ഗവുമില്ല.”

കവർ ചിത്രം: വാരണാസിയിലെ സാർ നാഥ് പ്രദേശത്ത് ഒരു നെയ്ത്തുകാരൻ യന്ത്രത്തറിയിൽ പണിയെടുക്കുന്നു ( ഫോട്ടോ : സമീക്ഷ )

പരിഭാഷ: റെന്നിമോന്‍ കെ. സി.

Samiksha

Samiksha is a Varanasi-based freelance multimedia journalist. She is a 2021 recipient of the Mobile Journalism Fellowship of non-profit media organisations Internews and In Old News.

Other stories by Samiksha
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.