ഒക്ടോബർ തുടക്കത്തിലെ ആ രാത്രിയിൽ ലൈറ്റുകൾ അണത്ത നിമിഷം എന്തോ കുഴപ്പമുണ്ടെന്ന് ശോഭാ ചവാന്‍റെ കുടുംബത്തിന് തോന്നി. പക്ഷെ എന്താണെന്ന് നോക്കാൻ കഴിയുന്നതിനു മുൻപ് കുറച്ചു പുരുഷന്മാർ തള്ളിക്കയറി ഇരുമ്പു കമ്പികൾ കൊണ്ടും വടികൾ കൊണ്ടും 8 അംഗ കുടുംബത്തെ നിർദ്ദയം മർദ്ദിക്കാൻ തുടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കുടുംബാംഗങ്ങളുടെ എണ്ണം ഏഴായി തീർന്നു - ശോഭയുടെ 2 വയസ്സുകാരനായ കൊച്ചുമകൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശോഭയുടെ പരിക്കേറ്റ ഭർത്താവ് അടുത്ത ദിവസം ആശുപത്രിയിൽ വച്ച് മരിച്ചതോടെ അവർ 6 പേരായി തീർന്നു.

അർദ്ധരാത്രിക്ക് തൊട്ടുമുൻപ് ആക്രമികൾ വീട്ടിൽ കയറുകയും കുടുംബാംഗങ്ങളെ മുഴുവൻ അടിക്കുകയും തൊഴിക്കുകയും ഇടിക്കുകയും ചെയ്തു. 65-കാരിയായ ശോഭ, ഭർത്താവ് 70-കാരനായ മാരുതി, മകൻ, മരുമകൾ, കൊച്ചുമകൻ, കൊച്ചുമകൾ, നാത്തൂൻ, മറ്റൊരു ബന്ധു എന്നിവരാണ് ആക്രമത്തിനിരയായത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഗ്രാമത്തിന്‍റെ ഓരത്തായി സ്ഥിതി ചെയ്തിരുന്ന കുടുംബത്തിന്‍റെ കുടിലും ആട്ടിൻ തൊഴുത്തും കത്തിച്ചു കളഞ്ഞു. പോലീസിൽ നൽകിയ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്.ഐ.ആർ.) അന്നത്തെ രാത്രിയിലെ സംഭവങ്ങൾ ശോഭ വിശദീകരിച്ചു.

"ഞങ്ങളിൽ മൂന്ന് പേർ അന്നത്തെ രാത്രി ബലാത്സംഗം ചെയ്യപ്പെട്ടു”, ശോഭയുടെ 30 വയസ്സുള്ള വിവാഹിതയായ മകൾ അനിത കൂട്ടിച്ചേർത്തു. ആക്രമണകാരികൾ അവരേയും 23-കാരിയായ മരുമകളെയും 17 വയസ്സുള്ള ബന്ധുവായ പെൺകുട്ടിയെയും ബലാൽസംഗം ചെയ്തു.

ആക്രമാസക്തരായ ആൾക്കൂട്ടം അനിതയുടെ അമ്മയുടെ കുടിലിൽ നിന്നും ഒരു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന അനിതയുടെ കുടിലിലേക്ക് കൂട്ടമായി നീങ്ങുകയും അർദ്ധരാത്രിയിൽ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. "ഏകദേശം 2 (എ.എം.) ആയപ്പോൾ അവർ ഞങ്ങളുടെ കുടിലിലെത്തി”, അനിത പറഞ്ഞു. "അവർക്ക് ഞങ്ങളെ ഗ്രാമത്തിൽനിന്നും ഓടിക്കണം. ഞങ്ങൾക്ക് ഒരു മോട്ടോർബൈക്ക് ഉണ്ടായിരുന്നു അത് തീവെച്ച് നശിപ്പിച്ചു. ഞങ്ങളുടെ വളർത്തു ജീവികളെയൊക്കെ മോഷ്ടിച്ചു.” അവർ അനിതയുടെ കുടിലും ആക്രമിച്ചു.

"നിങ്ങൾ കള്ളന്മാരാണ്. നിങ്ങൾ പാർധികൾ ഗ്രാമത്തിൽ താമസിക്കണമെന്ന് ഞങ്ങൾക്കില്ല”, ചവാൻ കുടുംബത്തെ ആക്രമിച്ചു കൊണ്ടിരുന്നപ്പോൾ കുറ്റാരോപിതരായവർ പറഞ്ഞു ഇങ്ങനെ കൊണ്ടിരുന്നുവെന്ന് ശോഭ എഫ്.ഐ.ആറിൽ ചൂണ്ടിക്കാണിച്ചു.

ചവാന്മാർ പാർധി സമുദായത്തിലാണ് പെടുന്നത്. മഹാരാഷ്ട്രയിൽ ഇവർ പട്ടിക വർഗ്ഗത്തിൽ പെടുന്നു. പാർധികൾ ഒരിക്കൽ വേട്ടക്കാരായിരുന്നു. പക്ഷെ കൊളോണിയൽ കാലഘട്ടത്തിൽ സമുദായത്തെ 1871-ലെ കുറ്റവാളി ഗോത്ര നിയമത്തിൻ (Criminal Tribes Act of 1871 - CTA) കീഴിൽ ‘കുറ്റവാളി ഗോത്രം’ (criminal tribe) ആയി പ്രഖ്യാപിച്ചു. അവർ എല്ലായ്പ്പോഴും നിരീക്ഷിക്കപ്പെട്ടു, ‘ജന്മനാ കുറ്റവാളികൾ’ എന്നു വിളിക്കപ്പെട്ടു, അവരുടെ ചലനങ്ങൾ പോലും നിയന്ത്രിക്കപ്പെട്ടു. ഇന്ത്യൻ ഭരണകൂടം കുറ്റവാളി ഗോത്ര നിയമം (സി.റ്റി.എ.) റദ്ദാക്കുകയും പാർധികൾ ഉൾപ്പെടെയുള്ള 198 ‘കുറ്റവാളി ഗോത്ര’ങ്ങളെ കുറ്റവാളികളല്ലാത്തവരായി പ്രഖ്യാപിക്കുകയും (de-notify) ചെയ്തു. പക്ഷെ സി.റ്റി.എ.യെ ഇല്ലാതാക്കിയ നിയമനിർമ്മാണം (Habitual Offenders Act of 1952) സമുദായത്തിന്‍റെ 'കുറ്റവാളി’ വാൽ ഇല്ലാതാക്കാൻ സഹായകമായില്ല.

The remains of Shobha Chavan's burnt-down hut.
PHOTO • Parth M.N.
A crowd examining the damage the day after the attack on the Chavan family
PHOTO • Parth M.N.

ഇടത് : ശോഭ ചവാന്‍റെ ചുട്ടുകളഞ്ഞ കുടിലിന്‍റെ അവശിഷ്ടങ്ങൾ. വലത് : ചവാൻ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിന് തൊട്ടടുത്ത ദിവസം കുറച്ചാളുകൾ കേടുപാടുകൾ പരിശോധിക്കുന്നു

അപമാനിക്കപ്പെട്ട്, വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ട്, പാർധികൾ പാർശ്വവത്കൃതരായി അവശേഷിച്ചു . ബീഡ് ജില്ലയിലെ ഏകദേശം 5,600 പേർ വരുന്ന പാർധികളുടെ (സെൻസസ് 2011) മേലുള്ള ആക്രമണങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. "സ്വാതന്ത്ര്യം പ്രാപിച്ച് ഒരുപാട് വർഷങ്ങൾക്കു ശേഷവും പാർധികളെ കുറ്റവാളികളായി പരിഗണിക്കുന്നു. അവരെ ഗ്രാമത്തിൽ വേണ്ടാത്തതിനാലാണ് ഈ ആക്രമണം ഉണ്ടായത്”, ജില്ല കോടതിയിൽ ശോഭ ചവാന്‍റെ കേസ് വാദിക്കുന്ന വക്കീൽ സിദ്ധാർത്ഥ് ഷിൻഡെ പറഞ്ഞു. കോവിഡ്-19 മൂലം അധികാരികൾ ആളുകളെ യാത്ര ചെയ്യാൻ അനുവദിക്കാത്തപ്പോൾ ഈ പാർധി കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്നും പുറത്താക്കുന്നു.

ആരോപിതരായ 10 പേരിൽ (എല്ലാവരും പ്രബലരായ മറാത്ത സമുദായത്തിൽ നിന്നുമുള്ളവരാണ്) 8 പേരെ ശോഭ എഫ്.ഐ.ആർ. നൽകിയ ഉടനെതന്നെ അറസ്റ്റ് ചെയ്തു. പോലീസിന്‍റെ റിമാൻഡ് കുറിപ്പ് പറയുന്നത് "ഗ്രാമത്തിലെ ആളുകളെ ശല്യപ്പെടുത്തിയതിന്” പാർധി കുടുംബത്തെ ആക്രമിച്ചുവെന്ന് അവർ കുറ്റസമ്മതം നടത്തിയെന്നാണ്. കേസ് അന്വേഷിക്കുന്ന ഓഫീസറും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ വിജയ് ലഗാരെ കൂടുതൽ വിശദാംശങ്ങൾ അറിയാനുള്ള ഈ റിപ്പോർട്ടറുടെ ഫോൺ വിളികളോട് പ്രതികരിച്ചില്ല.

ശോഭയുടെ മകൻ കേദാർ കത്തികൊണ്ട് തന്നെ ആക്രമിച്ചിരുന്നുവെന്ന് കുറ്റാരോപിതരിൽ ഒരാൾ പറഞ്ഞു. കേദാർ അങ്ങനെ ചെയ്തെന്ന് ഷിൻഡെയും സ്ഥിരീകരിക്കുന്നുണ്ട്. അത് തിരിച്ചടിയുടെ ഭാഗമായാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. "പാർധി കുടുംബങ്ങൾ വർഷങ്ങളായി പീഡനം സഹിക്കുന്നു, അതുകൊണ്ടാണ് പൊരുതേണ്ടി വന്നത്.” ആക്രമണകാരികൾ പോലീസിൽ പരാതിപ്പെടണമായിരുന്നുവെന്ന് വക്കീൽ പറഞ്ഞു. "പകരം അവർ കുടുംബത്തെ ആക്രമിക്കുകയും രണ്ടുപേരെ കൊല്ലുകയും മൂന്ന് സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും ചെയ്തു. ഇതെല്ലാം അവരെ പുറത്താക്കുന്നതിനുവേണ്ടി മാത്രമായിരുന്നു.”

പാർധികൾ ഭൂമി കൈവശം വയ്ക്കുന്നത് ഗ്രാമത്തിലെ ആളുകൾ ഇഷ്ടപ്പെടുന്നില്ലെന്ന് ശോഭയുടെ മറ്റൊരു മകനായ കൃഷ്ണൻ പറഞ്ഞു. "വീടിനു മുമ്പിൽ വ്യാപിച്ചു കിടക്കുന്ന രണ്ടേക്കർ സ്ഥലം ഞങ്ങൾക്കുണ്ട്. ഗ്രാമത്തിനു തൊട്ടുപുറത്താണത്. അതവർക്കിഷ്ടമല്ല. ഏതാണ്ട് 4-5 വർഷങ്ങൾക്ക് മുൻപ് അവർ എന്‍റെ അച്ഛനെ ആക്രമിച്ച് കൈയിൽ പരിക്കേൽപ്പിച്ചിരുന്നു. വളർത്തു ജീവികളെ മോഷ്ടിച്ചെന്നാരോപിച്ച് ഞങ്ങളെ പുറത്താക്കാൻ അവൻ കള്ള കേസ് കൊടുത്തു. മിക്കപ്പോഴും പോലീസ് ഞങ്ങളോട് സഹകരിക്കില്ല, കാരണം ഞങ്ങളുടെ പേരങ്ങനെയാണ്”, അദ്ദേഹം വിശദീകരിച്ചു.

ചവാൻ കുടുംബം നേരിട്ട ആക്രമണത്തെക്കുറിച്ച് മുംബൈയിലെ ഒരു ദിന പത്രത്തോട് പറഞ്ഞപ്പോൾ ഇരകളെപ്പറ്റി ഡി.വൈ.എസ്.പി. ലഗാരെ പരാമർശിച്ചത് "കുറ്റവാളി പശ്ചാത്തലമുള്ളവർ” (history-sheeters) എന്നാണ്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (TISS) ഗവേഷകർ മുംബൈയിലെ പാർധികളെക്കുറിച്ച് നടത്തിയ ഒരു പഠനത്തിൽ ചൂണ്ടിക്കാണിച്ചത് ഇങ്ങനെയാണ്: "നിരവധി പോലീസ് ഓഫീസർമാർ ഞങ്ങളോട് പ്രസ്താവിച്ചത് അവരുടെ പരിശീലന മാനുവലുകൾ പാർധികളെയും മറ്റ് ഡീനോട്ടിഫൈഡ് സമുദായങ്ങളെയും [ജന്മനാ കുറ്റവാളികളായി പ്രഖ്യപിച്ചത് റദ്ദാക്കിയതു മൂലം കുറ്റവാളികളല്ലാത്തവരായി പ്രഖ്യാപിക്കപ്പെട്ട സമുദായങ്ങൾ] സ്ഥിരം മോഷ്ടാക്കളും മോശക്കാരുമായി ഇപ്പോഴും വിശേഷിപ്പിക്കുന്നു.”

പാർധികൾ ഗായ്റാനിൽ , അതായത് ഗ്രാമത്തിലെ മേച്ചിൽ പുറങ്ങളിൽ, ആണ് വസിക്കുന്നത്. കുറച്ചുപേർക്ക് സർക്കാരിൽ നിന്നും ഭൂമിക്കുള്ള പ്രമാണം ലഭിച്ചിട്ടുണ്ട്, പക്ഷെ കൂടുതൽ പേർക്കും കിട്ടിയിട്ടില്ല. "പണി ചെയ്താണ് ഞങ്ങൾ പ്രധാനമായും ജീവിക്കുന്നത്. [കോവിഡ്] ലോക്ക്ഡൗണുകൾക്കു ശേഷം ഞങ്ങൾ ബുദ്ധിമുട്ടുന്നു. അതിനു മീതെ ഇത്തരം പീഡനങ്ങൾ കൂടി സഹിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്”, കൃഷ്ണ പറഞ്ഞു.

Vitthal Pawar made it through the Covid-19 lockdown last year, but it has become tougher for him to earn a living since then
PHOTO • Parth M.N.

വിട് O ൽ പവാർ കഴിഞ്ഞ വർഷത്തെ കോവിഡ് -19 ലോക്ക്ഡൗൺ ഒരു വിധത്തിൽ കടന്നു കൂടി. പക്ഷെ അതിനുശേഷം ജീവിത മാർഗ്ഗം അദ്ദേഹത്തിന് ബുദ്ധിമുട്ടായി തീർന്നിരിക്കുന്നു

2020 മാർച്ചിലെ പെട്ടെന്നുള്ള കോവിഡ്-19 ലോക്ക്ഡൗണിനു ശേഷം പാർധികൾ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു. "സാധാരണ സമയങ്ങളിൽ പോലും ഒരു ജോലി നൽകാനായി എളുപ്പമൊന്നും അവരെ ആരും വിശ്വസിച്ചിട്ടില്ല. കോവിഡിന് ശേഷം ജോലി കുറവും ജോലി ആവശ്യമുള്ളവർ കൂടുതലും ആകുമ്പോൾ പാർധികർ പലപ്പോഴും അവസാനം പരിഗണിക്കപ്പെടുന്നവരായി മാറുന്നു. സമൂഹം പകൽ അവരെ സ്വതന്ത്രമാകാൻ അനുവദിക്കില്ല. രാത്രിയിൽ പോലീസും അനുവദിക്കില്ല”, ഷിൻഡെ പറഞ്ഞു. പാർശ്വവത്കൃത വിഭാഗങ്ങൾ നേരിടുന്ന വിവേചനങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്.

പാർധികൾ ദിവസ വേതന തൊഴിലുകൾ നോക്കുകയും കരിമ്പ് മുറിക്കുന്നതിനും ഇഷ്ടിക ചൂളകളിൽ പണിയെടുക്കുന്നതിനുമായി കാലികമായി കുടിയേറുകയും ചെയ്യുന്നു. ചിലർ പൂണെ, മുംബൈ എന്നിവ പോലുള്ള വലിയ നഗരങ്ങളിലേക്ക് സ്ഥിരമായി നീങ്ങുന്നു. ടിസ്സിലെ (TISS) പഠനം നിരീക്ഷിച്ചത് ആസ്തിയില്ലായ്മയും തൊഴിൽപരമായ യാത്രകളും, കൂടാതെ "പ്രാദേശികമായ അവികസനത്താലുള്ള ദാരിദ്ര്യാവസ്ഥകളും, പോലീസിന്‍റെയും ഗ്രാമവാസികളുടെയും പതിവായ പീഡനത്തെ തുടർന്നുള്ള അനുഭവങ്ങളും പാർധി കുടുംബങ്ങളെ അവരുടെ പൂർവികരുടെ ഗ്രാമങ്ങളിൽ നിന്നും നഗരത്തിലേക്ക് മാറ്റുന്നു” എന്നാണ്.

2020 നവംബറിൽ ലോക്ക്ഡൗണിന് ശേഷം ബീഡിലെ ഇഷ്ടിക ചൂളകൾ വീണ്ടും തുറന്നപ്പോൾ പർലി താലൂക്കിലെ സിർസല എന്ന ചെറുപട്ടണത്തിൽ നിന്നുള്ള വിട്Oൽ പവാർ ജോലിക്ക് ചേർന്നു. "എല്ലാ ഇഷ്ടിക ചൂള തൊഴിലാളികൾക്കും കരാറുകാരനിൽ നിന്നും അഡ്വാൻസ് ലഭിക്കുന്നു, ഞങ്ങൾക്കൊഴികെ”, അദ്ദേഹം പറഞ്ഞു. "പാർധികൾ ആയതുകൊണ്ട് ഞങ്ങൾക്ക് ദിവസംതോറുമാണ് കൂലി [300 രൂപ] തരുന്നത്. മുഖ്യധാരയുടെ ഭാഗമാകാൻ  വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും കുറ്റവാളികളായാണ് ഞങ്ങളെ സമീപിക്കുന്നത്.

സ്വന്തം പേരിൽ കൃഷിസ്ഥലം ഇല്ലാത്തതിനാൽ 45-കാരനായ വിട്Oൽ ജോലിക്കായി കർഷകരേയും ഇഷ്ടിക ചൂളയിലെ കരാറുകാരേയും ആശ്രയിക്കുന്നു. "പക്ഷെ ഞങ്ങളെ എപ്പോഴും സംശയത്തോടെയാണ് വീക്ഷിക്കുന്നത്”, അദ്ദേഹം പറഞ്ഞു. "വർഷങ്ങളായി ഞങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ സ്വീകാര്യത ലഭിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.”

2020-ലെ കോവിഡ് ലോക്ക്ഡൗണിൽ വീട്Oലിന്‍റെ അഞ്ചംഗ കുടുംബം സർക്കാർ നൽകിയ സൗജന്യ റേഷനെ ആശ്രയിച്ച് കഴിഞ്ഞുകൂടി. പക്ഷെ അന്നുമുതൽ അതിജീവനം ബുദ്ധിമുട്ടായിരുന്നു, കാരണം തൊഴിൽ സ്ഥിരമായി ഉണ്ടായിരുന്നില്ല. മഹാമാരിക്ക് മുമ്പ് വിട്Oലിന് ആഴ്ചയിൽ 4-5 ദിവസങ്ങൾ ജോലി ലഭിക്കുമായിരുന്നു. പക്ഷെ ഇപ്പോഴത് 2-3 ദിവസങ്ങൾ മാത്രമാണ്. അദ്ദേഹത്തിന്‍റെ ആഴ്ചയിലെ വരുമാനം 1,200-ൽ നിന്നും 600 ആയി കുറഞ്ഞിരിക്കുന്നു.

ഈ വർഷം ജൂണിൽ ലഭിച്ച കുടിയൊഴിക്കൽ നോട്ടീസാണ് അദ്ദേഹത്തിന്‍റെ പ്രശ്നം വർദ്ധിപ്പിക്കുന്നത്. ബീഡ്-പർലി ഹൈവേയിലെ കുറച്ച് ഭൂമിയിൽ താമസിക്കുന്ന വിട്Oലിന്റേതുൾപ്പെടെയുള്ള 10 കുടുംബങ്ങളോട് പറഞ്ഞത് അവരുടെ ഭൂമി മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷന്‍റെ ഒരു പുതിയ പദ്ധതിക്കായി നീക്കി വച്ചിരിക്കുകയാണെന്നാണ്.

ഞങ്ങൾ എവിടെ പോകും? വിട്Oൽ ചോദിച്ചു. "അധികാരികളോട് ഞങ്ങൾ ചോദിച്ചപ്പോൾ അവർ പറഞ്ഞു, 'എവിടെ വേണമെങ്കിലും പൊക്കോളൂ’” എന്ന്.

Gulam Bai
PHOTO • Parth M.N.
Gulam Bai and the settlement along the highway at Sirsala, where she has lived for 40 years
PHOTO • Parth M.N.

സിർസലയിലെ ഹൈവേയിൽ താമസിക്കുന്ന ഗുലാം ബായിയും (ഇടത് ) വാസകേന്ദ്രവും ( വലത് ). അവർ 40 വർഷമായി അവിടെ ജീവിക്കുന്നു

അദ്ദേഹത്തിന്‍റെ 60-കാരിയായ അമ്മായി ഗുലാം ബായി സിർസലയിൽ അവരുടെ കുടുംബത്തോടൊപ്പം 4 ദശകങ്ങളായി താമസിക്കുന്നു. പക്ഷെ ഇപ്പോഴും ഗ്രാമവാസികൾ അവരെ സംശയത്തോടെയാണ് നോക്കുന്നത്. "വിശ്വാസമില്ലാത്തപ്പോൾ പുതിയൊരു സ്ഥലത്തേക്ക് [മാറുകയാണെങ്കിൽ] ഞങ്ങൾ എങ്ങനെ സ്വീകരിക്കപ്പെടുക? അതും, ഇപ്പോൾ, കോവിഡ് സമയങ്ങളിൽ?", അവർ ചോദിച്ചു. "40 വർഷം ഞാനിവിടെ ജീവിച്ചു. പക്ഷെ, ഇപ്പോഴും ഞാൻ കൈയേറ്റക്കാരിയാണ്. ഈ പ്രായത്തിൽ ഞാൻ എവിടെ പോകും?"

വിട്Oലിനും ഗുലാമിനും റേഷൻ കാർഡുകളും വോട്ടർ കാർഡുകളും ഉണ്ടെങ്കിലും, കരണ്ട് ബില്ല് വരെ അടയ്ക്കുന്നുണ്ടെങ്കിലും, ഭരണകൂടത്തിന് അവരെ പുറത്താക്കാൻ എളുപ്പമാണ്. കാരണം, അവർ താമസിക്കുന്ന ഭൂമി അവരുടെ ഉടമസ്ഥതയിലില്ല.

സ്വാതന്ത്ര്യത്തിനു ശേഷം നിരവധി നയങ്ങളും ഭൂപരിഷ്കരണ നടപടികളും ആരംഭിച്ചെങ്കിലും പാർശ്വവത്കൃത സമൂഹങ്ങളുടെ ഇടയിൽ ഭൂമി വിതരണം ചെയ്യുന്ന കാര്യത്തിൽ സർക്കാർ അധരസേവനം നടത്തിയതേയുള്ളൂ. ‘കൈയേറുന്ന’ ഗായ്റാൻ ഭൂമി പതിച്ചു നൽകുന്നത് അവസാനിപ്പിക്കാൻ 2011-ൽ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ‘കൈയേറ്റം’ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഡോ. ബി. ആർ. അംബേദ്കർ സർക്കാർ ഭൂമി പിടിച്ചെടുക്കാൻ ദളിതരോട് ആഹ്വാനം ചെയ്തതിനെ തുടർന്ന് ദളിതരും മറ്റ് ദരിദ്ര വിഭാഗങ്ങളും 1950-കൾ മുതൽ ഭൂമി കൈവശപ്പെടുത്തുന്നതിനെയാണ്. ദളിതരുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുവാൻ ഭൂമി സ്വന്തമാക്കേണ്ടത് ആവശ്യമായിരുന്നു എന്ന് അംബേദ്കർ വിശ്വസിച്ചു.

"ഞങ്ങളിവിടെ ആദ്യം വന്നപ്പോൾ ഈ ഭൂമിയിൽ അങ്ങിങ്ങായി കുറ്റിച്ചെടികളും മരങ്ങളുമൊക്കെ ഉണ്ടായിരുന്നു”, ഗുലാം പറഞ്ഞു. "ഞങ്ങൾ ഈ ഭൂമിയിൽ പണിയെടുത്തു, നിലമൊരുക്കി, അതിനെ ജീവസുറ്റതും കൃഷിയോഗ്യവുമാക്കി. ഇപ്പോൾ ഞങ്ങളെ ചവിട്ടി പുറത്താക്കാൻ പോകുന്നു, ആരും ശ്രദ്ധിക്കാനുമില്ല.”

ഗുലാം പറഞ്ഞത് ശരിയാണ്.

ശോഭ ചവാന്‍റെ കുടുംബത്തിലെ അവശേഷിക്കുന്ന അംഗങ്ങൾ ഭീഷണി നേരിടുന്നു എന്നത് ഗ്രാമത്തിലെ ആർക്കും പ്രശ്നമല്ല. ഒക്ടോബറിൽ അവരുടെ വീടുകൾ ആക്രമിക്കപ്പെട്ട ശേഷം കുടുംബം വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി. 150 കിലോമീറ്റർ അകലെ താമസിക്കുന്ന മകളുടെ കൂടെയാണ് ശോഭ താമസിക്കുന്നത്. കേദാർ എവിടെയാണെന്ന് അറിയില്ല. അദ്ദേഹത്തിന്‍റെ ഫോൺ സ്വിച്ച്ഓഫ് ചെയ്ത അവസ്ഥയിലാണ്. ആ ദാരുണ രാത്രിക്ക് ശേഷം ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. ആക്രമണത്തിനു ശേഷം അനിത ഗ്രാമത്തിൽ തന്നെ താമസിച്ചു. പക്ഷെ ഗ്രാമവാസികൾ ശത്രുതാപരമായി നോക്കാൻ തുടങ്ങിയപ്പോൾ അവർ അവിടെ നിന്നും രക്ഷപെട്ടു. ഓരോരുത്തർക്കും കേസിനുവേണ്ടി പൊരുതണമെന്ന് ആഗ്രഹമുണ്ട്. അതിനവർ വില നൽകേണ്ടി വരുമോ?

ഒക്ടോബറിലെ ആക്രമണത്തിന് വിധേയരായ കുടുംബാംഗങ്ങളുടെ പേരുകൾ അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി മാറ്റിയാണ് നൽകിയിരിക്കുന്നത്.

പുലിറ്റ്സർ സെന്‍റർ നൽകുന്ന സ്വതന്ത്ര മാധ്യമപ്രവർത്തന ഗ്രാന്‍റിന്‍റെ സഹായത്തിൽ ലേഖകൻ തയ്യാറാക്കിയ ഒരു പരമ്പരയുടെ ഭാഗമാണിത്.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.