ഭോജ്പുരിയും ബംഗ്ലായും ഹിന്ദിയും കലർത്തി മീനാ യാദവ് തന്റെ ഉപഭോക്താക്കളോട് സംസാരിക്കുന്നു. അതിനിടയ്ക്ക്, കൊൽക്കൊത്തയിലെ സാംസ്കാരികവൈവിധ്യകേന്ദ്രമായ ലേക്ക് മാർക്കറ്റിലേക്കുള്ള ദിശ അന്വേഷിച്ചുവരുന്നവരോടും സുഹൃത്തുക്കളോടും ആശയവിനിമയവും ചെയ്യുന്നുണ്ട് അവർ. “കൊൽക്കൊത്തയിൽ ഭാഷയൊരു പ്രശ്നമല്ല”, കുടിയേറ്റക്കാരിയെന്ന നിലയ്ക്ക് നിത്യജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു.

“ബിഹാറികൾ ബിഹാറിൽൽത്തന്നെ നിൽക്കട്ടെ എന്ന് പറയാൻ എളുപ്പമാണ്. ശാരീരികാദ്ധ്വാനം ആവശ്യമുള്ള ജോലികളെല്ലാം ഞങ്ങളാണ് ചെയ്യുന്നതെന്നാണ് വാസ്തവം. പോർട്ടർമാരും, വെള്ളംചുമക്കുന്നവരും കൂലികളുമെല്ലാം ബിഹാറികളാണ്. ഇത് ബംഗാളികൾക്ക് പറഞ്ഞിട്ടുള്ള പണിയല്ല. നിങ്ങൾ ന്യൂ മാർക്കറ്റിലോ, ഹൌറയിലോ സിയാൾഡയിലോ പോയി നോക്കൂ..ഭാരിച്ച സാധനങ്ങൾ ചുമക്കുന്ന ബിഹാറികളെ കാണാൻ കഴിയും. ഇത്രയധികം ഭാരിച്ച ജോലികൾ ചെയ്തിട്ടും അവർക്ക് അർഹമായ ഒരു ബഹുമാനവും അവർക്ക് ലഭിക്കുന്നില്ല. ബിഹാറികൾ എല്ലാവരേയും ബാബു എന്നാണ് വിളിക്കുക. എന്നിട്ടും, അവരെ മറ്റെല്ലാ‍വരും താഴേക്കിടയിലുള്ളവരായിട്ടാണ് കാണുന്നത്. മാങ്ങയുടെ കഴമ്പുള്ള ഭാഗം ബാബുമാർക്കുള്ളതാണ്. അതിന്റെ അണ്ടി ഞങ്ങൾക്കുള്ളതും”, നിർത്താതെ അവർ പറഞ്ഞുതീർത്തു.

ഭാഷയ്ക്കും സ്വത്വരാഷ്ട്രീയത്തിനുമിടയിൽ അയത്നലളിതമായി മീന യാദവ് സഞ്ചരിച്ചുകൊണ്ടിരുന്നു.

“ചെന്നൈയിൽ ഞങ്ങൾ ആശയവിനിമയത്തിന് ബുദ്ധിമുട്ടി”, അവർ തുടർന്നു. “അവർ ഹിന്ദിയോടോ ഭോജ്പുരിയോടോ പ്രതികരിക്കില്ല. അവർ അവരുടെ ഭാഷയിലേ സംസാരിക്കൂ. അത് ഞങ്ങൾക്ക് അറിയുകയുമില്ല. എന്നാൽ ഇവിടെ അങ്ങിനെയല്ല”, മീന പറഞ്ഞു. “നോക്കൂ, ഒരൊറ്റ ബിഹാറി ഭാഷ എന്നൊന്നില്ല. നാട്ടിൽ ഞങ്ങൾ 3-4 ഭാഷകൾ സംസാരിക്കുന്നു. ചിലപ്പോൾ ഭോജ്പുരി, ചിലപ്പോൾ ഹിന്ദി, മറ്റ് ചിലപ്പോൾ ദർഭംഗിയ (മൈഥിലി), പിന്നെ ബംഗ്ലാ. ദർഭംഗിയയാണ് കൂടുതൽ സൌകര്യം” ബിഹാറിലെ ചാപ്രയിൽനിന്നുള്ള 45 വയസ്സുകാരിയായ ചോള വില്പനക്കാരി പറയുന്നു.

“ഞങ്ങൾ ആരയും ചാപ്രബോലിയും ഉപയോഗിക്കാറുണ്ട്. ഏത് ഭാഷയായാലും ഞങ്ങൾക്ക് പ്രശ്നമില്ല” ഒരു ബഹുഭാഷാവിദഗ്ദ്ധയെപ്പോലെ അവർ പറയുന്നു. എന്നാൽ ഇത്രയധികം ഭാഷ അറിയുമെന്നത് തന്റെ വിശേഷവൈദഗ്ദ്ധ്യമാണെന്നൊന്നും അവർ കരുതുന്നതേയില്ല.

PHOTO • Smita Khator

ദക്ഷിണ കൊൽക്കൊത്തയിലെ ലേക്ക് മാർക്കറ്റിൽ ചോളം വിൽക്കുന്ന ബിഹാ‍റിൽനിന്നുള്ള കുടിയേറ്റക്കാരിയായ മീന യാദവ് ഭോജ്പുരിയും ബംഗ്ലയും മൈഥിലിയും ഹിന്ദിയും മാറിമാറി സംസാരിച്ച് കച്ചവടം നടത്തുന്നു. ആരഹിലും ചാപ്ര ബോലിയിലും സംസാരിക്കാനും അവർക്ക് സാധിക്കും

“ലോകത്തെ അതിന്റെ വൈവിധ്യത്തോടെ ആവിഷ്കരിക്കാനുള്ള മാർഗ്ഗങ്ങളുടെ ആഘോഷ’മെന്നൊക്കെയുള്ള പ്രയോഗങ്ങൾ, യുനെസ്കോവിന്റെ (അന്താരാഷ്ട്ര മാതൃഭാഷാദിനം ആചരിക്കുന്നത് യുനെസ്കോയാണ്) ഡയറക്ടർ ജനറലിനായി നമുക്ക് മാറ്റിവെക്കാം. മീനയെ സംബന്ധിച്ചിടത്തോളം അത് വളരെ ലളിതമാണ്. തന്റെ യജമാനന്മാരുടെ, മുതലാളിമാരുടെ, ഉപഭോക്താക്കളുടെ, അടുത്ത സമുദായാംഗങ്ങളുടെ ഭാഷ അവൾക്ക് പഠിച്ചേ തീരൂ. “വിവിധ ഭാഷകൾ അറിയുന്നത് നല്ലതാണ്. പക്ഷേ ഞങ്ങളത് പഠിച്ചത്, നിലനില്പിനുവേണ്ടിയാണെന്ന് മാത്രം”, അവർ പറയുന്നു.

ഈ അന്താരാഷ്ട്ര മാതൃഭാഷാദിനത്തിൽ, ദരിദ്രരും, പലപ്പോഴും സ്വന്തം രാജ്യത്തുതന്നെ അന്യരും, ജനിച്ച ഭാഷയിൽനിന്ന് വേറിട്ടവരുമായ മീനയെപ്പോലെയുള്ള കുടിയേറ്റക്കാരെ പാരി സമീപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കേണ്ടിവരുമ്പോഴും, അവർ ജീവിക്കുകയും, സംരക്ഷിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന അവരുടെ ഭാഷാലോകത്തേക്ക് പ്രവേശിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്.

പുണെയിലെ കുടിയേറ്റത്തൊഴിലാളിയായ ശങ്കർ ദാസ്, സ്വന്തം നാടായ അസമിലെ കച്ചർ ജില്ലയിലെ, ബൊർഘോല ബ്ലോക്കിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ നേരിട്ടത് സവിശേഷമായ ഒരു വെല്ലുവിളിയായിരുന്നു. സ്വന്തം ഗ്രാമമായ ജറൈൽ‌തൊലയിൽ, ബംഗ്ലാ ഭാഷ സംസാരിക്കുന്നവരുടെ ഇടയിലായിരുന്നു ശങ്കർ ജീവിച്ച് വളർന്നത്. സംസ്ഥാനത്തിന്റെ ഭാഷയായ അസമീസ് അയാൾ പഠിച്ചതേയില്ല. ഇരുപത് വയസ്സ് കഴിഞ്ഞപ്പോൾ വീടുവിട്ട് പുറത്തുപോയ അയാൾ ഒന്നര പതിറ്റാണ്ട് ജീവിച്ചത്, പുണെയിലായിരുന്നു. അവിടെവെച്ച് അയാൾ ഹിന്ദിയും മറാത്തിയും വശമാക്കി.

“എനിക്ക് മറാത്തി നന്നായറിയാം. പുണെയിൽ മുഴുവൻ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് അസമീസ് അറിയില്ല. മനസ്സിലാവുമെങ്കിലും, പറയാൻ അറിയില്ല”, കോവിഡ് കോവിഡ് 19-ന്റെ കാലത്ത് പുണെയിലെ ഒരു വർക്ക്ഷോപ്പിലെ കൂലിപ്പണി ജോലി നഷ്ടമായപ്പോൾ അയാൾ തൊഴിലന്വേഷിച്ച് തിരികെ അസമിലേക്ക് മടങ്ങി. ജറൈൽ‌തൊലയിൽ ജോലിയൊന്നും കിട്ടാതെ വന്നപ്പോൾ ഗുവാഹട്ടിയിലേക്ക് പോയെങ്കിലും, അസമീസ് അറിയാത്തതിനാൽ അവിടെയും ഭാഗ്യം തുണച്ചില്ല.

മീന യാദവിന് വ്യക്തതയുണ്ട്. അവരെ സംബന്ധിച്ചിടത്തോളം വൈവിധ്യത്തിന്റെ ആവിഷ്കാരത്തെ ആഘോഷിക്കലൊന്നുമല്ല അത്. ‘കൂടുതൽ ഭാഷകൾ അറിയുന്നത് നല്ലതായിരിക്കാം. എന്നാൽ ഞങ്ങൾ അത് പഠിച്ചത്, നിലനിൽ‌പ്പിനായിട്ടാണെന്ന് മാത്രം’, അവർ പറയുന്നു

വീഡിയോ കാണുക: ബിഹാറിൽനിന്നുള്ള മീനാ യാദവും ജാർഘണ്ടിൽനിന്നുള്ള പ്രഫഌ സുരിനും അവരുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു

“മുതലാളിയോട് സംസാരിക്കുന്നത് പോയിട്ട്, ബസ്സിന്റെ പേര് വായിച്ച് കയറാൻപോലും ബുദ്ധിമുട്ടാണ്. ഞാൻ പുണെക്ക് മടങ്ങിയാലോ എന്നാലോചിക്കുന്നു. അവിടെയാകുമ്പോൾ ജോലി കിട്ടാൻ ബുദ്ധിമുട്ടില്ല. ഭാഷയും ഒരു പ്രശ്നമല്ല”, അയാൾ പറഞ്ഞു. സ്വന്തം വീട്ടിൽ അയാൾക്ക് അടുപ്പ് കൂട്ടാൻ പറ്റില്ല.

ഗുവാഹാട്ടിയിൽനിന്ന് രണ്ടായിരം കിലോമീറ്റർ അകലെ, രാജ്യതലസ്ഥാനത്ത്, 13 വയസ്സുള്ള പ്രഫുൽ സുരിൻ, സ്കൂൾ വിദ്യാഭ്യാസം തുടരുന്നതിന് ഹിന്ദി പഠിക്കാൻ ബുദ്ധിമുട്ടുകയാണ്. അച്ഛൻ ഒരപകടത്തിൽ‌പ്പെട്ട് മരിച്ചതിൽ‌പ്പിന്നെ, ജാർഖണ്ടിലെ ഗും‌ലയിലുള്ള പഹൻ‌തൊലി കോളനിയിൽനിന്ന് 1,300 കിലോമീറ്റർ അകലെ ന്യൂ ദില്ലിയിലെ മുനിർക കോളനിയിൽ താമസിക്കുന്ന അച്ഛൻ‌പെങ്ങളുടെകൂടെ താമസിക്കാൻ വന്നതാണ് അവൻ. “ഇവിടെ വന്നപ്പോൾ ഒറ്റപ്പെട്ടതുപോലെ തോന്നി. ആർക്കും മുണ്ടാരി അറിയില്ല. എല്ലാവരും ഹിന്ദിയാണ് സംസാരിക്കുന്നത്”, അവൻ പറഞ്ഞു.

നഗരത്തിലേക്ക് മാറുന്നതിനുമുൻപ്, ഗ്രാമത്തിലെ സ്കൂളിൽ‌വെച്ച് ചില ഹിന്ദി, ഇംഗ്ലീഷ് വാക്കുകളൊക്കെ പഠിച്ചിരുന്നുവെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാനോ മനസ്സിലാക്കാ‍നോ അവനായിരുന്നില്ല. ദില്ലിയിലെ രണ്ടുവർഷത്തെ വിദ്യാ‍ഭ്യാസത്തിനും, അച്ഛൻ‌ പെങ്ങൾ ഏർപ്പാടാക്കിയ ട്യൂഷനും ശേഷം “സ്കൂളിലെ ആവശ്യത്തിനും കൂട്ടുകാരുടെ കൂടെ കളിക്കാ‍നും പാകത്തിൽ അത്യാവശ്യം ഹിന്ദി“ അവൻ പഠിച്ചു. “പക്ഷേ വീട്ടിൽ, അച്ഛൻ പെങ്ങളോട് ഞാൻ മുണ്ടാരിയിലാണ് സംസാരിക്കുക. അതാണെന്റെ മാതൃഭാഷ”. അവൻ പറഞ്ഞു.

ദില്ലിയിൽനിന്ന് 1,100 കിലോമീറ്റർ അകലെ, ചത്തീസ്ഗഢിൽ, തന്നെ ചേർത്ത സ്കൂളിൽ തുടർന്നുപഠിക്കാൻ പ്രീതിക്ക് താത്പര്യമില്ല. താമസം അച്ഛനമ്മമാരുടെകൂടെയാണെങ്കിലും, സ്വന്തം ഭാഷ സംസാരിക്കുന്ന നാട്ടിൽനിന്നും അകലെയാണ് അവൾ.

40 വയസ്സുള്ള ലത ഭോയിയും ഭർത്താവ് സുരേന്ദ്ര ഭോയിയും ഗോണ്ട് ആദിവാസിഗോത്രക്കാരാണ്. ഒഡിഷയിലെ കാളഹന്ദിയിലെ കെണ്ടുപുര ഗ്രാമത്തിൽനിന്നാന് അവർ റായ്പുരിലേക്ക്, ഒരു സ്വകാര്യ ഫാം‌ഹൌസിന്റെ മേൽ‌നോട്ടക്കാരായി എത്തിയത്. ഫാമിലെ തൊഴിലാളികളുമായി വിനിമയം ചെയ്യാനുള്ള അത്യാവശ്യം ചത്തീസ്ഗഢി ഭാഷ അവർ വശത്താക്കിയിട്ടുണ്ട്. ‘’‘’വയറ്റുപ്പിഴപ്പിനായി 20 വർഷം മുമ്പ് എത്തിയതാണ് ഞങ്ങളിവിടെ. എന്റെ കുടുംബാംഗങ്ങൾ മുഴുവൻ ഒഡിഷയിലാ‍ണ്. എല്ലാവരും ഒഡിയ ഭാഷ സംസാരിക്കുന്നു. എന്നാൽ എന്റെ കുട്ടികൾക്ക് ഞങ്ങളുടെ ഭാഷ വായിക്കാനോ എഴുതാനോ അറിയില്ല. സംസാരിക്കാൻ പറ്റും. വീട്ടിൽ ഞങ്ങളെല്ലാവരും അതാണ് സംസാരിക്കുന്നത്. എനിക്കുപോലും ഒഡിയ വായിക്കാനോ എഴുതാനോ അറിയില്ല. സംസാരിക്കാൻ മാത്രമേ അറിയൂ”, ലത പറഞ്ഞു. ഇളയ മകൾ പ്രീതിക്ക് ഹിന്ദി കവിതകൾ ഇഷ്ടമാണെങ്കിലും സ്കൂളിൽ പോവുന്നത് അവൾക്ക് ഇഷ്ടമല്ല.

PHOTO • Pankaj Das
PHOTO • Nirmal Kumar Sahu
PHOTO • Nirmal Kumar Sahu

പുണെയിലെത്തി ഒന്നര ദശാബ്ദമായപ്പോഴേക്കും ശങ്കർ ദാസ് (ഇടത്ത്) മറാത്തി പഠിച്ചെടുത്തുവെങ്കിലും അസമീസ് അറിയാത്തതിനാൽ സ്വന്തം നാട്ടിൽ ജോലി കണ്ടെത്താനാവുന്നില്ല. പ്രീതി ഭോയും (നടുക്ക്) അമ്മ ലത ഭോയും (വലത്ത്‌) ഒഡിസയിൽനിന്ന് ചത്തീസ്ഗഢിലേക്ക് കുടിയേറിയവരാണ്. സഹപാഠികൾ എപ്പോഴും കളിയാക്കുന്നതിനാൽ സ്കൂളിൽ തുടരാൻ പ്രീതി ഇഷ്ടപ്പെടുന്നില്ല

“സ്കൂളിൽ എന്റെ കൂട്ടുകാരോട് ഞാൻ ചത്തീസ്ഗഢി സംസാരിക്കും. പക്ഷേ ഇവിടെ പഠിക്കാൻ എനിക്ക് ഇഷ്ടമല്ല, കാരണം, കൂട്ടുകാർ എന്നെ ‘ ഒഡിയ - ധോഡിയ എന്നുപറഞ്ഞ് കളിയാക്കാറുണ്ട്. ചത്തീസ്ഗഢിയിൽ ധോഡിയ എന്നത്, വിഷമില്ലാത്ത ഒരു പാമ്പിനെ വിശേഷിപ്പിക്കുന്ന വാക്കാണ്. പട്ടികഗോത്രത്തിനുള്ള ക്വാട്ടയിൽ പ്രവേശനം കിട്ടുമെങ്കിൽ പ്രീതിയെ ഒഡിഷയിലെ ഒരു സർക്കാർ റെസിഡൻഷ്യൽ സ്കൂളിൽ ചേർക്കണമെന്നാണ് അവളുടെ അച്ഛനമ്മമാരുടെ ആഗ്രഹം.

രക്ഷിതാക്കളിൽനിന്നും, നാട്ടിൽനിന്നും ഭാഷയിൽനിന്നും കുട്ടിക്കാലം മുതൽക്കേ അകന്നുജീവിക്കേണ്ടിവന്ന കഥയാണ് മിക്കവാറും എല്ലാ കുടിയേറ്റക്കാരുടേയും ജീവിതം.

കേവലം 8 വയസ്സായപ്പോൾ തൊഴിലന്വേഷിച്ച് വീടുവിട്ടിറങ്ങിയതാണ് 21 വയസ്സുള്ള നാഗേന്ദ്ര സിംഗ്. ഒരു ക്രെയിൻ ഓപ്പറേറ്റിംഗ് സർവീസിൽ ക്ലീനറായി ജോലിക്ക് കയറി അയാൾ. ഉത്തർ പ്രദേശിലെ കുശിനഗറിലുള്ള ജഗദീഷ്പുർ ഗ്രാമത്തിലായിരുന്നു വീട്. അവിടെ ആളുകൾ സംസാരിച്ചിരുന്നത് ഭോജ്പുരിയായിരുന്നു. “ഹിന്ദിയിൽനിന്ന് വ്യത്യസ്തമാണ് അത്. ഞങ്ങൾ ഭോജ്പുരി സംസാരിക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് അത് മനസ്സിലാവില്ല”, അയാൾ പറഞ്ഞ്. ‘ഞങ്ങൾ’ എന്നതുകൊണ്ട് അയാൾ ഉദ്ദേശിച്ചത്, വടക്കൻ ബെംഗളൂരുവിലെ ഒരു നിർമ്മാണ സൈറ്റിൽ പെയിന്റർ‌മാരായി ജോലിചെയ്ത് മുറിയിൽ തന്നോടൊപ്പം താമസിക്കുന്ന സുഹൃത്തുക്കളേയും സഹപ്രവർത്തകരേയുമാണ്. 26 വയസ്സുള്ള അലിയുടേയും 18 വയസ്സുള്ള മനീഷിന്റേയും നാഗേന്ദ്രയുടേയും വയസ്സും ഗ്രാമവും ജാതിയും മതവുമൊക്കെ വെവ്വേറെയാണെങ്കിലും ഭോജ്പുരിയെന്ന പൊതുവായ മാതൃഭാഷയാൽ ഒരുമിക്കപ്പെട്ടവരാണ് അവർ മൂവരും.

കൌമാരപ്രായത്തിൽത്തന്നെ തങ്ങളുടെ വീടും ഭാഷയും ഗ്രാമങ്ങളിൽ ഉപേക്ഷിച്ച് പോന്നവരാണ് അവർ. “നിങ്ങൾക്ക് വൈദഗ്ദ്ധ്യമുണ്ടെങ്കിൽ പിന്നെ പ്രശ്നങ്ങളൊന്നുമില്ല. ഞാൻ ദില്ലിയിലും മുംബൈയിലും ഹൈദരാ‍ബാദിലും സൌദി അറേബ്യയിൽ‌പ്പോലും പോയിട്ടുണ്ട്. വേണമെങ്കിൽ ഞാൻ പാസ്പോർട്ട് കാണിച്ചുതരാം. അവിടെവെച്ചാണ് ഞാൻ ഹിന്ദിയും ഇംഗ്ലീഷും പഠിച്ചത്”, അലി പറഞ്ഞു. വളരെ ലളിതമായിട്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന്, വർത്തമാനത്തിൽ പങ്കുചേർന്ന നാഗേന്ദ്ര പറഞ്ഞു. “എവിടെ ജോലിയുണ്ടോ, അവിടേക്ക് ഞങ്ങൾ പോവും. ഗ്രാമത്തിലെ ഏതെങ്കിലും ചെക്കന്മാർ ഞങ്ങളെ വിളിക്കും. ഞങ്ങൾ പോവും. അത്രതന്നെ”, അയാൾ പറഞ്ഞു.

“ഈ അമ്മാവനെപ്പോലെയുള്ളവരുമുണ്ട്”, തമിഴ് മാത്രമറിയാവുന്ന, മധുരയിൽനിന്നുള്ള 57 വയസ്സുള്ള സുബ്രഹ്മണ്യനുനേരെ ചൂണ്ടിക്കൊണ്ട് നാഗേന്ദ്ര പറഞ്ഞു. “ഞങ്ങൾ ആംഗ്യഭാഷയാണ് ഉപയോഗിക്കുക. അങ്ങേരോട് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ ഞങ്ങൾ ആശാരിയോട് പറയും, അയാൾ അത് അമ്മാവനെ അറിയിക്കും. എന്നാൽ ഞങ്ങളുടെയിടയിൽ ഞങ്ങൾ ഭോജ്പുരിയാണ് സംസാരിക്കുക. വൈകീട്ട് വീട്ടിൽ പോയാൽ ഞാൻ ഭക്ഷണം പാകം ചെയ്ത്, കുറച്ചുനേരം ഭോജ്പുരി പാട്ടുകൾ കേൾക്കും”, അയാൾ പറഞ്ഞു. പോക്കറ്റിൽനിന്ന് മൊബൈലെടുത്ത് തനിക്കിഷ്ടപ്പെട്ട ചില പാട്ടുകൾ അയാൾ കേൾപ്പിച്ചുതന്നു.

PHOTO • Pratishtha Pandya
PHOTO • Pratishtha Pandya

നാഗേന്ദ്ര സിംഗും (ഇടത്ത്‌) അബ്ബാസ് അലിയും (വലത്ത്‌) വടക്കൻ ബെംഗളൂരുവിലെ ഒരു നിർമ്മാണ സൈറ്റിൽ പെയിന്റർമാരാണ്. പ്രായവും, ഗ്രാമവും, മതവുമൊക്കെ വ്യത്യസ്തമാണെങ്കിലും സംസാരിക്കുന്ന ഭോജ്പുരി ഭാഷ അവരെ ഒരുമിപ്പിക്കുന്നു

PHOTO • Pratishtha Pandya
PHOTO • Pratishtha Pandya

ഇടത്ത്: തമിഴ്നാട്ടിലെ സുബ്രഹ്മണ്യനും ഉത്തർ പ്രദേശിലെ മനീഷും പെയിന്റർമാരായി ഒരു നിർമ്മാണ സൈറ്റിൽ ജോലിചെയ്യുന്നു. പരസ്പരം ആശയവിനിമയം ചെയ്യാൻ അവർ ആംഗ്യഭാഷയാണ് ഉപയോഗിക്കുന്നത് വലത്ത്: സ്വന്തമായി പാ‍ചകം  ചെയ്ത ഭക്ഷണമാണ് നാഗേന്ദ്ര സിംഗ് കഴിക്കുന്നതെങ്കിലും, അതിൽ ഗ്രാമത്തിലെ രുചിയില്ലെന്ന് പറയുന്നു

പരിചിതമായ ഭക്ഷണവും, ഈണങ്ങളും, ആഘോഷവും, സംസ്കാരവുമായി എപ്പോഴും നമ്മൾ ബന്ധപ്പെടുത്തുന്ന ചില വിശ്വാസങ്ങളുമൊക്കെ ഭാഷാനുഭവങ്ങളിലൂടെ നമ്മിലേക്കെത്തുന്നു. അതുകൊണ്ടുതന്നെ, മാതൃഭാഷയെക്കുറിച്ച് പാരി ചോദിച്ചപ്പോൾ, അവരുടെ സംഭാഷണം പലപ്പോഴും അവരുടെ സംസ്കാരത്തിലേക്കാണ് എത്തിച്ചേർന്നത്.

മുംബൈയിൽ കൂലിപ്പണി ചെയ്യുന്നതിനായി രണ്ട് പതിറ്റാണ്ടിനും മുമ്പ് ബിഹാറിലെ പാർത്തപുർ ഗ്രാമത്തിൽനിന്ന് പുറപ്പെട്ടുപോയതാണ് 39 വയസ്സുകാരൻ ബസന്ത് മുഖ്യ. മൈഥിലിയെക്കുറിച്ച് കേട്ടമാത്രയിൽത്തന്നെ, വീട്ടിലെ ഭക്ഷണവും പാട്ടുകളും അയാളുടെ മനസ്സിലേക്ക് നിറഞ്ഞൊഴുകി. “എനിക്ക് സട്ടുവും (പൊരിച്ച കടലയിൽനിന്ന് ഉണ്ടാക്കുന്ന ധാന്യപ്പൊടി) ചുരാവോർ പൊഹയും വളരെ ഇഷ്ടമാണ്. മുംബൈയിലും അത് കിട്ടും. പക്ഷേ ഗ്രാമത്തിന്റെ രുചിയുണ്ടാവില്ല”. ബസന്ത് വിഭവങ്ങളെക്കുറിച്ച് പറയാൻ തുടങ്ങി. “എല്ലാ ശനിയാഴ്ചയും ഞങ്ങൾ ഉച്ചയ്ക്ക് കിച്ചടിയും വൈകീട്ടത്തെ ചായയ്ക്ക് ഭുജയും കഴിക്കും. പരത്തിയ അരിയും, ചുട്ടെടുത്ത നിലക്കടലയും, ഉഴുന്നും, ഉള്ളിയും തക്കാളിയും പച്ചമുളകും, ഉപ്പും, കടുകെണ്ണയും മറ്റ് മസാലകളും ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണ് ഭുജ. മുംബൈയിൽ, ശനിയാഴ്ചകൾ വന്നുപോവുന്നത് ഞാൻ അറിയാറേയില്ല”, ഒരു കുസൃതിച്ചിരിയോടെ അയാൾ പറഞ്ഞു.

മനസ്സിലേക്ക് വരുന്ന മറ്റൊരു കാര്യം, ഗ്രാമത്തിൽ ഹോളി കളിക്കുന്നതാണ്. “ഒരു കൂട്ടം ചങ്ങാതിമാർ, മുന്നറിയിപ്പൊന്നുമില്ലാതെ വീട്ടിലേക്ക് തള്ളിക്കയറിവരും അന്ന്. പിന്നെ നിറങ്ങളുപയോഗിച്ചുള്ള പൊരിഞ്ഞ കളിയായിരിക്കും. കഴിക്കാൻ മാൽ‌പുവയും (ഗോതമ്പുതരിയും മൈദയും പഞ്ചസാരയും പാലും ഉപയോഗിച്ചുണ്ടാക്കുന്ന വിശേഷപ്പെട്ട ഒരു മധുരപലഹാരം)  ഉണ്ടാവും. ഞങ്ങളെല്ലാവരും ചേർന്ന് ‘ ഫഗുവ ’ എന്ന ഹോളിപ്പാട്ടുകൾ പാടും”, ബസന്ത് പറഞ്ഞു. തന്റേതല്ലാത്ത ഭാഷയിൽ ഇതൊക്കെ പറയുമ്പോൾപ്പോലും, നാട്ടിലെ ഓർമ്മകൾ അയാളിൽ സജീവമായി തെളിയുന്നത് ഞങ്ങൾ കണ്ടു.

“സ്വന്തം നാട്ടിലെ, നമ്മുടെ സ്വന്തം ഭാഷ സംസാരിക്കുന്നവരുടെകൂടെ ഉത്സവങ്ങൾ ആഘോഷിക്കുന്നത് ഒരു വല്ലാത്ത അനുഭവമാന്”, അയാൾ സങ്കടത്തോടെ പറഞ്ഞു.

അല്ലഹബാദിലെ അമിലൌട്ടി ഗ്രാമത്തിലെ രാജു, എന്ന് സ്വയം വിളിക്കാൻ ഇഷ്ടപ്പെടുന്ന ആൾക്ക് ഇതിനോട് പൂർണ്ണയോജിപ്പാണ്. കഴിഞ്ഞ 30 വർഷമായി അയാൾ തന്റെ ഉപജീവനം നേടുന്നത് പഞ്ചാബിൽനിന്നാണ്. ആഹിർ സമുദായത്തിലുള്ള അയാൾ വീട്ടിൽ അവധി ഭാഷയിലാണ് സംസാരിക്കുന്നത്. ആദ്യമായി അമൃത്‌സറിൽ വന്നപ്പോൽ അയാൾ ശരിക്കും ബുദ്ധിമുട്ടി. “പക്ഷേ ഇപ്പോൾ ഞാൻ പഞ്ചാബിയിൽ നന്നായി സംസാരിക്കാൻ പഠിച്ചു. ആളുകൾക്കൊക്കെ എന്നെ ഇഷ്ടമാണ്”, സന്തോഷത്തോടെ അയാൾ പറഞ്ഞു.

PHOTO • Swarn Kanta
PHOTO • Swarn Kanta

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി മുംബൈയിൽ വീട്ടുവേല ചെയ്യുന്ന ബസന്ത് മുഖ്യ ഇപ്പോഴും ഗ്രാമത്തിലെ ശബ്ദവും പാട്ടുകളും ഗൃഹാതുരത്വത്തോടെ ഓർക്കുന്നു. മൈഥിലി എന്ന മാതൃഭാഷയെക്കുറിച്ച് കേൾക്കുമ്പോഴേക്കും വീട്ടിലെ ഭക്ഷണത്തിന്റെ ഓർമ്മകൾകൊണ്ട് മനസ്സ് നിറയുന്നു

PHOTO • Kamaljit Kaur
PHOTO • Kamaljit Kaur

പഞ്ചാബിലെ പട്ടി പട്ടണത്തിൽ പഴങ്ങൾ വിൽക്കുന്ന, അലഹബാദിലെ അമിലൌട്ടി ഗ്രാമത്തിൽനിന്നുള്ള രാജുവിന് പഞ്ചാബിയിൽ ഭംഗിയായി സംസാരിക്കാനറിയാം. ഗ്രാമത്തിലെ ഉത്സവങ്ങൾ ഇപ്പോഴും അയാൾ അയവിറക്കുന്നു

എന്നിരുന്നാലും, പഞ്ചാബിലെ താൺ തരൺ ജില്ലയിലെ പട്ടി എന്ന പട്ടണത്തിലെ ഈ പഴവില്പനക്കാരന് നാട്ടിലെ ഉത്സവങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വല്ലാത്ത സങ്കടമാണ്. ജോലിത്തിരക്കുകൊണ്ട് സ്വന്തം ഗ്രാമത്തിൽ എത്താൻ അയാൾക്ക് കഴിയാറില്ല. “ആ ഉത്സവങ്ങൾ ഇവിടെ ആഘോഷിക്കുന്നതും അസാധ്യമാണ്. 100 പേർ ആഘോഷിക്കുന്ന ഒരു ഉത്സവമാണെങ്കിൽ നമുക്ക് പങ്കെടുക്കാൻ കഴിഞ്ഞേക്കും. എന്നാൽ രണ്ടോ മൂന്നോ പേർ മാത്രം പങ്കെടുക്കുന്ന ഉത്സവം എങ്ങിനെ ആഘോഷിക്കാനാണ്”, അയാൾ ചോദിക്കുന്നു.

രാജ്യത്തിന്റെ മറ്റേ അറ്റത്ത്, 38 വയസ്സുള്ള ഷബാന ഷെയ്ഖ് ചോദിക്കുന്നതും ഇതേ ചോദ്യമാണ്. രാജസ്ഥാനിൽനിന്ന് ഭർത്താവിന്റെ കൂടെ വിവാഹശേഷം കേരളത്തിലെത്തിയതാണ് അവർ. “ഞങ്ങൾ ഗ്രാമത്തിൽ ഉത്സവങ്ങൾ ആഘോഷിക്കാറുണ്ട്. അതിൽ ഒരു നാണക്കേടും തോന്നാറില്ല. പക്ഷേ ഇവിടെ കേരളത്തിൽ എങ്ങിനെയാണ് അതൊക്കെ നമ്മൾ ആഘോഷിക്കുക”, അവർ ചോദിക്കുന്നു. “ദീപാവലിക്ക് കേരളത്തിൽ അധികം ദീപങ്ങളൊന്നും കത്തിക്കാറില്ല. എന്നാൽ രാജസ്ഥാനിൽ ഞങ്ങൾ മണ്ണിന്റെ ചെരാതുകൾ കത്തിച്ചുവെക്കും. കാണാൻ നല്ല രസമാണ്”, നാടിനെക്കുറിച്ചുള്ള ഓർമ്മകൾകൊണ്ട് അവരുടെ കണ്ണുകൾ തിളങ്ങി.

ഭാഷയും, സംസ്കാരവും ഓർമ്മയും തമ്മിലുള്ള ബന്ധം ദൃഢമായി കെട്ടുപിണഞ്ഞുകിടക്കുകയായിരുന്നു ഞങ്ങൾ സംസാരിച്ച ഓരോ കുടിയേറ്റക്കാരിലും. എന്നാൽ, സ്വന്തം വീടുകളിൽനിന്നകലെ, വിദൂരമായ ഇടങ്ങളിലെ മറ്റ് വീടുകളിൽ താമസിക്കുമ്പോഴും അതൊക്കെ സജീവമായി ഉള്ളിൽ കൊണ്ടുനടക്കാനുള്ള മാർഗ്ഗങ്ങൾ അവർ കണ്ടെത്തുന്നു.

60 കഴിഞ്ഞ മഷറു റാബറിക്ക്, നാഗ്പുരിലോ വാർധയിലോ ചന്ദ്രപുരിലോ, യവത്‌മാലിലോ ഉള്ള ഏതെങ്കിലും പറമ്പുകളല്ലാതെ, സ്ഥിരമായ മറ്റൊരു മേൽ‌വിലാസവുമില്ല. ഗുജറാത്തിലെ കച്ചിൽനിന്ന് വരുന്ന അയാൾ വിദർഭയിലെ ഒരു ഇടയനാണ്. “ഒരുതരത്തിൽ പറഞ്ഞാൽ ഞാനൊരു വർഹാദിയാണ്”, ഒരു ടിപ്പിക്കൽ റാബറിയുടെ വേഷമായിരുന്നു – വാരിവലിച്ചുകെട്ടിയ മേലുടുപ്പും, ധോത്തിയും തലപ്പാവും – അയാളുടേത്. വിദർഭയുടെ പ്രാദേശികമായ സംസ്കാരത്തിൽ ഉൾച്ചേർന്നുകഴിഞ്ഞിരിക്കുന്നു ഇന്നയാൾ. വേണ്ടിവന്നാൽ നാടൻ ഭാഷയിൽ ചീത്ത പറയാൻ‌പോലും അയാൾക്ക് ഇന്ന് നന്നായറിയാം. എന്നിട്ടും, തന്റെ നാടിന്റെ സംസ്കാരവും, പാരമ്പര്യവുമായി ഇന്നും അയാൾ ബന്ധം നിലനിർത്തുന്നു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സ്ഥിരമായി നീങ്ങിക്കൊണ്ടിരിക്കുന്ന അയാളുടെ ഒട്ടകപ്പുറത്ത് സൂക്ഷിച്ചുവെച്ച സാധനങ്ങളിൽ നാടൻ പാട്ടുകളും, ഇതുവരെ ആർജ്ജിച്ച വിജ്ഞാനവും, പാട്ടുകളും, മൃഗങ്ങളെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമുള്ള പരമ്പരാഗത അറിവുകളും മറ്റ് പലതുമുണ്ട്.

PHOTO • Jaideep Hardikar
PHOTO • Rajeeve Chelanat

ഇടത്ത്: കച്ചിൽനിന്നുള്ള മഷറു റാബറി വിദർഭയിലെ പരുത്തിത്തോട്ടങ്ങളിലാണ് താമസിക്കുന്നത്. വർഹാദി എന്നാണ് അദ്ദേഹം സ്വയം വിളിക്കുന്നത്. വലത്ത്: രാജസ്ഥാനിൽനിന്നുള്ള ഷബാന ഷെയ്ക്ക് (ഇടത്തേയറ്റത്ത്) ഭർത്താവ് മൊഹമ്മദ് അൻ‌വറും (വലത്ത്) മകൾ സാനിയ ഷെയ്ക്കും (നടുക്ക്) ഒരുമിച്ച് കേരളത്തിൽ താമസിക്കുന്നു. ഗ്രാമത്തിലെ ദീപാവലി വിളക്കുകളെക്കുറിച്ച് അവർ വേദനയോടെ ഓർക്കുന്നു

ജാർഘണ്ടിൽനിന്നുള്ള എക്സവേറ്റർ ഓപ്പറേറ്ററായ 25 വയസ്സുള്ള ഷാനാല്ലുവ ആലം കർണ്ണാടകയിലെ ഉഡുപ്പിയിൽ താമസിക്കുന്നു. ജോലിസ്ഥലത്ത് ഹിന്ദി നന്നായി സംസാരിക്കുന്നത് അയാൾമാത്രമാണ്. മൊബൈൽ ഫോണിലൂടെ തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഹിന്ദിയിലോ ഖോർത്തയിലോ സംസാരിക്കുന്നത് മാത്രമാണ് നാടുമായുള്ള അയാളുടെ ബന്ധം. ജാർഘണ്ടിലെ വടക്കൻ ചോട്ടാനാഗ്പുരിലും സന്താൾ പർഗാനയിലും നിലവിലുള്ള ഒരു ഭാഷയാണ് ഖോർത്ത.

ജാർഘണ്ടിൽനിന്നുള്ള മറ്റൊരു ചെറുപ്പക്കാരനായ 23 വയസ്സുള്ള സോബിൻ യാദവ് എന്ന കുടിയേറ്റക്കാരനും നാടുമായി ബന്ധപ്പെടാൻ മൊബൈലിനെയാണ് ആശ്രയിക്കുന്നത്. “ക്രിക്കറ്റ് താരം ധോണിയുടെ വീട്ടിൽനിന്ന് 200 കിലോമീറ്റർ ദൂരെയുള്ള” മജ്ഗാംവ് ഗ്രാമത്തിൽനിന്നാണ് അയാൾ കുറച്ച് വർഷങ്ങൾക്കുമുമ്പ് ചെന്നയിലേക്ക് കുടിയേറിയത്. ചെന്നൈയിലെ ഒരു ഭക്ഷണശാലയിൽ ജോലിചെയ്യുന്ന അയാൾക്ക് ഹിന്ദി സംസാരിക്കാൻ അവസരം അധികം കിട്ടാറില്ല. ദിവസവും വൈകീട്ട് ഭാര്യയുമായി മൊബൈലിൽ സംസാരിക്കുമ്പോൾ മാത്രമാണ് അയാൾ മാതൃഭാഷ സംസാരിക്കുന്നത്. “ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത തമിഴ് സിനിമകളും ഞാൻ മൊബൈൽ ഫോണിൽ കാണാറുണ്ട്. സൂര്യയാണ് എന്റെ ഇഷ്ടതാരം”, അയാൾ തമിഴിൽ പറഞ്ഞു.

“ഹിന്ദി, ഉറുദു, ഭോജ്പുരി..ഒരു ഭാഷയും ഇവിടെ ചിലവാവില്ല. ഇംഗ്ലീഷുപോലും. ഹൃദയത്തിന്റെ ഭാഷ മാത്രമേ പ്രവർത്തിക്കൂ”, വിനോദ് കുമാർ പറയുന്നു. ബിഹാറിലെ മോട്ടിഹാരി ഗ്രാമത്തിൽനിന്നുള്ള 53 വയസ്സുള്ള ഈ കല്പണിക്കാരൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ പത്താൻ ബ്ലോക്കിലുള്ള സാജിദ് ഗാനിയുടെ അടുക്കളയിൽനിന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. സാജിദ് അയാളുടെ തൊഴിൽ‌ദാതാവാണ്. “ഒരു വീട്ടുടമസ്ഥൻ തൊഴിലാളിയുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നത് വേറെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?” സാജിദിനെ ചൂണ്ടിക്കൊണ്ട് വിനോദ് ചോദിച്ചു. “അയാൾക്ക് എന്റെ ജാതിപോലും അറിയില്ലെന്ന് തോന്നുന്നു. നാട്ടിലാണെങ്കിൽ ഞാൻ തൊട്ടാൽ, ആളുകൾ വെള്ളം‌പോലും കുടിക്കില്ല. ഇവിടെ അയാൾ സ്വന്തം അടുക്കളയിലിരുന്ന് എന്നോടൊപ്പം ഭക്ഷണം കഴിക്കുന്നു”.

വിനോദ് കശ്മീരിൽ ജോലിക്കായി വന്നിട്ട് 30 വർഷം കഴിഞ്ഞു. “1993-ലാണ് തൊഴിലാളിയായി ഞാൻ ആദ്യം കശ്മീരിലെത്തിയത്. കശ്മീരിനെക്കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ലായിരുന്നു. ഇന്നത്തെപ്പോലെ മീഡിയയും അന്ന് ഉണ്ടായിരുന്നില്ലല്ലോ. പത്രങ്ങളിൽ വാർത്തകളുണ്ടായാൽത്തന്നെ ഞാൻ എങ്ങിനെ അറിയാനാണ്? എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. ഏതെങ്കിലും തെക്കേദാറി ൽനിന്ന് വിളി വന്നാൽ ഞങ്ങൾ അരിക്കാശിനായി അങ്ങോട്ട് ചെല്ലും”, അയാൾ പറഞ്ഞു.

PHOTO • Shankar N. Kenchanuru
PHOTO • Rajasangeethan

ഇടത്ത്: ജാർഘണ്ടിൽനിന്നുള്ള ഷാനാ‍ല്ലുവ ആലം കർണ്ണാടകയിലെ ഉഡുപ്പിയിൽ എക്സ്കവേറ്റർ ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ ഫോണിൽ അയാൾ ഹിന്ദിയിലോ ഖോർത്തയിലോ സംസാരിക്കുന്നു. വലത്ത്: ജാർഘണ്ടിൽനിന്നുതന്നെയുള്ള സോബിൻ യാദവ് ചെന്നൈയിലെ ഒരു ഭക്ഷണശാലയിൽ ജോലിചെയ്യുന്നു. ജോലിസ്ഥലത്ത് തമിഴ് സംസാരിക്കുന്ന സോബിൻ, ഭാര്യയോട് ഫോണിൽ സംസാരിക്കുമ്പോൾ മാത്രം ഹിന്ദി ഉപയോഗിക്കുന്നു

“എനിക്ക് അക്കാലത്ത് അനന്ത്നാഗ് ജില്ലയിൽ ജോലിയുണ്ടായിരുന്നു” പഴയ ദിവസങ്ങൾ ഓർത്തെടുത്ത് അയാൾ പറഞ്ഞു. “ഞങ്ങൾ എത്തിയ ദിവസം പെട്ടെന്ന് എല്ലാം അടച്ചു. കുറച്ചുദിവസത്തേക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. കൈയ്യിൽ ഒരുപൈസപോലും ഉണ്ടായിരുന്നില്ല. ഗ്രാമക്കാരാണ് ഞങ്ങളെ സഹായിച്ചത്. ഞങ്ങൾ 12 പേരായിരുന്നു ഒരുമിച്ച് വന്നത്. അവർ ഞങ്ങൾക്ക് ഭക്ഷണം തന്നു. വേറെ എന്തെങ്കിലുമൊരു ഗൂഢോദ്ദേശ്യമില്ലാതെ, ആരാണ് ഭൂമിയിൽ ഇങ്ങനെ സഹായിക്കുക”, അയാൾ ചോദിച്ചു. വേണ്ടെന്ന് വിനോദ് എത്ര താഴ്മയായി പറഞ്ഞിട്ടും, സാജിദ് അയാളുടെ പ്ലേറ്റിലേക്ക് ഒരു ചിക്കൻ കഷ്ണംകൂടി വിളമ്പുന്നുണ്ടായിരുന്നു.

“കശ്മീരി ഭാഷയിലെ ഒരുവാക്കുപോലും എനിക്ക് മനസ്സിലാവില്ല. എന്നാൽ ഇവിടെ എല്ലാവർക്കും ഹിന്ദി നന്നായി മനസ്സിലാവും. അതുകൊണ്ട് ഇത്രകാലവും നന്നായി കാര്യങ്ങൾ നടന്നു”, അയാൾ പറഞ്ഞു.

“ഭോജ്പുരിയോ?” ഞങ്ങൾ അയാളോട് ചോദിച്ചു.

“എന്ത് ഭോജ്പുരി? എന്റെ ഗ്രാ‍മക്കാർ വരുമ്പോൾമാത്രം ഞാൻ ഭോജ്പുരി സംസാരിക്കും. അല്ലാതെ ഇവിടെ ആരോട് സംസാരിക്കാൻ..നിങ്ങൾ പറയൂ..” അയാൾ ചോദിക്കുന്നു. എന്നിട്ട് ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. “ഞാൻ സാജിദ് ഭയ്യയെ എന്റെ മാതൃഭാഷ അല്പം പഠിപ്പിച്ചിട്ടുണ്ട്. ‘കഹോ സാജിദ്ഭായ്? കൈസാൻബനി? (പറയൂ സാജിദ് ഭായി, എന്തൊക്കെയുണ്ട് വിശേഷം“ എന്ന് വിനോദ് ചോദിച്ചു.

“ഥിക്ബാ (സുഖമായിരിക്കുന്നു), സാജിദ് മറുപടി പറഞ്ഞു.

“ഒന്നോ രണ്ടോ തെറ്റൊക്കെ അവിടെയുമിവിടെയും സംഭവിച്ചുവെന്ന് വരും. എന്നാലും അടുത്തതവണ നിങ്ങൾ വരുമ്പോൾ എന്റെ ഭായി നിങ്ങൾക്ക് റിതേഷിന്റെ (ഒരു ഭോജ്പുരി നടൻ) ഒരു പാട്ട് പാടിത്തരും”, വിനോദ് പറയുന്നു.

ഈ റിപ്പോർട്ട് തയ്യാറാക്കിയവർ: ഡൽ‌ഹിയിൽനിന്ന് മൊഹമ്മദ് കമർ തബ്‌രീസ്, പശ്ചിമ ബംഗാളിൽനിന്ന് സ്മിത ഖാട്ടോർ, പ്രതിഷ്ത പാണ്ഡ്യ, കർണ്ണാടകയിൽനിന്ന് ശങ്കർ എൻ.കെഞ്ചനൂർ, കശ്മീരിൽനിന്ന് ദേവേഷ്, തമിഴ്നാട്ടിൽനിന്ന് രാജസംഗീതം, ചത്തീസ്ഗഢിൽനിന്ന് നിർമൽ കുമാർ സാഹു, അസമിൽനിന്ന് പങ്കജ് ദാസ്, കേരളത്തിൽനിന്ന് രാജീവ് ചേലനാട്ട്, മഹാരാഷ്ട്രയിൽനിന്ന് ജയ്‌ദീപ് ഹർദികറും സ്വർണ്ണ കാന്തയും, പഞ്ചാബിൽനിന്ന് കമൽജിത്ത് കൌർ എന്നിവർ. എഡിറ്റ് ചെയ്തത്, മേധാ കാലെ, സ്മിത ഖാട്ടോർ, ജോഷ്വ ബോധിനേത്ര, സാൻ‌വിതി അയ്യർ എന്നിവരുടെ സഹായത്തോടെ പ്രതിഷ്ത പാണ്ഡ്യ. ഫോട്ടോ എഡിറ്റ് ചെയ്തത് ബിനായ്ഫർ ഭറൂച്ച, വീഡിയോ എഡിറ്റ് ചെയ്തത് ശ്രേയ കാത്യായനി

കവർ ഇല്ലസ്ട്രേഷൻ: ലബാനി ജംഗി

പരിഭാഷ: രാജീവ് ചേലനാട്ട്

Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat