പ്രാദേശിക തപാലാപ്പീസിന്റെ ജനലുകൾ ശബ്ദത്തോടെ തുറന്നു. ഞങ്ങൾ സമീപിക്കുന്നതും നോക്കി പോസ്റ്റ്മാൻ സ്വയം ഇരിക്കുന്നുണ്ടായിരുന്നു.

ഒരാംഗ്യത്തോടെ, പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളെ പോസ്റ്റ് ഓഫീസിലേക്ക് ക്ഷണിച്ചു. ഒരു മുറിയിലാണ് അത്. വരാന്തയിൽനിന്ന് ഒരു വാതിൽ അവിടേക്ക് തുറക്കുന്നു. ഈ ചെറിയ തൊഴിലിടത്തേക്ക് കടക്കുമ്പോൾ കടലാസ്സിന്റേയും മഷിയുടേയും ഗന്ധം ഞങ്ങളെ സ്വീകരിച്ചു. ദിവസത്തിലെ അവസാനത്തെ തപാലുകൾ അദ്ദേഹം ഒതുക്കിവെക്കുകയായിരുന്നു. “വരൂ, വരൂ, സൌകര്യമായി ഇരിക്കൂ”, പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പുറത്തെ കാലാവസ്ഥയിൽനിന്ന് വിഭിന്നമായി, പോസ്റ്റ്മാന്റെ വീട്ടിലും ഓഫീസിലും നല്ല തണുപ്പായിരുന്നു. ഒരു ജനാല കാറ്റിലേക്ക് തുറന്നിട്ടിട്ടുണ്ടായിരുന്നു. ഇത്തരമൊരു സ്ഥലത്തുനിന്ന് പ്രതീക്ഷിക്കുന്നതുപോലെ, എല്ലാം വൃത്തിയായും എല്ലാം അടുക്കും ചിട്ടയോ‍ടെയും സൂക്ഷിച്ചിരുന്നു. മുറിയുടെ മുക്കാൽഭാഗം കൈയ്യടക്കി ഒരു മേശയും ഷെൽ‌ഫുമുണ്ടായിരുന്നെങ്കിലും തീരെ ഇടുങ്ങിയതായി തോന്നിയതേയില്ല.

തുംകൂർ ജില്ലയിലെ ദേവെരായ‌‌പട്ടണത്തിലെ ഗ്രാമീൺ ഡാക് സേവക് (ഗ്രാമീണ തപാൽ സേവകൻ) ആണ് 64 വയസ്സുള്ള രേണുകപ്പ. ആറ്‌ ഗ്രാമങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.

ദേവരായപട്ടണത്തിലെ ഈ പോസ്റ്റ് ഓഫീസിലെ പ്രവൃത്തിസമയം രാവിലെ 8,30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ്. എന്നാൽ രേണുകാ പ്രസാദ് എന്ന ഈ തൊഴിലാളി രാവിലെ 7 മുതൽ വൈകീട്ട് 5 മണിവരെ ജോലി ചെയ്യും. “എന്റെ ജോലി തീർക്കാൻ നാലര മണിക്കൂർ മതിയാവില്ല”, അദ്ദേഹം വിശദീകരിച്ചു.

Renuka at work as a Gramin Dak Sevak (Rural Postal Service) in his office in Deverayapatna town in Tumkur district; and six villages fall in his jurisdiction
PHOTO • Hani Manjunath

തുംകൂർ ജില്ലയിലെ ദേവരായ‌‌പട്ടണത്തിലെ ഗ്രാമീൺ ഡാക് സേവകായി (ഗ്രാമീണ തപാൽ സേവകൻ) ജോലി ചെയ്യുന്നു രേണുകപ്പ. ആറ്‌ ഗ്രാമങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്

തുംകൂർ താലൂക്കിലെ ബെലഗുംബ ഗ്രാമത്തിൽനിന്ന് കത്തുകളും മാസികകളും കടലാസ്സുകളും വരുന്നതോടെ അദ്ദേഹത്തിന്റെ ജോലിദിവസം ആരംഭിക്കുന്നു. ആദ്യം ഇവയെല്ലാം രജിസ്റ്ററിലെഴുതിയതിനുശേഷം ഉച്ചയ്ക്ക് 2 മണിയോടെ, എല്ലാ ദിവസവും അവ വിതരണം ചെയ്യാൻ യാത്രയാവും. ആറ്‌ കിലോമീറ്റർ ചുറ്റളവിലാണ്, അദ്ദേഹം തപാലുകൾ വിതരണം ചെയ്യുന്ന, ദേവെരായപട്ടണ, മാരണായകപാളയ, പ്രശാന്ത്‌നഗര, കുണ്ടുരു, ബന്ദെപാളയ, ശ്രീനഗർ എന്നീ ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത്. ഭാര്യ രേണുകാംബയോടൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്. മുതിർന്ന മൂന്ന് പെണ്മക്കൾ മറ്റിടങ്ങളിലാണ്.

തനിക്ക് സന്ദർശിക്കാനുള്ള ഗ്രാമങ്ങളുടെ ചിത്രമുള്ള ഒരു ചെറിയ ഭൂപടം, മേശയ്ക്ക് മുകളിൽ തൂക്കിയിരിക്കുന്നത്, അദ്ദേഹം ഞങ്ങൾക്ക് കാണിച്ചുതന്നു. കന്നഡയിൽ അവയുടെ ദിശകളും വിവരങ്ങളും എഴുതിയിരുന്നു അതിൽ. ഏറ്റവുമടുത്തുള്ള ഗ്രാമം, മാരണായകപാളയ 2 കിലോമീറ്റർ കിഴക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പ്രശാന്ത്നഗര 2.5 കിലോമീറ്റർ പടിഞ്ഞാറും, കുണ്ടുരുവു ബന്ദേപാളയവും യഥാക്രമം 3 കിലോമീറ്റർ വടക്കും തെക്കും, ശ്രീനഗരം 5 കിലോമീറ്റർ ദൂരത്തും.

മഴയത്തും വെയിലത്തും കത്ത് വിതരണം ചെയ്യാനുള്ള ഒരേയൊരു പോസ്റ്റ്മാനാണ് രേണുകപ്പ.

ഈ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാൻ ഒരു പഴയ സൈക്കിളുണ്ട് അദ്ദേഹത്തിന്. കഥകളിലൊക്കെ വായിക്കാറുള്ള മാതൃകാ പോസ്റ്റ്മാൻ. ഗ്രാമത്തിലേക്ക് യാത്ര ചെയ്ത്, തന്റെയടുക്കലേക്ക് ഓടിവരുന്നവരെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരാൾ.

“രേണുകപ്പ, ഇന്ന് വീട്ടിൽ ഒരു പൂജയുണ്ട്, വരണം”, അദ്ദേഹത്തിന്റെ വീടിന്റെ മുമ്പിലൂടെ പോയ പ്രായമായ ഒരു സ്ത്രീ വിളിച്ചുപറയുന്നു. അദ്ദേഹം അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. മറ്റൊരു ഗ്രാമീണൻ, പോസ്റ്റ് ഓഫീസിന്റെ മുമ്പിലൂടെ കൈവീശി അഭിവാദ്യം പറഞ്ഞ് പോകുന്നു. രേണുകപ്പയും മറുപടിയായി കൈവീശി അയാളെ അഭിവാദ്യം ചെയ്തു. ഗ്രാമീണരും അദ്ദേഹവുമായുള്ള ഊഷ്മളബന്ധം വളരെ പ്രകടമാണ്.

Renuka travels on his bicycle (left) delivering post. He refers to a hand drawn map of the villages above his desk (right)
PHOTO • Hani Manjunath
Renuka travels on his bicycle (left) delivering post. He refers to a hand drawn map of the villages above his desk (right)
PHOTO • Hani Manjunath

തപാലുകൾ വിതരണം ചെയ്യാൻ രേണുക തന്റെ സൈക്കിളിൽ (ഇടത്ത്) യാത്ര ചെയ്യുന്നു. തന്റെ മേശയ്ക്ക് മുകളിലുള്ള (വലത്ത്) കൈകൊണ്ട് വരഞ്ഞ ഒരു ഭൂപടമാണ് അദ്ദേഹത്തിന്റെ ആശ്രയം

തപാലുകൾ വിതരണം ചെയ്ത്, ശരാശരി, ദിവസത്തിൽ 10 കിലോമീറ്റർ അദ്ദേഹം യാത്ര ചെയ്യുന്നു. ദിവസം അവസാനിക്കുന്നതിന് മുമ്പ്, വിതരണം ചെയ്ത എല്ലാ തപാലുകളും ഒരു തടിച്ച, പഴയ രജിസ്റ്റർ ബുക്കിൽ അദ്ദേഹം എഴുതിവെക്കുന്നു.

ഓൺ‌ലൈൻ വിനിമയത്തിന്റെ വികാസം‌മൂലം എഴുത്തുകളുടെ എണ്ണം കുറഞ്ഞു എന്ന് രേണുകപ്പ പറയുന്നു. “എന്നാൽ മാസികകൾ, ബാങ്ക് രേഖകൾ എന്നിവ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടിയിട്ടുണ്ട്. അതുകൊണ്ട് എന്റെ തൊഴിലും വർദ്ധിച്ചു”, അദ്ദേഹം പറയുന്നു.

അദ്ദേഹത്തെപ്പോലുള്ള ഗ്രാമീൺ ഡാക് സേവകരെ ‘അധിക ഡിപ്പാർട്ട്മെന്റൽ തൊഴിലാളികൾ’ ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട്, പെൻഷൻ പോയിട്ട്, മറ്റ് വർദ്ധനകളൊന്നുമില്ല. സ്റ്റാമ്പ്, സ്റ്റേഷനറി വില്പന, തപാലുകളുടെ ഗതാഗതം, വിതരണം, മറ്റ് തപാൽ ജോലികൾ എന്നിവയിലൊക്കെ അവരുടെ സേവനം ഉപയോഗിക്കുന്നു. പതിവ് സിവിൽ സർവ്വീസ് ഗണത്തിൽ പെടുന്നതിനാൽ 2021-ലെ സി.സി.എസ് (പെൻഷൻ) നിയമം അവർക്ക് ബാധകമല്ല. അവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനുള്ള ഒരു ശുപാർശയും സർക്കാരിന്റെ മുമ്പിലില്ല. 2011 ഏപ്രിൽ 1-ന് തുടങ്ങിയ സർവീസ് ഡിസ്ചാർജ്ജ് ബെനഫിറ്റ് സ്കീം മാത്രമേ അവർക്കുള്ളു.

വിരമിച്ചുകഴിഞ്ഞാൽ, പ്രതിമാസ ശമ്പളമായ 20,000 രൂപ നിർത്തലാവും. പെൻഷനൊന്നും കിട്ടില്ല. “എന്തെങ്കിലുമൊരു മാറ്റമുണ്ടാവുമെന്ന് കരുതി എന്നെപ്പോലുള്ളവർ എത്രയോ വർഷം കാത്തിരുന്നു. ഞങ്ങളുടെ അദ്ധ്വാനം ആരെങ്കിലും പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചു. മറ്റ് പെൻഷനുകാർക്ക് കിട്ടുന്നതിന്റെ ഒരു ചെറിയ ശതമാനം, ആയിരമോ, രണ്ടായിരമോ കിട്ടിയാലും മതിയായിരുന്നു. അതൊക്കെ വരുമ്പോഴേക്കും ഞാൻ റിട്ടയർ ചെയ്തിട്ടുണ്ടാവും”, വിഷമത്തോടെ അദ്ദേഹം പറയുന്നു.

Renuka covers 10 km on an average day, delivering post
PHOTO • Hani Manjunath
Renuka covers 10 km on an average day, delivering post
PHOTO • Hani Manjunath

തപാലുകൾ വിതരണം ചെയ്യാൻ ദിവസവും 10 കിലോമീറ്റർ രേണുക സഞ്ചരിക്കുന്നു

Renuka's stamp collection, which he collected from newspapers as a hobby.
PHOTO • Hani Manjunath

രേണുകയുടെ സ്റ്റാമ്പ് ശേഖരം. ഒരു ഒഴിവുസമയവിനോദമെന്ന മട്ടിൽ, പത്രങ്ങളിൽനിന്ന് ശേഖരിക്കാൻ തുടങ്ങിയതാണ് അവ

ചെറിയ പത്രകട്ടിംഗുകൾ മുറിച്ചെടുത്ത്, ലാമിനേറ്റ് ചെയ്ത് പ്രദർശിപ്പിച്ചിരിക്കുന്ന ഒരു പോസ്റ്ററിനെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഉത്സാഹം കലർന്നു. “അതൊരു ചെറിയ സന്തോഷം. ഞാനതിന്റെ അഞ്ചൽ‌ചിട്ടി എന്ന് വിളിക്കുന്നു” അദ്ദേഹം പറയുന്നു.

ഇതൊരു ഒഴിവുസമയവിനോദമായി മാറി. രണ്ടുവർഷം മുമ്പ്, പത്രങ്ങൾ ഈ സ്റ്റാമ്പുകൾ പ്രകാശനം ചെയ്തു. പ്രശസ്തരായ കവികൾ, സ്വാതന്ത്ര്യസമരസേനാനികൾ, മറ്റ് പ്രശസ്തരായ വ്യക്തികൾ തുടങ്ങിയവരെ ആദരിക്കുന്ന സ്റ്റാമ്പുകളായിരുന്നു അവ”. അവ വരുമ്പോൾത്തന്നെ രേണുക അത് ശേഖരിക്കാൻ തുടങ്ങി. പത്രങ്ങളിൽനിന്ന് അത് വെട്ടിയെടുക്കും.. “അടുത്തത് വരാൻ വേണ്ടി കാത്തിരിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ റിപ്പോർട്ട് തയ്യാറാക്കാൻ കൂടെനിന്ന തും‌കൂറിലെ ടി.വി.എസ് അക്കാദമിയിലെ ശ്വേത സത്യനാരായണന് നന്ദി. സഹകരണത്തിന്റെ ഭാഗമായി പാരി,  ആസ്ത ആർ ഷെട്ടി, ദ്രുതി യു, ദിവ്യശ്രീ, എസ്. കുശി എസ്. ജെയിൻ, നേഹ ജെ., പ്രണീത് എസ്. ഹുലുകഡി, ഹാനി മഞ്ജുനാഥ്, പ്രണതി എസ്., പ്രഞ്ജാല പി.എൽ, സംഹിത ഇ.ബി., ഗുണോത്തം പ്രഭു, പരിണീത കൽമത്, നിരുത എം.സുജാൽ, ആദിത്യ. ആർ. ഹരിത്‌സ, ഉത്സവ് കെ.എസ്. എന്നീ വിദ്യാർത്ഥികളോടൊപ്പം പ്രവർത്തിച്ചു.

പരിഭാഷ: രാജീവ് ചേലനാട്ട്

Student Reporter : Hani Manjunath

Hani Manjunath is a student of TVS Academy, Tumkur.

Other stories by Hani Manjunath
Editor : PARI Education Team

We bring stories of rural India and marginalised people into mainstream education’s curriculum. We also work with young people who want to report and document issues around them, guiding and training them in journalistic storytelling. We do this with short courses, sessions and workshops as well as designing curriculums that give students a better understanding of the everyday lives of everyday people.

Other stories by PARI Education Team
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat