അഞ്ച് ദിവസം, 200 കിലോമീറ്റർ, 27,000 രൂപ - മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ റെംഡെസിവിർ കുത്തിവയ്പ്പിനായി രവി ബോബ്‌ഡെ നടത്തിയ ഭ്രാന്തമായ അന്വേഷണത്തിന്‍റെ ആകെത്തുകയാണിത്.
ഈ വർഷം ഏപ്രിൽ അവസാന വാരത്തിൽ രവിയുടെ മാതാപിതാക്കളിൽ കോവിഡ്-19 ന്‍റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനു ശേഷമാണ് ഇതെല്ലാം ആരംഭിച്ചത്. “അവര്‍ക്ക് ശക്തമായ ചുമയ്ക്ക് ശേഷം ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും നെഞ്ചുവേദന ആരംഭിക്കുകയും ചെയ്തു,” ബീഡിലെ ഹർക്കി നിംഗാവ് ഗ്രാമത്തിലെ തന്‍റെ ഏഴേക്കർ കൃഷിഭൂമിയിലൂടെ നടക്കുമ്പോൾ രവി (25) ഓര്‍മ്മിച്ചു പറഞ്ഞു. “അതിനാൽ ഞാൻ അവരെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.”
ഡോക്ടർ ഉടൻ തന്നെ കോവിഡ്-19 ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ആന്‍റിവൈറൽ മരുന്നായ റെംഡെസിവിർ നിർദ്ദേശിച്ചു. എന്നാൽ ബീഡിൽ ഈ മരുന്നുകളുടെ വിതരണം കുറവായിരുന്നു. “ഞാൻ അഞ്ച് ദിവസം മരുന്നന്വേഷിച്ച് നടന്നു,” രവി പറഞ്ഞു. “സമയം പരിമിതമായിരുന്നതിനാൽ, എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ ഞാൻ ആംബുലൻസ് വാടകയ്‌ക്കെടുത്ത് എന്‍റെ മാതാപിതാക്കളെ സോലാപൂരിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി.” യാത്രയിലുടനീളം രവി ഉത്കണ്ഠാകുലനായിരുന്നു. “ആംബുലൻസിലെ ആ നാല് മണിക്കൂർ ഞാൻ ഒരിക്കലും മറക്കില്ല.”
തന്‍റെ മാതാപിതാക്കളായ അർജുൻ (55), ഗീത (48) എന്നിവരെ മജൽഗാവ് താലൂക്കിലുള്ള ഗ്രാമത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ സോലാപൂർ നഗരത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർ 27,000 രൂപ ഈടാക്കി. "എനിക്ക് സോലാപൂരിൽ അകന്ന ബന്ധത്തിൽ ഒരു ഡോക്ടറെ പരിചയമുണ്ടായിരുന്നു” രവി വിശദീകരിച്ചു. "മരുന്നിനായുള്ള ക്രമീകരണം നടത്താമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ബീഡിലുടനീളമുള്ള ആളുകൾ മരുന്ന് ലഭ്യമാക്കാൻ പാടുപെടുകയായിരുന്നു.”
എബോളയുടെ ചികിത്സയ്ക്കായി ആദ്യം വികസിപ്പിച്ചെടുത്ത റെംഡെസിവിർ, പകർച്ചവ്യാധിയുടെ തുടക്കത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് -19 രോഗികൾക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, 2020 നവംബറിൽ, ലോകാരോഗ്യ സംഘടന റെംഡെസിവിർ ഉപയോഗിക്കുന്നതിനെതിരെ " ഉപാധികളോടെ ശുപാർശ ” നൽകി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ്-19 രോഗികളുടെ അതിജീവനം രോഗത്തിന്‍റെ തീവ്രത ഏതവസ്ഥയിലാണെങ്കിലും മരുന്ന്മൂലം മെച്ചപ്പെട്ടതിനും മറ്റ് ഫലങ്ങളുണ്ടാക്കിയതിനും യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു.
ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങളിൽ ആന്‍റിവൈറൽ മരുന്ന് ഉൾപ്പെടുത്താൻ കഴിയില്ലെങ്കിലും, അത് നിരോധിച്ചിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മഹാരാഷ്ട്ര ചാപ്റ്ററിന്‍റെ മുൻ പ്രസിഡന്‍റ് ഡോ. അവിനാശ് ഭോണ്ഡ്വെ വ്യക്തമാക്കി. "മുൻപുണ്ടായിരുന്ന കൊറോണ വൈറസ് അണുബാധ [SARS-CoV-1] കൈകാര്യം ചെയ്യാൻ റെംഡെസിവിർ ഉപയോഗിച്ചിരുന്നു, ഇത് ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തു. അതിനാലാണ് പുതിയ കൊറോണ വൈറസ് രോഗം [SARS-CoV-2 അല്ലെങ്കിൽ Covid-19] ഇന്ത്യയിൽ ആദ്യം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഞങ്ങൾ ഇത് ഉപയോഗിക്കാൻ തുടങ്ങിയത്.”
മരുന്നിന്‍റെ ഒരു കോഴ്സ് അഞ്ച് ദിവസംകൊണ്ട് ആറ് കുത്തിവയ്പ്പുകൾ ഉൾപ്പെടുന്നതാണ്. "[കോവിഡ് -19] അണുബാധയുടെ ആദ്യ ദിവസങ്ങളിൽ മരുന്ന് ഉപയോഗിക്കുമ്പോൾ ശരീരത്തിലെ വൈറസിന്‍റെ വളർച്ചയെ റെംഡെസിവിർ തടയുന്നു, അിനാൽ ഇവ ഫലപ്രദമാകാം,” ഡോ. ഭോണ്ഡ്വെ വിശദീകരിച്ചു.
എന്നിരുന്നാലും, അണുബാധയുണ്ടായ സമയത്ത്, ബീഡിലെ കോവിഡ് രോഗികൾക്ക് നിയമത്തിന്‍റെ ചുവപ്പുനാടയും മരുന്നിന്‍റെ ക്ഷാമവും മൂലം റെംഡെസിവിർ ലഭ്യമായിരുന്നില്ല. സംസ്ഥാന സർക്കാരിൽ നിന്നും പ്രിയ ഏജൻസി എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നുമാണ് ജില്ലയിലേക്കുവേണ്ട മരുന്നുകൾ ലഭിച്ചിരുന്നത്. "ഒരു ഡോക്ടർ റെംഡെസിവിർ നിർദ്ദേശിക്കുമ്പോൾ, രോഗിയുടെ ബന്ധുക്കൾ ഒരു ഫോം പൂരിപ്പിച്ച് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കേണ്ടതുണ്ട്,” ജില്ലാ ആരോഗ്യ ഓഫീസർ രാധാകൃഷ്ണ പവാർ പറഞ്ഞു. "വിതരണത്തെ ആശ്രയിച്ച്, ഭരണകൂടം ഒരു പട്ടിക തയ്യാറാക്കുകയും ബന്ധപ്പെട്ട രോഗികൾക്ക് റെംഡെസിവിർ നൽകുകയും ചെയ്യുന്നു. എന്നാൽ, ഏപ്രിൽ, മേയ് മാസങ്ങളിൽ വിതരണത്തിൽ കുറവ് രേഖപ്പെടുത്തി.”
ബീഡിലെ ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര ജഗ്താപ് നൽകിയ ഡാറ്റ കാണിക്കുന്നത് റെംഡെസിവിറിന്‍റെ ആവശ്യത്തിലും വിതരണത്തിലും വലിയ വ്യത്യാസമുണ്ടെന്നാണ്. ഈ വർഷം ഏപ്രിൽ 23-നും മെയ് 12-നുമിടയിൽ - രാജ്യത്തെ രണ്ടാമത്തെ കോവിഡ് തരംഗത്തിന്‍റെ ഏറ്റവും ഉയർന്ന സമയത്ത് - ജില്ലയിൽ റെംഡെസിവിർ കുത്തിവയ്പ്പുകൾ 38,000 ആയി ഉയർന്നപ്പോൾ, 5,720 എണ്ണം മാത്രമേ ലഭ്യമാക്കിയിരുന്നുള്ളൂ. ഇത് ആവശ്യത്തിന്‍റെ 15 ശതമാനം മാത്രമായിരുന്നു.
ഈ കുറവ് ബീഡിൽ റെംഡെസിവിറിന്‍റെ വലിയ തോതിലുള്ള കരിഞ്ചന്ത സൃഷ്ടിക്കപ്പെടാൻ കാരണമായി. സംസ്ഥാന സർക്കാർ ഒരു കുപ്പിയുടെ വില 1,400 രൂപയായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ കരിഞ്ചന്തയിൽ വില 50,000 രൂപ വരെയെത്തി. ഇതുമൂലം മരുന്ന് 35 മടങ്ങ് ചെലവേറിയതായി.
ബീഡ് താലൂക്കിലെ പണ്ഡര്യചിവാഡി ഗ്രാമത്തിൽ നാലേക്കർ കൃഷിഭൂമിയുള്ള സുനിത മഗർ എന്ന കർഷക കരിഞ്ചന്തയിലെ വിലയിൽ നിന്ന് അല്പം മാത്രം കുറവുള്ള വിലയാണ് നൽകിയത്. 40 വയസ്സുള്ള ഭർത്താവ് ഭരതിന് ഏപ്രിൽ മൂന്നാം വാരത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ, സുനിത റെംഡെസിവിറിന്‍റെ ഒരു കുപ്പിക്ക് 25,000 രൂപ നൽകി. അവർക്ക് ആറ് കുപ്പികൾ ആവശ്യമായിരുന്നു. പക്ഷെ, നിയമപരമായി ഒരെണ്ണം മാത്രമേ വാങ്ങാൻ കഴിഞ്ഞുള്ളൂ. “കുത്തിവയ്പ്പിനുള്ള മരുന്നിനു മാത്രം 1.25 ലക്ഷം രൂപ ചിലവാക്കേണ്ടിവന്നു,” അവർ പറഞ്ഞു.
സുനിത (37) അധികാരികളെ മരുന്നിന്‍റെ ആവശ്യം അറിയിച്ചപ്പോൾ, അവ ലഭ്യമാകുമ്പോൾ അറിയിക്കാമെന്നുള്ള മറുപടിയാണ് ലഭിച്ചത്. "ഞങ്ങൾ 3-4 ദിവസം കാത്തിരുന്നു. പക്ഷേ അപ്പോഴും സ്റ്റോക്ക് ഇല്ലായിരുന്നു. ഞങ്ങൾക്ക് കൂടുതൽ ദിവസങ്ങൾ കാത്തിരിക്കാനായില്ല,” അവർ പറഞ്ഞു. "രോഗിക്ക് കൃത്യസമയത്ത് ചികിത്സ ആവശ്യമായിരുന്നു. അതിനാൽ ഞങ്ങൾ വേണ്ടത് ചെയ്തു.”
റെംഡെസിവിറിനായുള്ള തിരച്ചിലിൽ സമയം നഷ്ടപ്പെടുകയും പിന്നീട് കരിഞ്ചന്തയിൽ നിന്ന് കൈവശമാക്കുകയും ചെയ്‌തെങ്കിലും, രണ്ടാഴ്ചയ്ക്ക് ശേഷം ഭരത് ആശുപത്രിയിൽ ആയിരിക്കവേ മരിച്ചു. "ഞാൻ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്,” സുനിത വെളിപ്പെടുത്തി. “അവരിൽ പത്തോളം പേർ എന്നെ സഹായിക്കാനായി 10,000 രൂപ വീതം നല്കി. എനിക്ക് പണവും, ഒപ്പം എന്‍റെ ഭർത്താവിനെയും നഷ്ടപ്പെട്ടു. ഞങ്ങളെപ്പോലുള്ളവർക്ക് മരുന്നുകൾ പോലും ലഭ്യമല്ല. സമ്പന്നർക്കും അധികാരികൾക്കിടയിൽ സ്വാധീനമുളളവർക്കും മാത്രമേ തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ കഴിയൂ.”
റെംഡെസിവിറിനായുള്ള അന്വേഷണം ബീഡിലെ സുനിതയെപ്പോലെ നിരവധി കുടുംബങ്ങളെ തകർത്തു. "വിദ്യാഭ്യാസം തുടരുമ്പോഴും മകന് ഞങ്ങളുടെ കൃഷിയിടത്തിൽ എന്നെ സഹായിക്കേണ്ടി വരും,” അവർ പറഞ്ഞു. കൂടാതെ, കടം തിരിച്ചടയ്ക്കാൻ അവർക്ക് മറ്റുള്ളവരുടെ കൃഷിയിടങ്ങളിലും ജോലി ചെയ്യേണ്ടിവരുന്നു. "ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ ജീവിതം തലകീഴായി മാറിയതുപോലെ തോന്നുന്നു. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഇവിടെ അധികം തൊഴിൽ അവസരങ്ങളുമില്ല.”
തൊഴിലില്ലായ്മയും ദാരിദ്ര്യവും കർഷകരെയും കർഷകത്തൊഴിലാളികളെയും ജോലി തേടി വലിയ തോതിൽ നഗരങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നു. ഇതുവരെ 94,000 കോവിഡ് കേസുകളും 2,500 മരണങ്ങളും രേഖപ്പെടുത്തിയ മറാത്ത്‌വാഡ മേഖലയിലെ ഈ ജില്ല, മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ രേഖപ്പെടുത്തപ്പെട്ട പ്രദേശങ്ങളിലൊന്നാണ്. കാലാവസ്ഥാ വ്യതിയാനം, ജലദൗർലഭ്യം, കാർഷിക ദുരിതം മൂലമുള്ള കടം എന്നിവയാൽ ഇതിനകം പൊറുതിമുട്ടിയിരിക്കുന്ന ജില്ലയിലെ ജനങ്ങൾ നിയമപരമല്ലാതെ റെംഡെസിവിർ വാങ്ങാൻ കൂടുതൽ പണം കടം വാങ്ങാൻ നിർബന്ധിതരായി. ഇതവരെ കൂടുതൽ കടത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.
സംസ്ഥാന സർക്കാരിന്‍റെ ദീർഘവീക്ഷണമില്ലായ്മയുടെ അനന്തരഫലമാണ് റെംഡെസിവിറിന്‍റെ അനധികൃത വ്യാപാരമെന്ന് ഡോ. ഭോണ്ഡ്വെ വ്യക്തമാക്കി. "രണ്ടാം തരംഗത്തിൽ കോവിഡ്-19 അണുബാധകളുടെ വർദ്ധനവ് നമുക്ക് കാണാൻ കഴിയും. ഏപ്രിലിൽ, പ്രതിദിനം സംസ്ഥാനത്ത് 60,000 കേസുകൾ രേഖപ്പെടുത്തിയിരുന്നു.”
കോവിഡ് പോസിറ്റീവ് രോഗികളിലെ ശരാശരി 10 ശതമാനം പേര്‍ ആശുപത്രിയിൽ പ്രവേശനം നേടേണ്ടതുണ്ടെന്ന് ഡോക്ടർ പറയുന്നു. "അവരിൽ 5-7 ശതമാനം പേർക്ക് റെംഡെസിവിർ ആവശ്യമാണ്. അധികാരികൾ ആവശ്യകത കണക്കാക്കുകയും മരുന്ന് സംഭരിക്കുകയും ചെയ്യേണ്ടതായിരുന്നു”, ഡോ. ഭോണ്ഡ്വെ കൂട്ടിച്ചേർത്തു. "ക്ഷാമം ഉണ്ടാകുമ്പോൾ കരിഞ്ചന്തയിൽ കച്ചവടം നടക്കുന്നു. കരിഞ്ചന്തയിൽ ക്രോസിൻ വിൽക്കുന്നത് നിങ്ങൾക്കൊരിക്കലും കാണാൻ കഴിയില്ല.”
തനിക്ക്
റെംഡെസിവിർ മരുന്നുകൾ നൽകിയത് ആരാണെന്ന് സുനിത വെളിപ്പെടുത്തുന്നില്ല. "എനിക്കാവശ്യമുള്ള സമയത്ത് അയാൾ എന്നെ സഹായിച്ചു. ഞാൻ അയാളെ
ഒറ്റിക്കൊടുക്കില്ല,” അവർ പറഞ്ഞു.
മരുന്ന്
എങ്ങനെയാണ് കരിഞ്ചന്തയിൽ എത്തുന്നതെന്ന് മജൽഗാവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ പേരു
വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഡോക്ടർ സൂചന നൽകി: "കുത്തിവയ്പ്പിനുള്ള മരുന്ന് ആവശ്യപ്പെട്ട രോഗികളുടെ ഒരു പട്ടിക
അധികാരികളുടെ കൈവശമുണ്ട്. പല കേസുകളിലും മരുന്ന് എത്താൻ ഒരാഴ്ചയിലധികം സമയം
എടുത്തിരുന്നു. ആ കാലയളവിൽ രോഗി സുഖം പ്രാപിക്കുകയോ മരിക്കുകയോ ചെയ്യും. അതിനാൽ
പിന്നീട് ആ മരുന്നുകൾ എവിടെ പോകുന്നുവെന്ന് ബന്ധുക്കൾ അന്വേഷിക്കുന്നില്ല.”
എന്നിരുന്നാലും, ബീഡിൽ മരുന്നിന്‍റെ വലിയ തോതിലുള്ള കരിഞ്ചന്തയെക്കുറിച്ച് അറിയില്ലെന്ന്
ജില്ലാ മജിസ്‌ട്രേറ്റ് ജഗ്താപ് പറയുന്നു.
ബീഡ്
നഗരത്തിലെ
ദൈനിക് കാര്യാരം
ഭ്
ദിനപത്രത്തിലെ പത്രപ്രവർത്തകനായ ബാലാജി മർഗുഡെ പറയുന്നത്, നിയമവിരുദ്ധമായി റെംഡെസിവിർ സംഭരിക്കുന്നവരിലെ ഭൂരിഭാഗം പേർക്കും
രാഷ്ട്രീയ ബന്ധങ്ങളിലൂടെയാണ് അവ ലഭിക്കുന്നതെന്നാണ്. "എല്ലാ
പാർട്ടികളിലുംപെട്ട പ്രാദേശിക നേതാക്കൾക്ക്,
അല്ലെങ്കിൽ അവരുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇവയെല്ലാം സാധിക്കുന്നു,” അദ്ദേഹം പറഞ്ഞു. "ഞാൻ സംസാരിച്ച എല്ലാവരുംതന്നെ
ഇവയൊക്കെ സൂചിപ്പിച്ചിരുന്നെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകാൻ അവർ ഭയപ്പെട്ടു.
തിരിച്ചടയ്ക്കാൻ കഴിയാത്ത വിധം ആളുകൾ പണം കടം വാങ്ങി. അവർ അവരുടെ ഭൂമിയും
ആഭരണങ്ങളും വിറ്റു. റെംഡെസിവിറിനായി കാത്തിരിക്കുമ്പോൾ നിരവധി രോഗികൾ മരിച്ചു.”
കൊറോണ
വൈറസ് അണുബാധയുടെ ആദ്യഘട്ടങ്ങളിൽ, രോഗിയുടെ രക്തത്തിലെ ഓക്‌സിജന്‍റെ
അളവ് കുറയുന്നതിന് മുമ്പ്, റെംഡെസിവിർ ഫലപ്രദമാണെന്ന് ഡോ.
ഭോണ്ഡ്വെ വിശദീകരിച്ചു. "ഇന്ത്യയിലെ പല കേസുകളിലും ഇവ
സാധ്യമല്ല. കാരണം, ഗുരുതരാവസ്ഥയിലായിരിക്കുമ്പോൾ മാത്രമാണ് രോഗികൾ
കൂടുതലും ആശുപത്രിയിൽ വരുന്നത്.”
രവി
ബോബ്‌ഡെയുടെ മാതാപിതാക്കൾക്കും ഇത് തന്നെ സംഭവിച്ചിരിക്കാം.
റെംഡെസിവിറിന്‍റെ ക്ഷാമം ബീഡിൽ വലിയ തോതിലുള്ള കരിഞ്ചന്ത സൃഷ്ടിച്ചു. കുത്തിവയ്പ്പിന്‍റെ വില സംസ്ഥാന സർക്കാർ 1,400 രൂപയിൽ പരിമിതപ്പെടുത്തിയപ്പോൾ, കരിഞ്ചന്തയിൽ ഒരു ഡോസ് മരുന്നിന് 50,000 രൂപ വരെ ഉയർന്നു
ആംബുലൻസിൽ
സോലാപൂരിലെ ആശുപത്രിയിലെത്തിച്ച ശേഷം, അർജുനും ഗീത
ബോബ്‌ഡെയും ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചു. "നാലു മണിക്കൂർ
യാത്ര അവരുടെ അവസ്ഥ വഷളാക്കി. റോഡുകൾ അത്ര മികച്ചതല്ലായിരുന്നു, അതും ഒരു കാരണമാകാം,” രവി പറഞ്ഞു. "പക്ഷേ എനിക്ക് മറ്റൊരു മാർഗം ആലോചിക്കാനായില്ല. ബീഡിൽ റെംഡെസിവിർ ലഭിക്കാൻ
ഞാൻ അഞ്ച് ദിവസം കാത്തിരുന്നു.”
മാതാപിതാക്കൾ
പോയതോടെ രവി ഇപ്പോൾ ഹർക്കി നിംഗാവിലെ വീട്ടിൽ തനിച്ചാണ്. അദ്ദേഹത്തിന്‍റെ ജ്യേഷ്ഠൻ
ജലീന്ദർ 120 കിലോമീറ്റർ അകലെയുള്ള ജാൽനയിൽ താമസിക്കുകയും ജോലി
ചെയ്യുകയും ചെയ്യുന്നു. "എനിക്ക് വിചിത്രമായി
തോന്നുന്നു,” രവി പറഞ്ഞു. "എന്‍റെ
സഹോദരൻ വന്ന് കുറച്ചുകാലം എന്നോടൊപ്പം താമസിക്കും. പക്ഷേ
അവന് ഒരു ജോലിയുണ്ട്, അതിനാൽ ജാൽനയിലേക്ക് മടങ്ങേണ്ടിവരും.
തനിച്ചായിരിക്കാൻ ഞാൻ ശീലിക്കണം.”
പരുത്തി, സോയാബീൻ, പരിപ്പ് എന്നിവ വളർത്തുന്ന അവരുടെ
കൃഷിഭൂമിയിൽ കൃഷി ചെയ്യാൻ രവി പിതാവിനെ സഹായിക്കാറുണ്ടായിരുന്നു. "മിക്ക ജോലികളും ചെയ്തിരുന്നത് പിതാവായിരുന്നു. അദ്ദേഹത്തെ ഞാൻ സഹായിക്കുക
മാത്രമാണ് ചെയ്തത്,” തന്‍റെ കട്ടിലിൽ ഇരുന്ന് രവി പറഞ്ഞു.
വളരെയധികം ഉത്തരവാദിത്തങ്ങൾ വളരെ വേഗത്തിൽ ഏൽപ്പിക്കപ്പെട്ട ഒരാളുടെ ഉത്കണ്ഠ അവന്‍റെ
കണ്ണുകളിൽ കാണാമായിരുന്നു. "എന്‍റെ പിതാവായിരുന്നു
നേതാവ്. ഞാൻ അദ്ദേഹത്തെ പിന്തുടകയായിരുന്നു.''
കൃഷിയിടത്തിൽ വിതയ്ക്കൽ പോലെ കൂടുതൽ വൈദഗ്ദ്ധ്യം
ആവശ്യമുള്ള ജോലിയിൽ അർജുൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതേസമയം അദ്ധ്വാനം കൂടുതൽ
വേണ്ടിവരുന്ന ജോലികളാണ് രവി ചെയ്തു പോന്നത്. ജൂൺ പകുതിയോടെ ആരംഭിച്ച ഈ വർഷത്തെ
വിതയ്ക്കൽ സീസണിൽ പിതാവിന്‍റെ ജോലിയും രവിക്ക് ഏറ്റെടുക്കേണ്ടി വന്നു. അദ്ദേഹത്തെ
സംബന്ധിച്ചിടത്തോളം കാർഷിക സീസണമായി ബന്ധപ്പെട്ട് ഭയപ്പെടുത്തുന്ന ഒരു
തുടക്കമായിരുന്നു അത് - അദ്ദേഹത്തിന് പിന്തുടരാൻ ഒരു നേതാവ് ഉണ്ടായിരുന്നില്ല.
തിരിഞ്ഞുനോക്കുമ്പോൾ, അഞ്ച് ദിവസം, 200 കിലോമീറ്റർ, 27,000 രൂപ. റെംഡെസിവിറിനായുള്ള ഭ്രാന്തമായ തിരച്ചിലിൽ രവിക്കു നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്ന് കണക്കുകൂട്ടാൻ പോലും തുടങ്ങിയിട്ടില്ല.
പരിഭാഷ: അനിറ്റ് ജോസഫ്