ഓട്ടോറിക്ഷയിലെ പിൻസീറ്റ് മാറ്റി, 700 കിലോഗ്രാം തണ്ണിമത്തൻ കയറ്റുകയാണ് ഗുദാപുരി ബലരാജു. സ്വന്തം ഗ്രാമമായ വെമ്പഹാഡിൽനിന്ന് 30 കിലോമീറ്ററകലെയുള്ള കൊപ്പോളെ ഗ്രാമത്തിലെ വെള്ളിദണ്ഡുപാഡുവിലെ ഒരു കർഷകനിൽനിന്ന് ഇപ്പോൾ വാങ്ങിയതേയുള്ളു അയാൾ ആ തണ്ണിമത്തനുകൾ.

നൽഗൊണ്ട ജില്ലയിൽ‌പ്പെടുന്ന നിദമനുർ മണ്ഡലിലെ വിവിധ ഗ്രാമങ്ങളിൽ ഓട്ടോറിക്ഷ ഓടിച്ച് 1 കിലോവിനും 3 കിലോവിനുമിടയിൽ വരുന്ന തണ്ണിമത്തനുകൾ അയാൾ വിൽക്കുന്നത് 10 രൂപയ്ക്കാണ്. പഴങ്ങൾ വിൽക്കാനില്ലാത്ത സമയത്ത് അയാൾ ആളുകളെ ഓട്ടോയിൽ കൊണ്ടുപോകും. ചിലർ അയാളെ ഒഴിവാക്കും. ‘കൊറോണ കായ’ എന്നാണ് അവർ അതിനെ വിളിക്കുക എന്ന് 28 വയസ്സുള്ള ബലരാജു പറയുന്നു. “തണ്ണിമത്തന്‍റെ കൂടെ കൊറോണയും കൊണ്ടുവരികയാണോ? നീ ഇനി ഇവിടെ വരരുത്” എന്നാണത്രെ അവർ പറയുന്നത്.

മാർച്ച് 23-നുശേഷം – അന്നാണത്രെ തെലങ്കാനയിൽ കോവിഡ്-19-ന്‍റെ അടച്ചുപൂട്ടൽ തുടങ്ങിയത്- ദിവസത്തിൽ 600 രൂപ പോലും തികച്ച് കിട്ടിയിട്ടില്ല. അതിനുമുൻപ്, ആഴ്ചയിൽ ചില ദിവസങ്ങളിൽ 1,500 രൂപവരെ കിട്ടിയിരുന്നതാണ്. ജനുവരി ആദ്യവാരത്തിലാണ് തണ്ണിമത്തൻ കൃഷി നടത്തുന്നത്. രണ്ട് മാസത്തിനുശേഷം വിളവെടുക്കുകയും ചെയ്യും.

ആളുകളുടെ പെരുമാറ്റവും വിൽ‌പ്പനയിലെ മാന്ദ്യവും എല്ലാംകൂടി ആലോചിക്കുമ്പോൾ പുറത്ത് പോകാൻ തോന്നുന്നില്ലെന്ന് ബലരാജു പറയുന്നു. ഏപ്രിലിൽ വാങ്ങിയ തണ്ണിമത്തനുകൾ ഒന്ന് വിറ്റുകിട്ടിയാൽ മതി എന്നായിരിക്കുന്നു അയാൾക്ക്.

തണ്ണിമത്തനുകൾ പറിച്ച് ട്രക്കുകളിൽ കയറ്റുന്നവർ മിക്കവരും സ്ത്രീകളാണ്. ദിവസക്കൂലിയാണ് അവർക്ക്. ഒരു 10 ടൺ ട്രക്കിൽ തണ്ണിമത്തൻ നിറയ്ക്കുന്നതിന് 7-8 സ്ത്രീകളടങ്ങുന്ന ഒരു സംഘത്തിന് കിട്ടുക 4,000 രൂപയാണ്. അവർ അത് അവർക്കിടയിൽ തുല്യമായി പങ്കുവെക്കും. ദിവസത്തിൽ രണ്ട്, പരമാവധി മൂന്ന് ട്രക്കുകളാണ് നിറയ്ക്കാൻ പറ്റുക. അടച്ചുപൂട്ടലിനുശേഷം, തെലങ്കാനയിലെ പട്ടണങ്ങളില്‍ തണ്ണിമത്തൻ വിതരണം ചെയ്യുന്ന ട്രക്കുകളുടെ എണ്ണത്തിൽ കുറവ് വന്നതിനുശേഷം, ആ വഴിക്കുള്ള വരുമാനത്തിലും ഇടിവുണ്ടായിരിക്കുന്നു.

Left: 'Some are calling it ‘corona kaya’ [melon]', says Gudapuri Balaraju, loading his autorickshaw with watermelons in Vellidandupadu hamlet. Right: The decline in the trade in watermelon, in great demand in the summers, could hit even vendors
PHOTO • Harinath Rao Nagulavancha
Left: 'Some are calling it ‘corona kaya’ [melon]', says Gudapuri Balaraju, loading his autorickshaw with watermelons in Vellidandupadu hamlet. Right: The decline in the trade in watermelon, in great demand in the summers, could hit even vendors
PHOTO • Harinath Rao Nagulavancha

ഇടത്ത് : ‘ചിലർ ഇതിനെ കൊറോണ കായ എന്നാണ് വിളിക്കുന്നത്’ വെള്ളിദണ്ഡുപാഡുവിലെ കുഗ്രാമത്തിൽ ഓട്ടോറിക്ഷയിൽ തണ്ണിമത്തനുകൾ കയറ്റിക്കൊണ്ട് ഗുഡപുരിയിലെ ബലരാജു പറയുന്നു. വലത്ത്: വേനൽക്കാലത്ത് ധാരാളം ചിലവാകുന്ന തണ്ണിമത്തനുകളുടെ കച്ചവടത്തിൽ വന്ന മാന്ദ്യം കച്ചവടക്കാരെപ്പോലും പ്രതികൂലമായി ബാധിച്ചേക്കും.

മാർച്ച് 29-ന് കിഴക്കൻ ഹൈദരബാദിലെ കൊത്തപ്പേട്ട് ചന്തയിൽ തണ്ണിമത്തൻ നിറച്ച 50 ട്രക്കുകളാണ് ആകെ വന്നതെന്ന് പ്രാദേശികപത്രം പറയുന്നു. അടച്ചുപൂട്ടലിന് മുൻപ്, വിളവെടുപ്പ് കാലത്ത്, ദിവസവും 500 മുതൽ 600 ട്രക്കുകൾവരെ, തെലങ്കാനയുടെ വിവിധ ജില്ലകളിൽനിന്ന്, പ്രത്യേകിച്ചും നൽഗൊണ്ട, മഹബൂബ്നഗർ തുടങ്ങിയ ജില്ലകളിൽനിന്ന് കൊത്തപ്പെട്ട് ചന്തയിൽ എത്താറുണ്ടായിരുന്നുവെന്ന് മിരിയാലഗുഡ പട്ടണത്തിലെ മധു കുമാര്‍ എന്ന വ്യാപാരി പറഞ്ഞു. ഏതാണ്ട് 10 ടൺ തണ്ണിമത്തനുകളാണ് ഓരോ ട്രക്കിലും ഉണ്ടാവുക. “പലതും ചെന്നൈ, ബംഗളുരു, എന്നുതുടങ്ങി ദില്ലിക്കുപോലും പോകാറുണ്ടായിരുന്നു”, കുമാർ പറഞ്ഞു. പട്ടണങ്ങളിലും വൻ‌നഗരങ്ങളിലുമുള്ള മൊത്തക്കച്ചവടക്കാർക്ക് തണ്ണിമത്തനുകൾ വിൽക്കുന്ന ആളാണ് കുമാർ.

അടച്ചുപൂട്ടലിനുശേഷം മൊത്തവിലയിലും വലിയ ഇടിവ് വന്നിരിക്കുന്നു. അടച്ചുപൂട്ടലിന് മുൻപ് ടണ്ണിന് 6,000 മുതൽ 7,000 രൂപവരെ ഉണ്ടായിരുന്നത്, ഇപ്പോൾ, നൽഗൊണ്ടയിലെ ഗുരും‌പോഡ് മണ്ഡലിൽ ഉൾപ്പെടുന്ന കൊപ്പോളെ ഗ്രാമത്തിലുള്ള ബുഡ്ഡറെഡ്ഡിഗുഡ ഊരിലെ ബൊല്ലാം യാദയ്യ എന്ന കർഷകനിൽനിന്ന് കുമാർ വാങ്ങുന്നത് 3,000 രൂപയ്ക്കാണ്.

അടച്ചുപൂട്ടൽമൂലം ഉണ്ടായ ഭീമമാ‍യ നഷ്ടം സംസ്ഥാനത്തിലെ തണ്ണിമത്തൻ കർഷകരെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുന്നു. നൽഗൊണ്ട ജില്ലയിലെ കംഗൽ മണ്ഡലിലെ തുർക്കപള്ളി ഗ്രാമവാസിയായ 25 വയസ്സുകാരൻ ബൈരു ഗണേഷ് അവരിലൊരാളാണ്.

കാലാവസ്ഥയോടും കീടങ്ങളോടും മല്ലിട്ട് വളരുന്ന ഒരു പ്രത്യേക സങ്കരയിനം തണ്ണിമത്തനുകളാണ് ഗണേഷ് കൃഷി ചെയ്യുന്നത്. നല്ല മൂലധനം ആവശ്യമുള്ളവയാണ് ആ ഇനം. ഒരു ഏക്കർ കൃഷി ചെയ്യാൻ, വിത്തുകളും, വളവും, മരുന്നുകളും, വിളവിറക്കലും, കളപറിക്കലും എല്ലാം‌കൂടി 50,000 മുതൽ 60,000 രൂപവരെ ചിലവുണ്ട്. 2019-ലെ വേനൽക്കാലത്ത് അയാൾ ഏകദേശം 150,000 രൂപ ലാഭമുണ്ടാക്കി. ടണ്ണിന് ഏതാണ്ട് 10,000 രൂപയാണ് അന്ന് കിട്ടിയത്.

Left: The number of trucks taking watermelon to the cities of Telangana has reduced, so the wages of labouters who load the fruit have shrunk too. Right: Only the perfectly smooth and green melons are being picked up by traders; the others are sold at discounted rates or discarded
PHOTO • Harinath Rao Nagulavancha
Left: The number of trucks taking watermelon to the cities of Telangana has reduced, so the wages of labouters who load the fruit have shrunk too. Right: Only the perfectly smooth and green melons are being picked up by traders; the others are sold at discounted rates or discarded
PHOTO • Harinath Rao Nagulavancha

ഇടത്ത് : തെലങ്കാനയിലെ പട്ടണങ്ങളിലേക്ക് തണ്ണിമത്തൻ കൊണ്ടുപോകുന്ന ട്രക്കുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ട്രക്കുകളിൽ തണ്ണിമത്തൻ കയറ്റുന്നവരുടെ വരുമാനവും ഇടിഞ്ഞു. വലത്ത്: നല്ല മിനുസമുള്ള പച്ച തണ്ണിമത്തനുകൾ മാ‍ത്രമാണ് വ്യാപാരികൾ തിരഞ്ഞെടുക്കുന്നത്. മറ്റുള്ളവ വിലകുറച്ച് വിൽക്കുകയോ കളയുകയോ ചെയ്യും.

ഇക്കൊല്ലവും അതേ ലാഭം കിട്ടുമെന്നായിരുന്നു ഗണേഷിന്‍റെ പ്രതീക്ഷ. അതിനാൽ, മാർച്ചിനും ജൂണിനുമിടയിൽ മൂന്ന് ഘട്ടങ്ങളിലായി കൃഷി ചെയ്യാൻ ഒമ്പതേക്കറാണ് പാട്ടത്തിനെടുത്തത്. ഒരേക്കറിൽനിന്ന് 15 ടണ്ണിനടുത്ത് കിട്ടാറുണ്ട് പൊതുവെ. അതിൽ ശരാശരി 10 ടൺ, നല്ല മിനുസവും ഭാരവും വലിപ്പവുമുള്ളവയായിരിക്കും. പരിക്കുകളൊന്നും ഇല്ലാത്തവ. മധുകുമാറിനെപ്പോലെയുള്ള വ്യാപാരികൾ വലിയ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ തണ്ണിമത്തനുകൾ അയയ്ക്കും. ഓട്ടോറിക്ഷയിൽ വിൽക്കുന്ന ബലരാജുവിനെപ്പോലെയുള്ള ഒഴിവുസമയവിൽ‌പ്പനക്കാരാകട്ടെ, കുറഞ്ഞ വിലയ്ക്ക് കർഷകരിൽനിന്ന് കിട്ടുന്ന ‘ബാക്കിവരുന്ന‘ തണ്ണിമത്തനുകൾ ചെറുകിട ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൊണ്ടുപോയി വിൽക്കും.

ഒരേയിടത്ത് തുടർച്ചയായി രണ്ടാം തവണയും തണ്ണിമത്തൻ കൃഷിചെയ്താൽ ശരാശരി വിളവ് ഏഴ് ടണ്ണായി ചുരുങ്ങും. മൂന്നാമതും അവിടെത്തന്നെ ചെയ്താൽ പിന്നെയും താഴും. നട്ടതിനുശേഷം 60-65 ദിവസങ്ങൾക്കുള്ളിൽ വിളവെടുത്തില്ലെങ്കിൽ ഉത്പന്നം ഒന്നാകെ പഴുത്ത് ഉപയോഗശൂന്യമാകും. വളവും കീടനാശിനികളും സമയത്തിനും കൃത്യമായും ഉപയോഗിച്ചില്ലെങ്കിലാകട്ടെ, പഴങ്ങൾക്ക് ആകൃതിയും ഭാരവും വലിപ്പവും ഉണ്ടാവുകയുമില്ല.

മുഴുവൻ പൈസയും കൊടുത്താലേ കർഷകർക്ക് ഈ വളവും കീടനാശിനികളും ലഭിക്കൂ. “തണ്ണിമത്തന് ആരും കടം തരില്ല. മധുരനാരങ്ങയ്ക്കും നെല്ലിനും കിട്ടും. തണ്ണിമത്തന്‍റെ നഷ്ടസാധ്യത അവർക്കറിയാം”, 2019-ൽ തണ്ണിമത്തൻ കൃഷി തുടങ്ങിയ തുർക്കപള്ളി ഗ്രാമത്തിലെ ചിന്തല യദ്ദമ്മ പറഞ്ഞു. “വേറെ എവിടെനിന്നെങ്കിലും കടം വാങ്ങുകയാണ് എളുപ്പം”, ഉയർന്ന പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരെയാണ് അവർ ഉദ്ദേശിച്ചത്.

തണ്ണിമത്തൻ കൃഷിയുടെ വർദ്ധനവ് മൂലം അടച്ചുപൂട്ടലിന് മുമ്പുതന്നെ വിലകൾ ഇടിയാൻ തുടങ്ങി എന്ന് ഇവിടെയുള്ള കർഷകർ പറയുന്നു. സാധനം കൂടുതൽ വരാൻ തുടങ്ങിയപ്പോൾ വില നിശ്ചയിക്കാനും വിലപേശാനുമുള്ള വ്യാപാരികളുടെ ശേഷി വർദ്ധിച്ചതും മാർച്ച് ആദ്യവാരത്തെ വിലയിടിവിന് കാരണമായിട്ടുണ്ടെന്ന് കർഷകർ സൂചിപ്പിച്ചു.

ഞാൻ സംസാരിച്ച പല കർഷകരും ഈ തണ്ണിമത്തൻ കൃഷിയെ ചൂതുകളിയും ശീട്ടുകളിയുമൊക്കെയായിട്ടാണ് താരത‌മ്യം ചെയ്യുന്നത്. ഈ നഷ്ടസാധ്യതകളൊന്നും എന്നിട്ടും അവരെ കൃഷിയിൽനിന്ന് നിരുത്സാഹപ്പെടുത്തിയില്ല. ഈ വർഷത്തെ വിളവ് നന്നായിരിക്കുമെന്നുതന്നെയാണ് എല്ലാവരുടേയും വിശ്വാസം.

Left: Bairu Ganesh delayed harvesting his first three-acre crop by around a week – hoping for a better price. Right: The investment-heavy hybrid variety of watermelons grown in Ganesh's farm
PHOTO • Harinath Rao Nagulavancha
Left: Bairu Ganesh delayed harvesting his first three-acre crop by around a week – hoping for a better price. Right: The investment-heavy hybrid variety of watermelons grown in Ganesh's farm
PHOTO • Harinath Rao Nagulavancha

ഇടത്ത് : മൂന്നേക്കറിൽ ആദ്യമായി നടത്തുന്ന കൃഷി, നല്ല വില കിട്ടുമെന്ന പ്രതീക്ഷയിൽ ബൈരു ഗണേഷ് ഇത്തവണ ഒരാഴ്ചത്തേക്ക് വൈകിപ്പിച്ചു. വലത്ത്: ഗണേഷിന്‍റെ പാടത്ത് ഉത്പാദിപ്പിച്ച, നല്ല മൂലധനം ആവശ്യമുള്ള സങ്കരയിനം തണ്ണിമത്തനുകൾ.

മൂന്നേക്കറിൽ ആദ്യമായി നടത്തുന്ന കൃഷി, നല്ല വില കിട്ടുമെന്ന പ്രതീക്ഷയിൽ ബൈരു ഗണേഷ് ഇത്തവണ ഒരാഴ്ചത്തേക്ക് വൈകിപ്പിച്ചു ടൺ‌കണക്കിന് തണ്ണിമത്തനുകൾ പറിച്ച് ശേഖരിച്ചുവെക്കുന്നത് നല്ലതല്ല. ടണ്ണിന് 6,000 രൂപ കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു ട്രക്കിൽ കൊള്ളാവുന്നയത്രയും തണ്ണിമത്തനുകൾ (ഏതാണ്ട് 10 ടൺ) മാർച്ച് ആദ്യം, വിളവെടുക്കാതെ ബാക്കിനിർത്തി. അപ്പോഴേക്കും അതൊക്കെ അധികം പഴുത്ത് വിലയും കുത്തനെ ഇടിഞ്ഞു.

മാർച്ച് ആദ്യവാരം, തണ്ണിമത്തനെടുക്കാൻ വന്ന വ്യാപാരി ഓരോന്നോരോന്നായി വലിച്ചെറിയാൻ തുടങ്ങി. ആദ്യമൊക്കെ മിണ്ടാതെ ഇത് കണ്ടുനിന്ന ഗണേഷ് ഒടുവിൽ ക്ഷമ നശിച്ച്, തണ്ണിമത്തനുകൾ തരംതിരിക്കുന്ന ആളുടെ നേരെ കല്ലെടുത്തെറിഞ്ഞു.

“കുട്ടികളെ നോക്കുന്നതുപോലെ വളർത്തിയ കൃഷിയാണ്. കുറുക്കന്മാരുടെ ആക്രമണത്തിൽനിന്ന് അതിനെ സംരക്ഷിക്കാൻ ഒരു മാസം മുഴുവൻ ഈ പാടത്തുതന്നെ ഞാൻ രാത്രി ഉറങ്ങി. എന്നിട്ട് അയാൾക്കെങ്ങിനെ ഈ വിധത്തിൽ പെരുമാറാൻ കഴിഞ്ഞു? അധികം പഴുത്ത പഴങ്ങൾ അയാൾക്ക് നിലത്ത് വെക്കാമായിരുന്നു. വേറെ ആർക്കെങ്കിലും ഞാനത് കുറഞ്ഞ വിലയ്ക്ക് വിൽക്കുമായിരുന്നില്ലേ?”

ഇതെല്ലാം നടന്നത് കോവിഡ് 19 അടച്ചുപൂട്ടലിന് മുൻപാണ്.

“ഈ വർഷം നൽഗൊണ്ടയിൽ ഏതാണ്ട് 5000 ഏക്കറിൽ തണ്ണിമത്തൻ കൃഷി ചെയ്യും” മാർച്ച് ആദ്യവാരം വെള്ളിദണ്ഡുപെട്ടിയിലെ ഒരു വിത്ത് സ്ഥാപനത്തിന്‍റെ വിൽ‌പ്പനക്കാരനോട് സംസാരിച്ചപ്പോൾ അയാൾ കണക്കുകൂട്ടിയതാണ്. ടണ്ണിന് 3,000 രൂപയ്ക്കാണ് ബുഡ്ഡറെഡ്ഡി കുഗ്രാമത്തിലെ ബൊല്ലാം യാദയ്യയിൽനിന്ന് മധുകുമാർ തണ്ണിമത്തൻ വാങ്ങിയത്. ആ വില തുടർന്നാൽ, ആദ്യമായി കൃഷി ചെയ്യുന്ന കർഷകർക്ക് ഏക്കറിന് 20,000 രൂപ നഷ്ടം വരും. ആദ്യത്തെ മൂന്ന് ഏക്കറിൽനിന്ന് ചുരുങ്ങിയത് 30,000 രൂപയെങ്കിലും നഷ്ടം വരുമെന്നാണ് ഗണേഷ് കണക്കാക്കുന്നത്. അടച്ചുപൂട്ടൽക്കാലമായതിനാൽ, വിലപേശാനാവത്ത സ്ഥിതിയിലാണ് അയാളും അയാളെപ്പോലെയുള്ള മറ്റ് കർഷകരും.

Left: Chintala Yadamma and her husband Chintala Peddulu with their watermelon crop. Right: 'How can I leave it now? I have invested Rs. 150,000 so far', says Bommu Saidulu, who was spraying insecticide in his three-acre crop when I met him
PHOTO • Harinath Rao Nagulavancha
Left: Chintala Yadamma and her husband Chintala Peddulu with their watermelon crop. Right: 'How can I leave it now? I have invested Rs. 150,000 so far', says Bommu Saidulu, who was spraying insecticide in his three-acre crop when I met him
PHOTO • Harinath Rao Nagulavancha

ഇടത്ത് : ചിന്തല യദ്ദമ്മയും ഭർത്താവ് ചിന്തല പെഡ്ഡുലുവും തങ്ങളുടെ തണ്ണിമത്തൻ കൃഷിയിൽ. വലത്ത്: “എനിക്കെങ്ങിനെ ഉപേക്ഷിക്കാനാവും? ഇതുവരെയായി 150,000 രൂപ ഞാൻ മുടക്കിക്കഴിഞ്ഞു” ബൊമ്മു സൈദലു പറഞ്ഞു. ഞാൻ കാണുമ്പോൾ, തന്‍റെ മൂന്നേക്കർ കൃഷിയിൽ കീടനാശിനി തളിക്കുകയായിരുന്നു അയാൾ.

മാത്രമല്ല, ഈ കച്ചവടത്തിൽ പലപ്പോഴും ഉത്പന്നം വിറ്റുകഴിഞ്ഞിട്ടേ വ്യാപാരികൾ കർഷകർക്ക് പണം കൊടുക്കാറുള്ളു. അടച്ചുപൂട്ടൽ കാലത്ത് ഈ രീതി വ്യാപകവുമായിരിക്കുന്നതിനാൽ കർഷകർ കൂടുതൽ അനിശ്ചിതാവസ്ഥയിലാണ്,

ഈ അടച്ചുപൂട്ടലും പലതരത്തിലുള്ള തിരിച്ചടികളുമുണ്ടായിട്ടും, വേനൽക്കാലത്ത് വിലയും ആവശ്യവും പതുക്കെ ഉയരുമെന്ന ആത്മവിശ്വാസത്തിലാണ് പല കർഷകരും.

ചിലവ് കുറയ്ക്കാനായി, പല കർഷകരും ഇപ്പോൾ വളം ഉപയോഗിക്കുന്നില്ല. തണ്ണിമത്തനുകൾക്ക് കൃത്യമായ ഇടവേളകളിൽ വളം ആവശ്യമാണെങ്കിലും. പകരം അവർ കീടനാശിനികൾ തളിക്കുകയും വെള്ളം നനയ്ക്കുകയും ചെയ്യുന്നു. അല്പം ഭംഗി കുറഞ്ഞാലും മോശമല്ലാത്ത വിളവ് കിട്ടുമെന്ന പ്രതീക്ഷയിൽ. മാർച്ച് 25-നും 27-നും പുറത്തിറക്കിയ ആഭ്യന്തരവകുപ്പിന്‍റെ നിർദ്ദേശങ്ങൾപ്രകാരം, വിത്തുകളും വളവും കീടനാശിനിയും വിൽക്കുന്ന കടകളെ അടച്ചുപൂട്ടലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും യാത്രാനിരോധനവും മറ്റും മൂലം, ഇടപാടുകാരെ കാണാനോ, സഞ്ചരിക്കാനോ പറ്റാത്തതിനാൽ പലർക്കും വളവും കീടനാശിനികളും വാങ്ങാന്‍ സാധിക്കുന്നില്ല.

“എനിക്കെങ്ങിനെ ഉപേക്ഷിക്കാനാവും? ഇതുവരെയായി 150,000 രൂപ ഞാൻ മുടക്കിക്കഴിഞ്ഞു” ബൊമ്മു സൈദലു പറഞ്ഞു. ഞാൻ കാണുമ്പോൾ, തന്‍റെ മൂന്നേക്കർ കൃഷിയിൽ കീടനാശിനി തളിക്കുകയായിരുന്നു അയാൾ.

ഏപ്രിലാവുമ്പോഴേക്കും തന്‍റെ രണ്ടാമത്തെ പറമ്പിൽനിന്ന് വിളവെടുക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്ന ഗണേഷ്, വിത്തിടാൻ പാകത്തിൽ മൂന്നാമത്തെ പറമ്പ് തയ്യാറാക്കുകയാണ്.

പരിഭാഷ: രാജീവ് ചേലനാട്ട്

Harinath Rao Nagulavancha

Harinath Rao Nagulavancha is a citrus farmer and an independent journalist based in Nalgonda, Telangana.

Other stories by Harinath Rao Nagulavancha
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat