2007 ജനുവരി 27-ന് ഈ കഥ ആദ്യമായി ഹിന്ദുവിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം, ഇന്നും അധികമൊന്നും മെച്ചപ്പെട്ടിട്ടില്ല ഗോണ്ടിയയിലെ ആ സ്ത്രീകളുടെ അവസ്ഥ. ആ സ്ത്രീകൾക്ക് ആദരമർപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര തൊഴിലാളിദിനമായ മേയ് 1-ന് ഞങ്ങൾ ഇത് പുന:പ്രസിദ്ധീകരിക്കുന്നു

തിരോരയിലെ വീട്ടിൽ ഒരുമിച്ചാന് കഴിയുന്നതെങ്കിലും, തന്റെ ആറുവയസ്സായ മകനോട് രേവന്തബായ് കാംബ്ലെ സംസാരിച്ചിട്ട് മാസങ്ങളായിട്ടുണ്ടാവണം. ബുരിബായ് നാഗ്പുരെയുടെ കാര്യവും ഏറെക്കുറെ അങ്ങിനെത്തന്നെയാണ്. മൂത്ത മകനെ, അവൻ ഉണർന്നിരിക്കുകയാണെങ്കിൽ ചിലപ്പോൾ അവർ കാണാറുണ്ടെന്നുമാത്രം. മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ നൂറുകണക്കിന് ഇതുപോലുള്ള സ്ത്രീകളിൽ വെറും രണ്ടുപേരാണ് അവർ. ദിവസത്തിൽ ഏകദേശം നാലുമണിക്കൂർ മാത്രമാണ് അവർ വീട്ടിൽ കഴിയുന്നത്. ഓരോ ആഴ്ചയിലും മൊത്തം 1,000 കിലോമീറ്ററിലധികം അവർ യാത്ര ചെയ്യുന്നു. ദിവസത്തിൽ 30 രൂപ സമ്പാദിക്കാൻ..

അവരുടെ വീടുകളിൽനിന്ന് റെയിൽ‌വേ സ്റ്റേഷനിലേക്ക് അവരോടൊപ്പം ഞങ്ങൾ യാത്ര ചെയ്യുമ്പോൾ രാവിലെ 6 മണിയായിരുന്നു സമയം. അതിനും രണ്ടുമണിക്കൂർ മുമ്പേ ഉറക്കമുണർന്നവരാണവർ. “രാവിലത്തെ എന്റെ പണിയൊക്കെ കഴിഞ്ഞു. വീട് അടിച്ചുവാരലും തുടയ്ക്കലും തുണി തിരുമ്പലും, ഭക്ഷണമുണ്ടാക്കലും എല്ലാം”, സന്തോഷത്തോടെ ബുരിബായ് പറയുന്നു. “അതുകൊണ്ട്, ഇനി നമുക്ക് വിശദമായി സംസാരിക്കാം”, ഞങ്ങൾ ചെല്ലുമ്പോൾ അവരുടെ വീട്ടിൽ എല്ലാവരും ഉറക്കമായിരുന്നു. “പാവങ്ങൾ, ക്ഷീണിച്ച് ഉറങ്ങുകയാണ്”, ബുരിബായ് പറയുന്നു. ബുരിബായിക്ക് ക്ഷീണമൊന്നുമില്ലേ? “ഉണ്ട്, പക്ഷേ ഞങ്ങൾക്ക് വെറെ വഴിയില്ലല്ലോ”.

വേറെ വഴിയില്ലാത്ത ധാരാളം സ്ത്രീകൾ വെറെയുമുണ്ടായിരുന്നു സ്റ്റേഷനിൽ. ഒരുതരത്തിൽ പറഞ്ഞാൽ, ഒരു അസാധാരണമായ സംഘമാണവർ. ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് പോവുന്ന കുടിയേറ്റത്തൊഴിലാളികളല്ല അവർ. പട്ടണങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് തൊഴിലന്വേഷിച്ച് ചെല്ലുന്ന, പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാത്ത തൊഴിലാളികളാണ് ആ സ്ത്രീകൾ. തെഹ്‌സിലിന്റെ ആസ്ഥാനമായ തിരോര പോലുള്ള ഉൾനാടൻ പട്ടണങ്ങളിൽനിന്ന് തൊഴിലന്വേഷിച്ച് ഗ്രാമങ്ങളിൽ പോയി കർഷകത്തൊഴിലാളികളായി അദ്ധ്വാനിക്കുന്നവരാണവർ. ജീവിതത്തിന്റെ നല്ലൊരു ഭാഗവും. ദിവസവും, വീട്ടിൽനിന്ന് 20 മണിക്കൂറോളം വിട്ടുനിന്നുകൊണ്ട്. വാരാന്ത്യ അവധിയൊന്നുമില്ല. തിരോരയിലാകട്ടെ, തൊഴിലും ലഭ്യമല്ല. “ബീഡി വ്യവസായം പോയതിനുശേഷം, അവർക്ക് ഇവിടെ പണി കിട്ടാൻ ബുദ്ധിമുട്ടായിരിക്കുന്നു”, ഗോന്തിയയിലെ കിസാൻ സഭയുടെ ജില്ലാ സെക്രട്ടറിയായ മഹേന്ദ്ര വാൽഡെ പറയുന്നു.

On the platform and in the train are more women like Buribai Nagpure (left) and Shakuntalabai Agashe (right), weary-eyed, hungry, half-asleep
PHOTO • P. Sainath
On the platform and in the train are more women like Buribai Nagpure (left) and Shakuntalabai Agashe (right), weary-eyed, hungry, half-asleep
PHOTO • P. Sainath

പകുതി ഉറങ്ങിയും വിശന്നുവലഞ്ഞും, ക്ഷീണിച്ച കണ്ണുകളോടെയും നിരവധി സ്ത്രീകളുണ്ട്, സ്റ്റേഷനിലും പ്ലാറ്റ്ഫോമിലുമായി. ബുരിബായ് നാഗ്പുരെ (ഇടത്ത്). ശകുന്തളബായ് അഗാഷെ (വലത്ത്) എന്നിവരെപ്പോലെ

പല സ്ത്രീകളും റെയിൽ‌വേ സ്റ്റേഷനിൽനിന്ന് അഞ്ചും അതിലധികവും കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. “എന്നുവെച്ചാൽ രാവിലെ 4 മണിയോടെ എഴുന്നേൽക്കേണ്ടിവരും”, 40 കഴിയാറായ ബുരിബായി പറയുന്നു. “വീട്ടിലെ പണിയൊക്കെ തീർത്ത് 7 മണിയോടെ ഞങ്ങൾ സ്റ്റേഷനിലേക്ക് നടക്കാൻ തുടങ്ങും”. അപ്പോഴാണ് വണ്ടി വരിക. അപ്പോൾ ഞങ്ങൾ, നാഗ്പുരിന്റെ ഉൾഭാഗത്തുള്ള സാൽ‌വയിലേക്ക് പോവുന്ന സംഘത്തിന്റെ കൂടെ അതിൽ കയറും. 76 കിലോമീറ്റർ ദൂരം പിന്നിടാൻ രണ്ടുമണിക്കൂർ വേണം. വിശന്നും, ക്ഷീണിച്ച കണ്ണുകളോടെയും പകുതി മയക്കത്തിലുമായി, പ്ലാറ്റ്ഫോമിലും തീവണ്ടിയിലും ധാരാളം സ്ത്രീകളുണ്ട്. മിക്കവരും ബോഗിയിലെ നടുവിലെ നടപ്പാതയിൽ നിലത്തിരുന്ന്, വശങ്ങളിൽ മുറുക്കെപിടിച്ച്, ലക്ഷ്യസ്ഥാനത്തെത്തും മുൻപ്, ഒരു ചെറിയ ഉറക്കം കിട്ടുമോ എന്നുള്ള ശ്രമത്തിലാണ്. 105-ഓളം വീടുകളും 500-നടുത്ത് താമസക്കാരുമുള്ള സാൽ‌വ, നാഗ്പുർ ജില്ലയിലെ മൌദ തെഹ്സിലിൽ‌പ്പെടുന്ന പ്രദേശമാണ്.

“രാത്രി 11 മണിക്ക് വീട്ടിൽ തിരിച്ചെത്തും”, 20 വയസ്സ് കഴിഞ്ഞ രേവന്തബായി പറയുന്നു. “ഉറങ്ങുമ്പോൾ അർദ്ധരാത്രിയാവും. പിറ്റേന്ന് അതിരാവിലെ 4 മണിക്ക് ആദ്യം ജോലി തുടങ്ങണം. എന്റെ ആറുവയസ്സുള്ള മകനെ കണ്ടിട്ട് കുറേക്കാലമായി”, എന്നിട്ടുമവർ ചിരിക്കുന്നു. “ചെറിയ കുട്ടികൾ പലർക്കും അവരുടെ അമ്മമാരെ കണ്ടാൽ തിരിച്ചറിയാൻ പറ്റിയില്ലെന്ന് വരും”, ചിലവ് താങ്ങാ‍നാവാത്തതുകൊണ്ട് കുട്ടികൾ പലരും പഠനം നിർത്തിയിരിക്കുന്നു. അല്ലെങ്കിൽ പഠിത്തതിൽ പിന്നാക്കമാണ്. “നോക്കാനോ, സഹായിക്കാനോ വീട്ടിൽ ആരുമില്ല”, ബുരിബായി സൂചിപ്പിക്കുന്നു. ഇളം പ്രായക്കാരായ കുട്ടികൾ കിട്ടുന്ന ജോലിയൊക്കെയെടുത്ത് കഴിയുന്നു.

“സ്വാഭാവികമായും അവർ പഠിക്കാൻ മോശമായിരിക്കും”, തിരോര ആസ്ഥാനമായി പ്രവർത്തിക്കുന്ന ലത പാപങ്കർ എന്ന അദ്ധ്യാപിക പറഞ്ഞു. “അതിന് അവരെ എങ്ങിനെ കുറ്റം പറയും?” പക്ഷേ മഹാരാഷ്ട്ര സർക്കാരിന് സാധിക്കുമെന്ന് തോന്നുന്നു. ഈ കുട്ടികളുടെ പഠനനിലവാരത്തെ ആശ്രയിച്ചായിരിക്കും സ്കൂളുകളെ വിലയിരുത്തുന്നതും അവയ്ക്കുള്ള ഫണ്ട് നിശ്ചയിക്കുന്നതും. റിസൽറ്റ് മോശമായാൽ, ഈ കുട്ടികളെ സഹായിക്കുന്ന അദ്ധ്യാപകർക്കുതന്നെയായിരിക്കും അതിന്റെ പഴിയും കേൾക്കേണ്ടിവരിക. അത് ആ കുട്ടികളുടെ സ്കൂൾ പഠനത്തെ പിന്നെയും പ്രതികൂലമായി ബാധിക്കുകയായിരിക്കും ഫലം.

കുലുങ്ങി സഞ്ചരിക്കുന്ന തീവണ്ടിയുടെ നിലത്തിരുന്ന് ഏകദേശം 50 വയസ്സ് തോന്നിക്കുന്ന ശകുന്തളാബായി അഗാഷെ പറയുന്നത്, കഴിഞ്ഞ 15 വർഷമായി താൻ ഈ തൊഴിലെടുക്കുന്നുവെന്നാണ്. ഉത്സവങ്ങൾക്കിടയിലോ മഴക്കാലത്തോ മാത്രമാണ് ഒരൊഴിവ് കിട്ടുക. “ചില ജോലികൾക്ക് ഞങ്ങൾക്ക് 50 രൂപവരെ കിട്ടാറുണ്ട്. പക്ഷേ അത് അപൂർവ്വമാണ്. മിക്കവാറും 25 – 30 രൂപ മാത്രമാണ് കിട്ടുക”, തങ്ങളുടെ പട്ടണത്തിൽ ജോലിയൊന്നും കിട്ടാനില്ലെന്ന് ആ സ്ത്രീകൾ പറയുന്നു.

Revantabai Kamble (in red, left), Shakuntalabai and Buribai (right) spend just four hours a day at home and travel over 1,000 kms each week to earn a few rupees
PHOTO • P. Sainath
Revantabai Kamble (in red, left), Shakuntalabai and Buribai (right) spend just four hours a day at home and travel over 1,000 kms each week to earn a few rupees
PHOTO • P. Sainath

രേവന്തബായി കാംബ്ലെയും (ഇടത്ത്, ചുവന്ന സാരിയിൽ), ശകുന്തളാബായി, ബുരിബായി എന്നിവരും (വലത്ത്) ദിവസവും വീട്ടിൽ ചിലവഴിക്കുന്നത് നാല് മണിക്കൂർ മാത്രമാണ്. തുച്ഛമായ വേതനത്തിനായി, ആഴ്ചയിൽ 1,000 കിലോമീറ്റർ അവർ സഞ്ചരിക്കുന്നു

അവിടെയുണ്ടായിരുന്ന പൈസയൊക്കെ നഗരങ്ങളിലേക്ക് പോയി. ഒരുകാലത്ത് അവിടെയുണ്ടായിരുന്ന വ്യവസായങ്ങളും അടച്ചുപൂട്ടി. ഉൾനാടൻ പട്ടണങ്ങൾ ജീർണ്ണാവസ്ഥയിലാണ്. മുൻ‌കാലങ്ങളിൽ ഈ സ്ത്രീകളിൽ മിക്കവരും ബീഡി വ്യവസായത്തിൽ തൊഴിൽ കണ്ടെത്തിയിരുന്നു. “അത് പോയതോടെ, ഞങ്ങളുടെ കാര്യം കഴിഞ്ഞു”, ബുരിബായി പരയുന്നു. “ബീഡി വ്യവസായമെന്നത്, എപ്പോഴും കുറഞ്ഞ കൂലിയുള്ളിടത്തേക്ക് പോവുന്ന ഒന്നാണ്”, ഈ മേഖലയിൽ പഠനം നടത്തിയിട്ടുള്ള മദ്രാസ് ഇൻസ്റ്റിട്യൂറ്റ് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ കെ.നാഗരാജ് പറയുന്നു. “അവർ അവരുടെ ആസ്ഥാനം പെട്ടെന്ന് മാറ്റുന്നു. മനുഷ്യരിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ ഭീകരമാണ്. കഴിഞ്ഞ 15 കൊല്ലമായി അത് വർദ്ധിക്കുകയും ചെയ്തിരിക്കുന്നു”. ബീഡി വ്യവസായത്തിന്റെ വലിയൊരു ഭാഗം “ഗോന്തിയയിൽനിന്ന് ഉത്തർപ്രദേശിലേക്കും ചത്തീസ്ഗഡിലേക്കും പോയിരിക്കുന്നു’വെന്ന് കിസാൻ സഭയുടെ പ്രദീപ് പാപങ്കർ പറയുന്നു.

“ഏയ്, ഞങ്ങൾ ടിക്കറ്റൊന്നും എടുക്കാറില്ല”, സ്ത്രീകൾ പറയുന്നു. “അങ്ങോട്ടുമിങ്ങോട്ടും പോവാനുള്ള ടിക്കറ്റിന് ഞങ്ങൾ സമ്പാദിക്കുന്ന 30 രൂപയിൽ കൂടുതൽ കൊടുക്കേണ്ടിവരും. ഞങ്ങളുടെ കൈയ്യിൽ ഒരു സൂത്രപ്പണിയുണ്ട്. പിടിച്ചുകഴിഞ്ഞാൽ, ടിക്കറ്റ് പരിശോധകന് 5 രൂപ കൈക്കൂലി കൊടുക്കും”, ടിക്കറ്റ് വില്പന സ്വകാര്യവത്ക്കരിച്ചുകഴിഞ്ഞു. “ഞങ്ങൾക്ക് ടിക്കറ്റെടുക്കാൻ ആവില്ലെന്ന് അറിയാവുന്നതിനാൽ അവർ ഞങ്ങളെ പിഴിയുന്നു”.

“ചിലപ്പോൾ എന്റെ മൂത്ത മോൻ അവന്റെ സൈക്കിളിൽ എന്നെ സ്റ്റേഷനിലെത്തിക്കും. എന്നിട്ട് അവൻ അവിടെയെവിടെയെങ്കിലും പകൽ‌സമയങ്ങളിൽ തങ്ങി, കൈയ്യിൽ കിട്ടുന്ന ജോലി ചെയ്യും. എന്റെ മകൾ വീട്ടിൽ ഭക്ഷണമുണ്ടാക്കും. രണ്ടാമത്തെ മകൻ മൂത്തവനുള്ള ഭക്ഷണം കൊണ്ടുപോകും. ചുരുക്കം പറഞ്ഞാൽ, ഒരാളുടെ കൂലിക്കുവേണ്ടി മൂന്നുപേർ ജോലി ചെയ്യുന്ന അവസ്ഥയാണ്”. എന്നിട്ടും, അവരുടെ ഭർത്താവടക്കം അഞ്ചുപേരും ചേർന്ന് ഒരു ദിവസം ജോലി ചെയ്താൽ പരമാവധി കിട്ടുന്നത് ഒരുപക്ഷേ 100 രൂപയിൽത്താഴെമാത്രമായിരിക്കും. ചില ദിവസങ്ങളിൽ രണ്ടുപേർക്ക് മാത്രമായിരിക്കും എന്തെങ്കിലും ജോലി തടയുക. ഈ കുടുംബത്തിന് ബി.പി.എൽ. റേഷൻ കാർഡും ഇല്ല.

വഴിയിലുള്ള സ്റ്റേഷനുകളിൽ, ചുരുങ്ങിയ വേതനത്തിന് ആളുകളെ കിട്ടാൻ തൊഴിൽക്കരാറുകൾ നിൽക്കുന്നുണ്ടാവും.

രാവിലെ 9 മണിക്ക് സാൽ‌വയിലെത്തിയ ഞങ്ങൾ ഒരു കിലോമീറ്റർ ദൂരം താണ്ടി ഗ്രാമത്തിലെ ഭൂവുടമയായ പ്രഭാകർ വഞ്ജാരെയുടെ വീട്ടിൽ അല്പനേരം നിന്ന്, കൃഷിയിടത്തേക്കുള്ള അടുത്ത 3 കിലോമീറ്റർ ദൂരം നടന്നു. ആ മൂന്ന് കിലോമീറ്റർ ദൂരം താണ്ടുമ്പോൾ, ബുരിബായിയുടെ തലയിൽ വെള്ളം നിറച്ച ഒരു വലിയ കുടവുമുണ്ടായിരുന്നു. എന്നിട്ടും നടത്തത്തിൽ അവർ ഞങ്ങളേക്കാൾ മുമ്പിലെത്തി.

Shakuntalabai and Buribai: their families are asleep when the women get home, and asleep when they leave in the mornings
PHOTO • P. Sainath
Shakuntalabai and Buribai: their families are asleep when the women get home, and asleep when they leave in the mornings
PHOTO • P. Sainath

ശകുന്തളാബായിയും ബുരിബായിയും: രാത്രി വീട്ടിലെത്തുമ്പോഴേക്കും അവരുടെ കുടുംബങ്ങൾ ഉറങ്ങിയിട്ടുണ്ടാവും, രാവിലെ അവർ ജോലിക്ക് പോവുമ്പോഴും അവർ ഉറക്കത്തിലായിരിക്കും

ആരുടെ കൃഷിയിടത്തിലാണോ അവർ ജോലി ചെയ്യുന്നത്, ആ ആളുകളും ബുദ്ധിമുട്ടിലാണ്. കാർഷികപ്രതിസന്ധി വഞ്ജാരെയേയും ബാധിച്ചിരിക്കുന്നു. 3 ഏക്കർ സ്വന്തമായുള്ള അയാൾ 10 ഏക്കർ പാട്ടത്തിനെടുത്തിരിക്കുകയാന്. “വില കുതിച്ചുയരുന്നു. ഞങ്ങൾക്ക് ഒന്നും സമ്പാദിക്കാൻ കഴിയുന്നില്ല”, അയാൾ പരാതിപ്പെടുന്നു. ആ ഗ്രാമത്തിലെ തൊഴിലാളികളാകട്ടെ, മറ്റെവിടേക്കൊക്കെയോ കുടിയേറുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് ഈ സ്ത്രീകൾ ഇവിടേക്ക് വരാൻ കഴിയുന്നത്.

കലുഷിതമായ പരുത്തിമേഖലയിൽനിന്നും ദൂരെയുള്ള കിഴക്കൻ വിദർഭയാണ് ഈ പ്രദേശം. അരിയും, മുളകും മറ്റും കൃഷി ചെയ്യുകയാണ് വഞ്ജാരെ. ഇപ്പോൾ ഈ സ്ത്രീകളെ അയാൾ എടുത്തിരിക്കുന്നത്, കള പറിക്കാനാണ്. വൈകീട്ട് 5.30 വരെ അവർ പണിയെടുക്കും. ഒരു മണിക്കൂർ കഴിഞ്ഞാൽ അവർ സ്റ്റേഷനിലെത്തും.

“പക്ഷേ വണ്ടി വരുമ്പോൾ രാത്രി 8 മണിയാവും. അതിനാൽ തിരോരയിലെത്തുമ്പോൾ രാത്രി 10 മണിയാവും”, ബുരിബായി പറയുന്നു. അവർ വീട്ടിലെത്തുമ്പോൾ കുടുംബം ഉറക്കത്തിലായിരിക്കും. രാവിലെ അവർ ജോലിക്ക് പോവുമ്പോഴും വീട്ടുകാർ ഉണർന്നിട്ടുണ്ടാവില്ല. “എന്ത് കുടുംബജീവിതമാണ് ഉണ്ടാവുക?”, രേവന്താബായി ചോദിക്കുന്നു.

വീട്ടിലെത്തുമ്പോഴേക്കും അവർ 170 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടുണ്ടാവും. ആഴ്ചയിലെല്ലാ ദിവസവും ഇതാവർത്തിക്കുന്നു. വെറും 30 രൂപയ്ക്ക്. “വീട്ടിലെത്തുമ്പോഴേക്കും 11 മണിയായിട്ടുണ്ടാവും. കഴിക്കാനും ഉറങ്ങാനും”, ബുരിബായി പറയുന്നു. നാല് മണിക്കൂർ കഴിഞ്ഞാൽ മറ്റൊരു ദിവസം തുടങ്ങുകയായി.

പരിഭാഷ: രാജീവ് ചേലനാട്ട്

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat