‘നാട്ടിലെ പൊക്കം കൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവ ൻ,കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു .വെള്ളം! സർവത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി .വീട്ടു കാവലിന് ഒരാൾ വീട്ടിൽ വെള്ളമുണ്ടങ്കിൽ ഉണ്ട്.ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്തു 67 കുട്ടികളുണ്ട് .356 ആളുകൾ .പട്ടി ,പൂച്ച ,ആട് ,കോഴി മുതലായ വളർത്തു മൃഗങ്ങളും .എല്ലാം ഐക്യ മത്യ മായി കഴിയുന്നു ഒരു ശ ണ്ഠയുമില്ല.’.

1924ലെ പ്രളയത്തെ അടിസ്ഥാനമാക്കിയുള്ള തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ ഇപ്രകാരമാണ് ആരംഭിക്കുന്നത്.

കുട്ടികളുടെ ചിത്രീകരണങ്ങളിൽ ആകാശത്തു നിന്ന് പ്രവഹിച്ച വെള്ളം നദികളിലൂടെ ഒഴുകി, വീടുകളെ വളഞ്ഞു, പാടങ്ങളെ ആഴ്ത്തി. തങ്ങൾ നേരിട്ട ഭീകരമായ പ്രളയം അവരുടെ രചനകളിൽ സുവ്യക്തമായിരുന്നു.

ഈ ചിത്രങ്ങൾ പക്ഷെ ഒരു നൂറു വര്ഷങ്ങള്ക്കിപ്പുറമാണെന്ന വ്യത്യാസം മാത്രം - ഈ വര്ഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ തോരാതെ പെയ്ത മഴയെ തുടർന്ന് ഒരു നൂറ്റാണ്ടിൽ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് ശേഷം.

PHOTO • V. Sasikumar
PHOTO • V. Sasikumar

ഇടതു : ഗ്രാമങ്ങളിലേക്ക് നിരവധി സംഘടനകൾ ഭക്ഷണവും വെള്ളവും എത്തിച്ചു. വലതു: മഹാദേവികാട് ഗ്രാമത്തിലെ ഈ സർക്കാർ വിദ്യാലയം പ്രളയബാധിതരായ 326 കുടുംബങ്ങൾക്ക് അഭയമായി.

കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന കുട്ടനാട് പ്രദേശം ജൂലൈ മധ്യത്തോടു കൂടി വെള്ളപ്പൊക്ക കെടുതിയിലാഴ്ന്നപ്പോൾ - അടിക്കടി ഉയരുന്ന ജലനിരപ്പ്, ചെളി, പേടി എല്ലാം കൂടി കലർന്ന അവസ്ഥയിൽ - വിദ്യാലയങ്ങളും, സർക്കാർ ഓഫിസുകളും ദുരിതാശ്വാസ കേന്ദ്രങ്ങളായി.

ജൂലൈ 28നു കാർത്തികപ്പള്ളി താലൂക്കിലെ മഹാദേവികാട് ഗ്രാമത്തിൽ സർക്കാർ യു പി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഞാൻ സന്ദർശിച്ചു. പണ്ട് ഞാൻ പഠിച്ചിരുന്ന സ്കൂൾ ആണ്. 2018 ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ 362ഓളം ദുരിതബാധിത കുടുംബങ്ങൾക്ക് സ്കൂൾ വാസകേന്ദ്രമായി.

സമീപ ഗ്രാമങ്ങളിൽ നിന്നുള്ള കർഷക തൊഴിലാളികളുടെ മക്കൾ - 23 കുട്ടികൾ - ക്യാമ്പിൽ ഉണ്ടായിരുന്നു. അവരിൽ മിക്കവരും ആ ക്യാമ്പിൽ ഉണ്ടായിരുന്ന എല്ലാവരെയും പോലെ തന്നെ വിഷണ്ണരായിരുന്നു. അടുത്ത ദിവസം ഞാൻ ചായക്കൂട്ടുകളുമായി ചെന്നു. പേപ്പറും പേനകളും ചായപ്പേനകളും വിതരണം ചെയ്തു തുടങ്ങിയപ്പോൾ അവർ കൗതുകം പൂണ്ടു എന്റെ ചുറ്റും കൂടി. താമസിയാതെ അവർ പടം വരച്ചു, ചായം കൊടുക്കാൻ തുടങ്ങി. വീടുകൾ, പാടങ്ങൾ, സൂര്യൻ, കിളികൾ, മരങ്ങൾ, കാർമേഘങ്ങൾ, പൂമ്പാറ്റകൾ, ചെടികൾ, ആളുകൾ, പിന്നെ വെള്ളവും. തങ്ങളുടെ മക്കൾ വരച്ച ചിത്രങ്ങൾ കണ്ടു ചില അമ്മമാർ വിതുമ്പി.

PHOTO • V. Sasikumar
PHOTO • V. Sasikumar

ഇടതു : ഓഗസ്റ്റ് 24 നു തിരുവോണ ദിനം കുട്ടികൾ വരച്ച ചിത്രങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ചു. വലതു: വെള്ളം ഇറങ്ങിയപ്പോൾ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്നവർ.

ഓഗസ്റ്റ് 24 നു തിരുവോണ നാൾ ഞങ്ങൾ ഈ ചിത്രങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ചു. ആഘോഷങ്ങൾ ഇല്ലാതെ വിഷാദമൂകമായിരുന്നെങ്കിലും ഈ ചിത്രങ്ങൾ ആ ദിവസത്തിനു എന്തോ ഒരു പ്രസന്നത നൽകി.

കുട്ടികൾ പ്രളയത്തെപ്പറ്റി എഴുതുകയും ചെയ്തു. അവരിൽ ചിലരുടെ ഡയറിക്കുറിപ്പുകൾ ആണ് ഇനി:

വെള്ളപ്പൊക്കം ഡയറി കുറിപ്പുകളിൽ

'നാല് വശത്തു നിന്നും വെള്ളം ചെറുതായി കയറി കയറി വരുകയായിരുന്നു. അങ്ങനെ കയറി ഞങ്ങളുടെ ജംഗ്ഷനും വീടിത്തെ അകത്തും ഒക്കെ വെള്ളിയാഴ്ച വെള്ളം കയറി. അപ്പോഴായിരുന്നു രക്ഷാപ്രവർത്തകർ വലിയ കടലിലെ ഒരു ബോട്ടേൽ വന്നു ഞങ്ങളുടെ അവിടുള്ള ആളുകളെ ഒക്കെ ഒഴിപ്പിച്ചു. ഞങ്ങൾക്ക് വീട് വിട്ടു പോകാൻ ഒരു മനസ്സില്ലായിരുന്നു. വെള്ളം ഇനിയും പൊങ്ങും എന്ന് പേടിച്ചു ഞങ്ങൾ രക്ഷാപ്രവർത്തകരുടെ ബോട്ടേൽ കയറിപ്പോയി. ബോട്ട് പായിപ്പാട് പാലത്തിന്റെ അവിടെ ഇറക്കി ഒരു KSRTC ബസ്സിൽ കയറ്റി തൊട്ടുകടവ് സ്കൂളിൽ ഞങ്ങളെ ഇറക്കി. വന്നുടനെ ഞങ്ങൾക്ക് ആഹാരവും ഇടാൻ വസ്ത്രവും തന്നു. ഞങ്ങൾ ആഹാരവും കഴിച്ചു കയറി കിടന്നു ഉറങ്ങി. പിന്നെ അടുത്ത ദിവസം രാവിലെ ഞങ്ങൾക്ക് ഉപ്പുമാവ് തന്നു. പിന്നെ ഉച്ചക്ക് ഞങ്ങൾക്ക് ചോറ് തന്നു. പിന്നെ രാത്രിയിലും ചോറ് ഉണ്ട് കിടന്നു ഉറങ്ങി. ഏതു സമയവും ആഹാരവും തന്നെ. അങ്ങനെ സന്തോഷമായി ഞങ്ങൾ ക്യാമ്പിൽ തുടർന്നു.'

അഭിജിത് എസ്., 13, ആലപ്പുഴ ഹരിപ്പാട് ബ്ലോക്കിലെ ചെറുതന-ആയപറമ്പ് ഗ്രാമത്തിൽ നിന്ന്

PHOTO • V. Sasikumar
PHOTO • V. Sasikumar
PHOTO • V. Sasikumar
PHOTO • V. Sasikumar

മുകളിൽ ഇടതു വശത്തു (മുകളിൽ ഇടതു ): അഭിജിത് എസ് (13 വയസ്സ്, ക്‌ളാസ് 8), വീയാപുരം. മുകളിൽ വലത്: ആകാശ് എം. (14 വയസ്സ്, ക്ലാസ്സ് 9) ചെറുതന. താഴെ ഇടതു: ആര്യ ബി. (12 വയസ്സ്, ക്‌ളാസ് 7), നെടുമുടി. താഴെ വലതു: ആരോമൽ ബി. (8 വയസ്സ്, ക്‌ളാസ് 3), നെടുമുടി

'എന്റെ വീട്ടിൽ വെള്ളം പൊങ്ങി വന്ന ദിവസം ഓഗസ്റ്റ് സ്വാതന്ത്ര്യദിവസമായിരുന്നു. വെള്ളപ്പൊക്കം വരുന്നത് എനിക്ക് കുറച്ചൊക്കെ ഇഷ്ടമായിരുന്നു. സ്കൂൾ അവധി കിട്ടുമെന്ന് ഓർക്കുമ്പോൾ സന്തോഷമായിരുന്നു. വെള്ളം വീട്ടുമുറ്റത്തു നിന്ന് അകത്തേക്ക് കയറിയപ്പോൾ ബുദ്ധിമുട്ടുകൾ കൂടുകയായിരുന്നു. അച്ഛനും അമ്മയും വീട്ടിലുള്ള സാധനങ്ങൾ പൊക്കി വെച്ചു. കിടക്കുന്ന കട്ടിലിലും വെള്ളം കയറിയപ്പോൾ ഞങ്ങളുടെ കുറച്ചു കൂടി പൊക്കം വീടുള്ള അപ്പാപ്പയുടെ വീട്ടിലേക്കു മാറി. അവിടെയും അവസ്ഥ ഇങ്ങനെ. അവിടെ നിന്ന് ഇറങ്ങുമ്പോൾ കഴുത്തോളം വെള്ളമായിരുന്നു. വള്ളത്തിൽ ചെറുതന കടവിൽ എത്തി. ചെറുതന കടവിൽ ഞങ്ങൾ എത്തുമ്പോൾ ഞങ്ങളുടെ അടുത്തുള്ളവരെല്ലാം ചെറുതന പാലത്തിൽ വഞ്ചി കാത്തു നിൽക്കുകയായിരുന്നു. അവിടെ നിന്ന് വഞ്ചി കയറി ആറ്റിലൂടെയുള്ള യാത്ര ഭയാനകമായിരുന്നു. ഞാൻ പേടിച്ചു കരഞ്ഞു പോയി. അന്നേരം വെള്ളപ്പൊക്കം വേണ്ടായിരുന്നു എന്ന് ഒരുപാട് പ്രാർത്ഥിച്ചു. പ്രാചിപ്പാട് എത്തിയ ഞങ്ങൾ ബസ്സിൽ കയറി മഹാദേവികാട് സ്കൂളിൽ എത്തി.'

അതുൽ മോഹൻ , 10 , ആലപ്പുഴ ഹരിപ്പാട് ബ്ലോക്കിലെ ചെറുതന ഗ്രാമത്തിൽ നിന്ന്

'വെള്ളപ്പൊക്കം ഒരുപാട് കഷ്ടപ്പാട് ആണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങളുടെ വീട്ടിലെ എല്ലാ സാധനങ്ങളും വെള്ളത്തിനടിയിൽ ആയി.'

അഭിജിത് പി ., 10 , ആലപ്പുഴ ഹരിപ്പാട് ബ്ലോക്കിലെ ചെറുതന ഗ്രാമത്തിൽ നിന്ന്

PHOTO • V. Sasikumar
PHOTO • V. Sasikumar
PHOTO • V. Sasikumar
PHOTO • V. Sasikumar

മുകളിൽ ഇടതു വശത്തു: അശ്വതി ബൈജു (9 വയസ്സ്, ക്‌ളാസ് 4), നെടുമുടി. മുകളിൽ വലത്: അഭിജിത് പി. (10 വയസ്സ്, ക്ലാസ് 5), ചെറുതന. താഴെ ഇടതു: ആദിത്യൻ ബൈജു (9 വയസ്സ്, ക്ലാസ് 4), നെടുമുടി. താഴെ വലതു: അഖിലേഷ് എസ്. (6 വയസ്സ്, ക്ലാസ് 1), നെടുമുടി

'എന്റെ വീട്ടിൽ വെള്ളം പൊങ്ങി വന്ന ദിവസം ഓഗസ്റ്റ് 15നു ആണ്. അന്ന് എനിക്ക് സ്കൂളിൽ പോകാൻ പറ്റിയില്ല. അത് കഴിഞ്ഞു ഞാൻ വിചാരിച്ചു താഴുമെന്ന്. പക്ഷെ താന്നില്ല. പതിയെ പതി പടികൾ കയറി വരുവാൻ തുടങ്ങി. പിന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ വെള്ളം വീടിന്റെ അകത്തു വരാനായി നിന്നു. വൈകിട്ടു നോക്കിയപ്പോൾ വെള്ളം കേറാനായി നിൽക്കുന്നു. പക്ഷെ ഞങ്ങളുടെ ഭാഗ്യം രാത്രി കയറിയില്ല. രാവിലെ ആറു മണിക്ക് വെള്ളം വീട്ടിൽ  വരാൻ തുടങ്ങി. ആദ്യം അടുക്കളയിൽ കൂടിയാണ് വെള്ളം വന്നത്. പിന്നെ ഞങ്ങളുടെ ഹാളിൽ മുറിയിൽ അങ്ങനെ എല്ലാ ഇടത്തും പടർന്ന് കേറാൻ തുടങ്ങി. ഞങ്ങളുടെ രണ്ടാമത്തെ മുറിയിൽ കേറി പകുതിയായപ്പളാണ് ഞങ്ങൾ പിന്നെ എന്റെ അച്ഛന്റെ അനിയന്റെ വീട്ടിൽ പോയി അവിടെ രണ്ടു മൂന്ന് ദിവസം താമസിച്ചു. മൂന്നാമത്തെ ദിവസം ഞങ്ങളുടെ ബന്ധുക്കൾ വന്നു. ബോട്ടുകൾ വന്ന ദിവസം വൈകിട്ട് ഞങ്ങളുടെ അച്ഛന്റെ അനിയന്റെ വീട്ടിൽ വെള്ളം കയറി. ഞങ്ങളുടെ ബന്ധുക്കൾ വന്ന വള്ളത്തിൽ ഞങ്ങളും ബന്ധുക്കളും രണ്ടു ട്രിപ്പ് അടിച്ചു ഞങ്ങൾ ചെറുതന പാലത്തിൽ [എത്തി]. രക്ഷാപ്രവർത്തകർ ഒരു ബോട്ട് കൊണ്ടുവന്നു. അതിൽ കയറി ഞങ്ങളെയും ബന്ധുക്കളെയും പായിപ്പാട് പാലത്തിന്റെ അടിയിൽ ഇറക്കി. ഞങ്ങൾ പിന്നെ ബോട്ടിൽ നിന്ന് ഇറങ്ങി. പിന്നെ കുറച്ചു നേരം കഴിഞ്ഞു ഞങ്ങളെ കൊണ്ടുപോകാൻ ഒരു KSRTC ബസ് വന്നു. അതിൽ ഞങ്ങൾ എല്ലാവരും കയറി... ഞങ്ങൾ എല്ലാവരും ക്യാമ്പിൽ വന്നപ്പോൾ ഇവിടെ ആരുമില്ലായിരുന്നു. ഞങ്ങൾ  ഇവിടുത്തെ ആദ്യത്തെ ക്യാമ്പ്കാര്. പിന്നെ ഞങ്ങൾ ഞങ്ങളുടെ കിടക്കാനുള്ള സ്ഥലം കണ്ടെത്തി. പിന്നെ കുറച്ചു നേരം കഴിഞ്ഞപ്പോൾ അപ്പവും ഇറച്ചിക്കറിയുമാണ് ഇവിടുത്തെ ആഹാരം. പിന്നെ രാത്രി ഞങ്ങൾ കിടക്കുമ്പോൾ ആർക്കും ഉറക്കം വന്നില്ല...’

ആകാശ് എം ., 14, ആലപ്പുഴ ഹരിപ്പാട് ബ്ലോക്കിലെ ചെറുതന-ആയപറമ്പ് ഗ്രാമത്തിൽ നിന്ന്

PHOTO • V. Sasikumar
PHOTO • V. Sasikumar

അതുൽ ബാബു (8 വയസ്സ്, ക്ലാസ് 3), നെടുമുടി (ഇടതു വശം), ഗൗരി മാധവ് (7 വയസ്സ്, ക്ലാസ് 2), പുളിങ്കുന്ന് (വലതു വശം) എന്നിവരുടെ ചിത്രങ്ങൾ.

'ഞങ്ങളുടെ വീട്ടിൽ വെള്ളം കയറിയിട്ട് ഏകദേശം ഒരു മാസത്തിൽ ഏറെയായി. ഞങ്ങളുടെ അടുത്തുള്ള ഒരു വീട്ടിലായിരുന്നു താമസം. ഈ മാസം 17ആം തിയതി ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലും വെള്ളം കയറി. ഒരു വിധം ഞങ്ങൾ ആ രാത്രിയും കൂടി തങ്ങി. പിറ്റേ ദിവസം രാവിലെ ഞങ്ങൾ നോക്കി നിൽക്കേ വെള്ളം പൊങ്ങി പൊങ്ങി വന്നു. ഞങ്ങളെല്ലാവരും പേടിച്ചു നിലവിളിക്കാൻ തുടങ്ങി. അപ്പോൾ ഞങ്ങളെ രക്ഷപ്പെടുത്താൻ വേണ്ടി പോലീസ് മാമൻമാർ ഒരു വലിയ വണ്ടിയെ വന്നു. ഒരു വിധം ഞങ്ങളെല്ലാവരും ഒരു വിധം ഞങ്ങളെ ആ വണ്ടിയിൽ കയറ്റി കളർഗോഡ്‌ എന്ന സ്ഥലത്തു വന്നു ഇറക്കി. എങ്ങോട്ടു പോകണമെന്ന് അറിയാതെ പകച്ചു നിന്ന ഞങ്ങളെ ഞങ്ങളുടെ അപ്പിയുടെ വീടായ കായംകുളത്തേക്കു പോകാമെന്നു പറഞ്ഞു. അങ്ങനെ ഞങ്ങളെല്ലാവരും വലിയ ഒരു വണ്ടി പിടിച്ചു ആ വീട്ടിൽ എത്തി. പിന്നീട് അവിടെയുള്ള നല്ലവരായ അമ്മമാർ ഇടപെട്ടു ഞങ്ങളെ മഹാദേവികാട് എന്ന ക്യാമ്പിൽ എത്തിച്ചു. അന്ന് മുതൽ ഇന്ന് വരെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.'

അശ്വതി ബൈജു , 9, ആലപ്പുഴയിലെ ചമ്പക്കുളം ബ്ലോക്കിലെ നെടുമുടിയിൽ നിന്ന്

PHOTO • V. Sasikumar
PHOTO • V. Sasikumar

ആലപ്പുഴ മഹാദേവികാട് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ. മുകളിൽ (ഇടതു നിന്ന്): അക്ഷയ് ആർ., ആകാശ് ആർ., അഭിനവ് പി., അഭിഷേക്, ആരോമൽ പ്രദീപ്, അധിരഥ്, അശ്വതി ബൈജു താഴെ (ഇടതു നിന്ന്): അതുൽ മോഹൻ, അഭിനവ് അനീഷ്, ആകാശ് ആർ., അഭിമന്യു, അനീഷ് എം., അഭിനവ് പി., ആവണി ബൈജു.

Last lines: 2018 ഓഗസ്റ്റ് 29നു മഹാദേവികാട് സ്കൂൾ തുറന്നു, ക്ലാസ്സുകൾ പുനരാരംഭിച്ചു. സ്കൂളിൽ താമസിച്ചിരുന്ന ചില കുട്ടികളും അവരുടെ കുടുംബങ്ങളും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി, ബാക്കിയുള്ളവർ മറ്റൊരു ക്യാമ്പിലേക്കും.

V. Sasikumar

V. Sasikumar is a 2015 PARI Fellow, and a Thiruvananthapuram-based filmmaker who focuses on rural, social and cultural issues.

Other stories by V. Sasikumar
Translator : Greeshma Justin John

Greeshma Justin John is a research student at the Centre for Regional Studies, University of Hyderabad.

Other stories by Greeshma Justin John